മുംബൈ: ഹൈപ്പര്‍ലൂപ്പ് എന്ന അതിവേഗ ഗതാഗത സംവിധാനം ഇന്ത്യയില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റിച്ചാഡ് ബ്രാന്‍സണ്‍ന്റെ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ മഹാരാഷ്ട്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു. മുംബൈ മുതല്‍ പുണെ വരെ ഹൈപ്പര്‍ലൂപ്പ് ഗതാഗതം ആരംഭിക്കുന്നതിനാണ് കമ്പനിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ധാരണയിലെത്തിയത്. 

ഇതുവഴി 25 മിനിറ്റുകൊണ്ട് മുംബൈയില്‍ നിന്നും പുണെയിലെത്താന്‍ സാധിക്കും. നിലവില്‍ മൂന്ന് മണിക്കൂറോളം വേണം ഈ നഗരങ്ങള്‍ക്കിടയില്‍ യാത്രചെയ്യാന്‍. മാഗ്നെറ്റിക് മഹാരാഷ്ട്ര ഇന്‍വെസ്റ്റര്‍ സമ്മിറ്റിലാണ് ധാരണാ പത്രം പ്രഖ്യാപിച്ചത്. 

ആഗോള ഗതാഗത രംഗത്ത് രാജ്യത്തെ മുന്‍പന്തിയിലെത്തിക്കുന്നതില്‍ വിര്‍ജിന്‍ ഹൈപ്പര്‍ ലൂപ്പിന്  ഇന്ത്യയെ സഹായിക്കാനാകും. ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ തമ്മിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറിലല്‍ താഴേയ്ക്ക് കുറക്കാന്‍ സാധിക്കുന്ന ദേശീയ ഹൈപ്പര്‍ ലൂപ് ശൃംഖലയുടെ ആദ്യ ഇടനാഴിയാണ് പുണെ- മുംബൈ പാതയെന്നും വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ചെയര്‍മാന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

പദ്ധതി എപ്പോള്‍ ആരംഭിക്കുമെന്നോ പദ്ധതി ചിലവ് എത്രയായിരിക്കുമെന്നോ ഉള്ള വിഷയങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ല. എന്നാല്‍ പരീക്ഷണയോട്ടങ്ങള്‍ക്ക് മൂന്ന് വര്‍ഷവും വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ ഘട്ട യാത്രകള്‍ക്ക് ആറ് വര്‍ഷമെങ്കിലും എടുക്കുമെന്നാണ് ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേ ദൂരത്തില്‍ അതിവേഗ റെയില്‍ വേ ലൈന്‍ സ്ഥാപിക്കുന്നതിനേക്കാള്‍ ചിലവ് കുറവാണ് ഹൈപ്പര്‍ ലൂപ്പ് പാതയ്‌ക്കെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഹൈപ്പര്‍ ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍സ ടെക്‌നോളജീസ് വിജയവാഡ- അമരാവതി ഹൈപ്പര്‍ലൂപ്പ് പാതയ്ക്കായി ആന്ധ്രാപ്രദേശ് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചിരുന്നു.