അമൃതപുരി: ആകാശം മുട്ടുന്ന കെട്ടിടങ്ങളുടെ തുഞ്ചത്ത് കൈയില്‍ തൂക്കിപ്പിടിച്ച പെയിന്റ് ബക്കറ്റും ബ്രഷുമായി അപകടകരമായി ചായമടിക്കുന്ന കാഴ്ചകള്‍ ഇനിയില്ല. അമൃത വിശ്വവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണന് ജയചന്ദ്രനും കൂട്ടുകാരും ചേര്‍ന്ന് വികസിപ്പിച്ച 'വാള്‍പിബോട്ട്' ഇത്തരം പെയിന്റിംഗ് ജോലികള്‍ ഏറ്റെടുക്കും. ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ജോലികളില്‍ ഒന്നായാണ് ഉയര്‍ന്ന കെട്ടിടങ്ങളിലെ പെയിന്റിംഗ് ജോലികള്‍ കണക്കാക്കപ്പെടുന്നത്. ലോകാരോഗ്യസംഘടന ഇക്കാര്യം എടുത്തു പറഞ്ഞിട്ടുമുണ്ട്.
അമൃതപുരിയില്‍ അവസാന വര്‍ഷ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് കൊല്ലത്തെ പത്തുനിലയുള്ള കെട്ടിടത്തിന്റെ മുകളിലിരുന്ന് യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ പുറംഭിത്തി പെയിന്റ് ചെയ്യുന്നയാളെ ഹരികൃഷ്ണന് കണ്ടത്. സുരക്ഷിതമല്ലാത്ത ഉയരങ്ങളിലെ പെയിന്റിംഗ് ഏറ്റെടുക്കാന്‍ റോബോട്ടുകള്‍ക്ക് കഴിയുമോ ആശയം മനസില്‍ ഉടക്കിയത് അങ്ങനെയാണ്. ഉടന്‍തന്നെ കൂട്ടുകാരുമായി ആലോചിച്ചു. അമൃതപുരിയിലെ സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വൈസ് ചെയര്‍പേഴ്സണായ ഡോ. എ. പുരുഷോത്തമന് എല്ലാ പ്രോത്സാഹനങ്ങളും നല്കി. ഉയര്‍ന്ന കെട്ടിടങ്ങളിലെ പെയിന്റിംഗ് ജോലി ചെയ്യുന്നവരുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ എന്തെന്ന് കണ്ടെത്തി ഭിത്തികള്‍ പെയിന്റ് ചെയ്യാവുന്ന ത്രീ ഡി ആനിമേറ്റഡ് മാതൃക രൂപപ്പെടുത്തി.
നൂതനമായ രൂപകല്‍പ്പനയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി നിര്‍മിത ബുദ്ധിയും റോബോട്ടിക് സാങ്കേതികവിദ്യകളുമാണ് ഉപയോഗപ്പെടുത്തിയത്. ഹരികൃഷ്ണനു പുറമെ അരവിന്ദ് സദാശിവ്, ആര്യ സുദര്ശന്, അലന് പീറ്റര്‍ എന്നിവരായിരുന്നു വാള്പിബോട്ടിനായി പരിശ്രമിച്ചത്. അല്‍ഗോരിതമിക് രീതിയില്‍ രൂപപ്പെടുത്തിയ പ്രോട്ടോടൈപ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത ഉപകരണമായിരുന്നു. ഉയര്‍ന്ന കെട്ടിടങ്ങളില്‍ മനുഷ്യര്‍ക്ക് കയറാന്‍ ആയാസകരമായ സ്ഥലങ്ങളില്‍ പോലും എത്തിപ്പെടാനും അപകടരഹിതമായി പെയിന്റ് ചെയ്യാനും ഇതിന് കഴിയും. വോള്പിബോട്ട് എന്ന പേരുകൊടുത്ത പ്രോട്ടോടൈപ് അമൃത സര്‍വകലാശാലയിലെ ദ ബിസിനസ് ഇന്‍കുബേറ്ററിലെ (ടിബിഐ) ഡോ. പുരുഷോത്തമിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് പരീക്ഷിച്ചത്.
ലോകത്തിലെ തന്നെ ഏറ്റവും പേരെടുത്ത ഡിസൈന്‍ അവാര്‍ഡിനായുള്ള മത്സരങ്ങളില്‍ ഒന്നായ ജയിംസ് ഡൈസനില് പങ്കെടുത്ത സംഘം ആക്സെഞ്ചര്‍ ഇന്നവേഷന്‍ ചലഞ്ചില്‍ സെമി ഫൈനല്‍ വരെ എത്തി. വാള്പിബോട്ടിന്റെ പേറ്റന്റിനായി അപേക്ഷിച്ചിരിക്കുകയാണ്.
ജിആര്‍ഇ അല്ലെങ്കില്‍ അമൃത ഇന്റര്‍നാഷണല്‍ പ്രോഗ്രാം വഴി വിദേശത്ത് എംഎസ് പഠനം നടത്തണമെന്നാണ് ഹരികൃഷ്ണന്റെ ആഗ്രഹം. വാള്‍പിബോട്ട് വിപണിയില്‍ ഇറക്കാനും സ്പേയ്സ് റോബോട്ടിക്സ് കമ്പനി തുടങ്ങാനും പരിപാടിയുണ്ട്. പ്രപഞ്ചത്തില്‍ പര്യവേക്ഷണം നടത്താന്‍ മനുഷ്യരെ സഹായിക്കുന്നതായിരിക്കും ഈ റോബോട്ടുകള്‍ എന്ന് ഹരികൃഷ്ണന് പറയുന്നു.
Content Highlights: wall painting robot developed by malayali students
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..