ണ്‍ലൈന്‍ പേമെന്റ് സംവിധാനം, വ്യാപാരം, എന്നിവയിലേക്ക് പ്രവേശിച്ച് രാജ്യത്തെ ഡിജിറ്റല്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് വഴി വികസിപ്പിക്കുകയാണ് വിവിധ ആപ്പുകള്‍.

ഇന്‍സ്റ്റഗ്രാം ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് വന്‍തോതില്‍ ചുവടുെവയ്ക്കാന്‍ പ്രമുഖ സമൂഹ മാധ്യമ കമ്പനിയായ 'ഇന്‍സ്റ്റഗ്രാം' ഒരുങ്ങുന്നു. ഇന്ത്യയിലും അമേരിക്കയിലും ഉള്‍പ്പെടെ ലോകത്താകെ 100 കോടി ആളുകള്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ട്.

ഈ അടിത്തറ ഉപയോഗിച്ച് ഇ-കൊമേഴ്സ് കെട്ടിപ്പടുക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് കമ്പനി. പുതിയ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ആദം മോസേരി ഈ രംഗത്തേക്ക് പ്രവേശിക്കുന്നതില്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഒട്ടേറെ ആളുകള്‍ പുതിയ ലൈഫ് സ്‌റ്റൈല്‍ ഉത്പന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

ട്രൂകോളറിലൂടെ ഇനി ലോണും

ക്രെഡിറ്റ് സ്‌കോര്‍ ഇല്ലാത്തവര്‍ക്കു പോലും വായ്പ ലഭ്യമാക്കും

ട്രൂകോളറിന് ഇന്ത്യയില്‍ 10 കോടിയിലേറെ ഉപയോക്താക്കള്‍

കൊച്ചി: സ്വീഡിഷ് സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ ട്രൂകോളര്‍, ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ചെറുകിട വായ്പകള്‍ ലഭ്യമാക്കാനൊരുങ്ങുന്നു. വ്യക്തിഗത വായ്പകള്‍ കിട്ടാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് 30,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള ലോണുകളാണ് ലഭ്യമാക്കുക.

പരിചയമില്ലാത്ത ഫോണ്‍ നമ്പരുകള്‍ ആരുടേതാണെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പാണ് 'ട്രൂകോളര്‍'. സന്ദേശങ്ങള്‍ കൈമാറാനുള്ള സൗകര്യവും ഈ ആപ്പില്‍ ലഭ്യമാണ്. മലയാളിയായ സോണി ജോയ് മേധാവിയായ 'ചില്ലര്‍' എന്ന സ്റ്റാര്‍ട്ട് അപ്പിനെ ഏറ്റെടുത്തതോടെയാണ് ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് ട്രൂകോളര്‍ സാന്നിധ്യം ശക്തമാക്കിയത്. ഒരു വര്‍ഷം മുമ്പായിരുന്നു ഏറ്റെടുക്കല്‍.

ഇതിനു പിന്നാലെയാണ് ഇടപാടുകാര്‍ക്ക് ചെറുവായ്പകള്‍ ലഭ്യമാക്കുന്ന സൗകര്യം ഒരുക്കാനുള്ള പദ്ധതി നടപ്പാക്കിയത്. പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനവുമായി ചേര്‍ന്നാണ് വായ്പ ഒരുക്കുക. തിരഞ്ഞെടുക്കപ്പെട്ട ഇടപാടുകാര്‍ക്ക് പരീക്ഷണാര്‍ത്ഥം വായ്പാ സൗകര്യം ലഭ്യമാക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും അവരില്‍നിന്നുള്ള പ്രതികരണം അറിഞ്ഞ ശേഷം പൂര്‍ണതോതില്‍ നടപ്പാക്കാനാണ് പദ്ധതിയെന്നും ട്രൂകോളറിന്റെ വൈസ് പ്രസിഡന്റും പേയ്മെന്റ്സ് വിഭാഗം മേധാവിയുമായ സോണി ജോയ് 'മാതൃഭൂമി'യോട് പറഞ്ഞു. ശമ്പള സ്ലിപ്പോ ബാങ്ക് സ്റ്റേറ്റ്മെന്റോ ഇല്ലാതെതന്നെ എളുപ്പത്തില്‍ വായ്പ ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രൂകോളറിന് ഇന്ത്യയില്‍ 10 കോടിയിലേറെ ഉപയോക്താക്കളാണ് ഉള്ളത്.

വാട്സ് ആപ്പ് പേയ്മെന്റ്സ് സേവനം ഉടന്‍ - ഡാറ്റ ഇന്ത്യയില്‍ സൂക്ഷിക്കും

കൊച്ചി: ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്പായ വാട്സ് ആപ്പ് യു.പി.ഐ. അധിഷ്ഠിത പേയ്മെന്റ്സ് സേവനം ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കും. പേയ്മെന്റ്സ് വിവരങ്ങള്‍ ഇന്ത്യയിലെ സര്‍വറുകളില്‍ സൂക്ഷിക്കാന്‍ വാട്സ് ആപ്പ് തയ്യാറായതോടെയാണിത്.

വാട്സ് ആപ്പ് പേയ്മെന്റ്സ് സേവനം അവതരിപ്പിക്കാന്‍ ഒരു വര്‍ഷത്തിലേറെയായി ഒരുങ്ങിയതാണെങ്കിലും റിസര്‍വ് ബാങ്കില്‍നിന്നുള്ള അനുമതി കിട്ടാത്തതിനാല്‍ നീണ്ടുപോകുകയായിരുന്നു. എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ. ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാവും വാട്സ് ആപ്പ് പേയ്മെന്റ്സ് സേവനം അവതരിപ്പിക്കുക. പേടിഎം, ഗൂഗിള്‍ പേ എന്നിവയുടെ മാതൃകയിലായിരിക്കും പ്രവര്‍ത്തനം.

Content Highlights: various apps empowering indian economy