ഇന്ത്യയുടെ സ്പേസ് എക്സാകുമോ സ്‌കൈറൂട്ട്?


അഖില്‍ ശിവാനന്ദ്ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യ ഇന്ത്യന്‍ സ്വകാര്യ കമ്പനിയായി സ്‌കൈറൂട്ട്. ചരിത്ര നിമിഷം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനെ വിശേഷിപ്പിച്ചത്.

in depth

വിക്രം-എസ് റോക്കറ്റ്, രാജ്യത്തെ ആദ്യ സ്വകാര്യറോക്കറ്റായ വിക്രം-എസ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്​സ് സെന്ററിൽനിന്ന് പറന്നുയരുന്നു | Photo: PTI

'രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ച് ഞങ്ങള്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇത് നവഇന്ത്യയുടെ അടയാളപ്പെടുത്തലാണ്, മഹത്തായ ഭാവികാലത്തിന്റെ പ്രാരംഭവും', വിക്രം-എസ് റോക്കറ്റ് വിക്ഷേപണത്തിന് പിന്നാലെ സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് സഹസ്ഥാപകന്‍ പവന്‍കുമാര്‍ ചന്ദന കുറിച്ചു. ചരിത്രത്തിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗം. രാജ്യത്തെ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയൊരു കുതിപ്പിനു വഴിയൊരുക്കി ആദ്യ സ്വകാര്യ റോക്കറ്റ് കുതിച്ചുയര്‍ന്നിരിക്കുകയാണ്. പിന്നില്‍ ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ സ്‌കൈറൂട്ട് എയ്റോസ്പേസും. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ശ്രീഹരിക്കോട്ടയിലെ ലോഞ്ച്പാഡില്‍ നിന്നായിരുന്നു വിക്രം-എസിന്റെ കന്നിക്കുതിപ്പ്. ആറുമീറ്റര്‍ ഉയരമുള്ള ചെറു റോക്കറ്റ് വെള്ളിയാഴ്ച രാവിലെ 11.30-നാണ് കുതിച്ചുയര്‍ന്നത്. 89.5 കിലോമീറ്റര്‍ ഉയരത്തിലെത്തിയശേഷം വിക്രം-എസ് റോക്കറ്റ് എരിഞ്ഞ് ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു. ഉപഗ്രഹങ്ങളെല്ലാം ഉദ്ദേശിച്ചപോലെത്തന്നെ ബഹിരാകാശത്തേക്ക് കുതിച്ചു.

2020-ലാണ് രാജ്യത്തിന്റെ ബഹിരാകാശ മേഖല സ്വകാര്യ കമ്പനികള്‍ക്കായി തുറന്നിടാനുള്ള തീരുമാനം ഉണ്ടാകുന്നത്. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ബഹിരാകാശരംഗത്ത് വന്‍ മുന്നേറ്റം നടത്താനാണ് ഇന്ത്യയും ഉദ്ദേശിക്കുന്നത്. ഈ ദൗത്യത്തോടെ, ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യ ഇന്ത്യന്‍ സ്വകാര്യ കമ്പനിയായി സ്‌കൈറൂട്ട്. 'ചരിത്ര നിമിഷം' എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനെ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ സ്വകാര്യ ബഹിരാകാശ വ്യവസായത്തില്‍ ഇതൊരു നാഴികകല്ലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ റോക്കറ്റിന്റെ വിക്ഷേപണം രാജ്യത്തെ യുവാക്കള്‍ക്കു വലിയ സ്വപ്നങ്ങള്‍ കാണാനും സാക്ഷാത്കരിക്കാനുമുള്ള സാക്ഷാത്കരിക്കാനുമുള്ള പ്രേരണയാകുമെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് അഭിപ്രായപ്പെട്ടത്.സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്

താരതമ്യേന കുറഞ്ഞ ചെലവില്‍ സാറ്റലൈറ്റ് സേവനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ഹൈദരാബാദ് ആസ്ഥാനമാക്കി 2018-ലാണ് സ്‌കൈറൂട്ട് എയ്റോസ്പേസ് കമ്പനി സ്ഥാപിച്ചത്. തിരുവനന്തപുരം വിക്രം സാരാഭായി സ്പെയ്സ് സെന്ററിലെ മുന്‍ എന്‍ജിനീയര്‍മാരായിരുന്ന പവന്‍ ചന്ദനയും ഭരത് ഡാക്കയും ചേര്‍ന്നാണ് ബഹിരാകാശ മേഖയില്‍ ഒരു സ്വകാര്യ സ്റ്റാര്‍ട്ട് അപ്പ് കമ്പനി രൂപീകരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 2018 ജൂണ്‍ 12-നാണ് സ്‌കൈറൂട്ട് ജന്മമെടുക്കുന്നത്. രാജ്യത്ത് ആദ്യമായി സ്വകാര്യമേഖലയില്‍ വിക്ഷേപണ വാഹനങ്ങള്‍ വികസിപ്പിക്കുകയും പരീക്ഷിച്ചു വിജയിക്കുകയും ചെയ്ത കമ്പനിയാണ് സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്. 3 ഡി-പ്രിന്റഡ് ക്രയോജനിക്, ഹൈഡ്രോളിക്-ലിക്വിഡ്, ഖര-ഇന്ധന കേന്ദ്രീകൃതമായ റോക്കറ്റ് എന്‍ജിനുകള്‍ കമ്പനി വികസിപ്പിക്കുകയും പരീക്ഷിച്ചു വിജയിക്കുകയും ചെയ്തിട്ടുണ്ട്.

Photo: Twitter.com/SkyrootA

ബഹിരാകാശ മേഖലയിലേക്ക് കടക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുമായി ധാരണാപത്രം ഒപ്പുവച്ച ആദ്യ സ്റ്റാര്‍ട്ടപ്പ് കമ്പനിയും സ്‌കൈറൂട്ടാണ്. 2021 സെപ്റ്റംബറിലാണ് കമ്പനി ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പുവെച്ചത്. ഈ വര്‍ഷം സെപ്റ്റംബറില്‍ 4.5 കോടി ഡോളറിന്റെ നിക്ഷേപം ആകര്‍ഷിക്കാനും കമ്പനിക്കു സാധിച്ചു. കഴിഞ്ഞവര്‍ഷം ജൂലായില്‍ 1.1 കോടി ഡോളറിന്റെ നിക്ഷേപവും കമ്പനിക്ക് ആകര്‍ഷിക്കാനായി. 2020-ല്‍ നാഷണല്‍ സ്റ്റാര്‍ട്ട് അപ്പ് പുരസ്‌കാരം നേടിയ കമ്പനി ഈ വര്‍ഷം ശാസ്ത്ര സാങ്കേതികവിദ്യാ വികസനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

'പ്രാരംഭ്' ദൗത്യം

സ്‌കൈറൂട്ട് എയ്‌റോസ്‌പേസിന്റെ ആദ്യത്തെ ബഹിരാകാശ ദൗത്യമാണ് 'പ്രാരംഭ്'. സ്‌കൈറൂട്ട് എയ്‌റോസ്‌പേസാണു റോക്കറ്റ് വികസിപ്പിച്ചതെങ്കിലും വിക്ഷേപണം നിര്‍വഹിക്കുന്നത് ഐ.എസ്.ആര്‍.ഒ തന്നെയാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്രം-എസ് വിക്ഷേപിച്ചത്. വിക്ഷേപണത്തിനുള്ള സാങ്കേതികാനുമതി രാജ്യത്തെ നോഡല്‍ ഏജന്‍സിയായ ഇന്‍സ്പേസ് (ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍) നേരത്തെ തന്നെ നല്‍കിയിരുന്നു. ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയോടടുത്ത ഭ്രമണപഥത്തില്‍ എത്തിക്കുന്നതിന് വിക്രം ശ്രേണിയിലുള്ള മൂന്ന് റോക്കറ്റുകളാണ് സ്‌കൈറൂട്ട് വികസിപ്പിക്കുന്നത്.

വിക്രം-1, വിക്രം-2, വിക്രം-3 എന്നീ മൂന്ന് റോക്കറ്റുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 480 കിലോ പേലോഡ്, 500 കിലോ മീറ്റര്‍ വരുന്ന താഴ്ന്ന ചരിഞ്ഞ ഭ്രമണപഥത്തിലും (Inclination Orbit) 290 കിലോ പേലോഡ് 500 കിലോ മീറ്റര്‍ വരുന്ന സൗരസ്ഥിര ഭ്രമണപഥത്തിലും എത്തിക്കാന്‍ ലക്ഷ്യമിടുന്നതാണു വിക്രം-1. 595 കിലോ പേലോഡ് 500 കിലോ മീറ്റര്‍ വരുന്ന താഴ്ന്ന ചരിഞ്ഞ ഭ്രമണപഥത്തിലും 400 കിലോ പേലോഡ് 500 കിലോ മീറ്റര്‍ വരുന്ന സൗരസ്ഥിര ഭ്രമണപഥത്തിലും എത്തിക്കുന്നതാണു വിക്രം-2. 895 കിലോ പേലോഡ് 500 കിലോ മീറ്റര്‍ വരുന്ന താഴ്ന്ന ചരിഞ്ഞ ഭ്രമണപഥത്തിലെത്തിലും 500 കിലോ 500 കിലോ മീറ്റര്‍ വരുന്ന സൗരസ്ഥിര ഭ്രമണപഥത്തിലും എത്തിക്കാന്‍ ഉദ്ദേശിച്ചുള്ളതാണു വിക്രം-3. വെള്ളിയാഴ്ച വിക്ഷേപിച്ച വിക്രം-എസ് വിക്രം ഒന്നിന്റെ പ്രാരംഭരൂപമാണ്.

Photo: Twitter.com/SkyrootA

വിക്രം-എസ് റോക്കറ്റ്

ഒറ്റഘട്ട സബ്-ഓര്‍ബിറ്റല്‍ വിക്ഷേപണ വാഹനമാണു വിക്രം-എസ്. രണ്ട് വര്‍ഷം കൊണ്ടാണ് സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് വിക്രം-എസ് വികസിപ്പിച്ചത്. ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളുടെ സ്ഥാപകനും ശാസ്ത്രജ്ഞനുമായ വിക്രം സാരാഭായിയോടുള്ള ആദരവായാണ് സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ ആദ്യ ലോഞ്ച് വാഹനത്തിന് വിക്രം എന്ന പേരിട്ടത്. ചെലവ് കുറഞ്ഞ ബഹിരാകാശ ദൗത്യമാണ് വിക്രം-എസ് വഴി സ്‌കൈറൂട്ട് എയ്റോസ്പേസ് വാഗ്ദാനം ചെയ്യുന്നത്.

'പ്രാരംഭ്' എന്ന കന്നി ദൗത്യത്തില്‍ മൂന്ന് പേലോഡുകളാണ് വിക്രം-എസ് റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചത്. ഇതില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു വേണ്ടിയും ഒരെണ്ണം വിദേശ കമ്പനിക്ക് വേണ്ടിയുമാണ്. ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് സ്പേസ് കിഡ്സ്, ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള എന്‍-സ്പേസ്ടെക്, അര്‍മേനിയന്‍ ബസൂംക്യു സ്പേസ് റിസര്‍ച്ച് ലാബ് എന്നിവയുടെ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചത്. ഇതില്‍ പ്രധാനം 2.5 കിലോ ഭാരമുള്ള സ്പേസ്‌കിഡ്സിന്റെ 'ഫണ്‍സാറ്റ്' പേടകം ആണ്. ഇന്ത്യ, അമേരിക്ക, സിംഗപ്പൂര്‍, ഇൻഡൊനീഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഫണ്‍സാറ്റ് വികസിപ്പിച്ചത്. ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എയ്റോസ്പേസ് സ്റ്റാര്‍ട്ടപ്പാണ് സ്പേസ്‌കിഡ്സ്.

  • ഭാരം: 545 കിലോഗ്രാം
  • നീളം : ആറ് മീറ്റര്‍
  • വ്യാസം : 0.375 മീറ്റര്‍
  • പേലോഡ് ശേഷി : 83 കിലോ ഗ്രാം
ഇന്ത്യയുടെ സ്പേസ്എക്സ്

ബഹിരാകാശരംഗം സ്വകാര്യമേഖലയ്ക്കു കൂടി തുറന്നുനല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമാണ് ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണ ദൗത്യമായ 'പ്രാരംഭി'നു വഴിയൊരുക്കിയത്. 2020 ജൂണിലാണ് ബഹിരാകാശ രംഗത്തേക്ക് സ്വകാര്യ പങ്കാളിത്തം അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയത്. ബഹിരാകാശ ഗവേഷണ വികസന രംഗത്ത് സ്വകാര്യ കമ്പനികള്‍ക്ക് കൂടി പങ്കെടുക്കാനാവുമെന്നും ഐഎസ്ആര്‍ഒയുടെ സഹായവും ശേഷിയും അതിനായി പ്രയോജനപ്പെടുത്താനാവുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. പിന്നാലെ ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ വളര്‍ന്നുവരുന്ന അവസരങ്ങള്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുവേണ്ടി നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്ററിന് (ഇന്‍-സ്പേസ്) സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. സ്‌കൈറൂട്ട് എയ്റോസ്പേസിന് പുറമേ അഗ്‌നികുല്‍ കോസ്മോസ്, ബെല്ലട്രിക്സ് എയറോസ്പേസ്, ധ്രുവ സ്പേസ്, പിക്സെല്‍ തുടങ്ങി വിവിധ സ്വകാര്യ കമ്പനികള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെലവ് കുറഞ്ഞ ഉപഗ്രഹ വിക്ഷേപണ സേവനത്തിനൊപ്പം ബഹിരാകാശ യാത്രകളുമാണ് സ്‌കൈറൂട്ട് എയ്റോസ്പേസ് ലക്ഷ്യമിടുന്നത്.

ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ബഹിരാകാശ സ്വകാര്യ കമ്പനിയായ സ്പേസ്എക്സ് ഇതിനകം തന്നെ ബഹിരാകാശ ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ചിട്ടുണ്ട്. അമേരിക്കയില്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസിനും ബഹിരാകാശ കമ്പനിയുണ്ട്. ലോകമെമ്പാടും നിരവധി കമ്പനികള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ രംഗത്തേക്കാണ് സ്‌കൈറൂട്ട് കാലെടുത്ത് വെയ്ക്കുന്നത്. കുറഞ്ഞ ചിലവില്‍ ബഹിരാകാശ സേവനമാണ് ഇന്ത്യന്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. അമേരിക്കയിലോ യൂറോപ്പിലോ ഉള്ള കമ്പനികള്‍ നല്‍കുന്ന സേവനം ചുരുങ്ങിയ ചെലവില്‍ നല്‍കാനാകുമെന്നാണ് സ്‌കൈറൂട്ട് അവകാശപ്പെടുന്നത്.

വിക്രം-എസ് റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണത്തിനുശേഷം ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ്, സ്‌കൈറൂട്ട് സി.ഇ.ഒ. പവൻകുമാർ ചന്ദന, കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ്, സ്‌കൈ റൂട്ട് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നാഗ ഭാരത് ഡാക്ക, ഇൻസ്‌പെയ്‌സ് ചെയർമാൻ പവൻ കുമാർ ഗോയങ്ക എന്നിവർ റോക്കറ്റിന്റെ മാതൃകയുമായി | ഫോട്ടോ: വി. രമേഷ്

ഇലോണ്‍ മസ്‌കും സ്‌പേസ് എക്‌സും

ബഹിരാകാശ സഞ്ചാരമേഖലയില്‍ പുതുചരിത്രമെഴുതിയവരാണ് ഇലോണ്‍ മസ്‌കും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് എന്ന സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനവും. ബഹിരാകാശത്ത് യാത്രികരെയെത്തിക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനിയാണ് സ്‌പേസ് എക്‌സ്. 2020-ല്‍ നാസയുടെ രണ്ട് യാത്രികരെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിജയകരമായി എത്തിച്ച സ്‌പേസ് എക്‌സ് 2021 സെപ്റ്റംബറില്‍ ബഹിരാകാശ വിദഗ്ദ്ധരല്ലാത്ത, നാല് സഞ്ചാരികളെ ബഹിരാകാശത്തെത്തിച്ചു. അമേരിക്കന്‍ സാമ്പത്തിക സേവന സ്ഥാപനമായ ഷിഫ്റ്റ് 4 പേയ്മെന്റ്സ് ഇങ്കിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ജേര്‍ഡ് ഐസക്മാന്‍, സിയാന്‍ പ്രോക്ടര്‍, ഹെയ്‌ലി ആര്‍സീനക്സ്, ക്രിസ് സെംബ്രോസ്‌കി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

2002-ലാണ് സ്പേസ് എക്‌സ് എന്ന് ലോകം അദ്ഭുതത്തോടെ വിളിക്കുന്ന സ്പേസ് എക്സ്‌പ്ലൊറേഷന്‍ ടെക്നോളജി സ്ഥാപിതമായത്. 2008-ല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള കാര്‍ഗോ ഗതാഗതത്തിന് നാസ സ്‌പേസ് എക്സുമായി കരാര്‍ ഒപ്പിട്ടു. 2010-ല്‍ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ആദ്യത്തെ സ്‌പേസ്‌ക്രാഫ്റ്റ് വിക്ഷേപിച്ചു. 2012-ല്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് സ്പേസ്‌ക്രാഫ്റ്റ് വിക്ഷേപിക്കുന്ന ലോകത്ത് ആദ്യമായി ഒരു സ്വകാര്യ കമ്പനിയായി. 2013-ലും 2015-ലും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചു. പുനരുപയോഗ സാധ്യതയുള്ള റോക്കറ്റുകള്‍ ബഹിരാകാശയാത്രകളുടെ ഭീമമായ ചെലവുകള്‍ക്ക് ബദല്‍ ആശയമെന്ന നിലയ്ക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു.

വലിയ പ്രതീക്ഷകള്‍

ശതകോടീശ്വരന്മാര്‍ അടക്കിവാഴുന്ന സ്വകാര്യ ബഹിരാകാശ ഗവേഷണ രംഗത്തേക്കാണ് സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് കടന്നുവന്നിരിക്കുന്നത്. ഈ രംഗത്ത് രാജ്യത്ത് നിരവധി സ്റ്റാര്‍ട്ട് അപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഐ.എസ്.ആര്‍.ഒ.യുമായി ആദ്യം കരാര്‍ ഒപ്പിട്ടതും ആദ്യം റോക്കറ്റ് പരീക്ഷിച്ചതും സ്‌കൈറൂട്ട് ആണ്. എന്നാല്‍, അന്താരാഷ്ട്ര വിപണിയിലെ വമ്പന്മാരുമായുള്ള മത്സരത്തില്‍ എങ്ങനെ പിടിച്ചുനില്‍ക്കുമെന്ന ചോദ്യത്തിന് കുറഞ്ഞ ചിലവില്‍ റോക്കറ്റുണ്ടാക്കി വിക്ഷേപിക്കാനാവും എന്നതാണ് പവന്‍കുമാര്‍ ചന്ദനയുടേയും ഭാരത് ഡാക്കയുടേയും ഉത്തരം. സ്‌കൈ റൂട്ടിനുപുറമേ അഗ്‌നികുല്‍, ദിഗന്ധര, ധ്രുവ, ബെലാട്രിക്സ്, പിക്സല്‍ തുടങ്ങി പത്തോളം സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയില്‍ ബഹിരാകാശ ഗവേഷണ രംഗത്ത് മുന്നേറിക്കഴിഞ്ഞു. ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ച് സ്‌കൈറൂട്ട് എയ്റോസ്പേസ് ഒരു കാല്‍വെപ്പ് നടത്തിയതോടെ വിവിധ സ്വകാര്യ കമ്പനികളും ഈ പാതയിലേക്ക് എത്തിയേക്കാം. അപാര സാധ്യതയുള്ള ഈ മേഖലയില്‍ ഇത് വലിയ അവസരങ്ങളാകും ഉണ്ടാക്കുക.

Content Highlights: Vikram-S, India's first private rocket, lifts off successfully

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented