ലോകകപ്പ് ചരിത്രത്തിലൊന്നും ഇതുവരെ കണ്ടിട്ടില്ലാത്ത വിധം അതിനൂതനമായ ഒരു സാങ്കേതിക വിദ്യ 2018 ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അവതരിപ്പിക്കുകയുണ്ടായി. വീഡിയോ അസിസ്റ്റന്റ് റഫറീ അഥവാ വാര്‍ (VAR) എന്ന് അറിയപ്പെടുന്ന ഈ സാങ്കേതിക സംവിധാനം ഇതിനോടകം സ്വീകാര്യത നേടിക്കഴിഞ്ഞു. 

പെനാല്‍റ്റി, ഓഫ്‌സൈഡ് ഉള്‍പ്പടെ കളിക്കളത്തില്‍ നടക്കുന്ന പുനര്‍വിശകലനം ആവശ്യമായുള്ള വിഷയങ്ങളിലെല്ലാം സൂക്ഷ്മപരിശോധനകള്‍ക്ക് ഉപയോഗപ്രദമാണ് ഈ സാങ്കേതിക വിദ്യ. നിര്‍ണായക തീരുമാനങ്ങളില്‍ സഹായകമായതുകൊണ്ടുതന്നെ കഴിഞ്ഞ മത്സരങ്ങളില്‍ പലതിലും വിധി നിര്‍ണയിച്ചത് വാര്‍ ആണ്.  

ഫുട്‌ബോളിനെ കൂടാതെ പ്രധാനപ്പെട്ട സ്‌പോര്‍ട്‌സ് ഇനങ്ങളെല്ലാം കളിയുടെ നിയന്ത്രണ ചുമതലയുള്ളയാള്‍ക്ക് കൃത്യമായ തീരുമാനമെടുക്കുന്നതിനായി ഇന്‍സ്റ്റന്റ് റീപ്ലേ സംവിധാനം വര്‍ഷങ്ങളായി പ്രയോഗത്തിലുണ്ട്. ഇതിന്റെ ഒരു പരിഷ്‌കൃത രൂപമാണ് വാര്‍ സംവിധാനം എന്ന് പറയാം. 

വാര്‍ സംവിധാനം വളരെ കൃത്യമാണെന്നാണ് ഫിഫ അഭിപ്രായപ്പെടുന്നത്. കളിക്കളത്തില്‍ ഒരു സംഭവമുണ്ടാകുമ്പോള്‍ റഫറി അക്കാര്യം വാറിനെ അറിയിക്കുന്നു. സ്റ്റേഡിയത്തിന്റെ ചുറ്റിലും സ്ഥാപിച്ചിട്ടുള്ള വിവിധ ക്യാമറകള്‍ ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങളില്‍ വാര്‍ ആ സംഭവം വീണ്ടും പരിശോധിക്കുന്നു. 

Var Camera

വാറിന് വേണ്ടി 33 ബ്രോഡ്കാസ്റ്റ് ക്യാമറകളാണ് മൈതാനത്തിന് ചുറ്റും സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ എട്ടെണ്ണം സൂപ്പര്‍ സ്ലോമോഷന്‍ ക്യാമറകളും നാലെണ്ണം അള്‍ട്രാ സ്ലോമോഷന്‍ ക്യാമറകളുമാണ്. അള്‍ട്രാ എച്ച്ഡി ക്യാമറകളും ഓഫ്‌സൈഡുകള്‍ കാണുന്നതിനായുള്ള വാര്‍ ഓഫ്‌സൈഡ് ക്യാമറകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. 

ക്യാമറകള്‍ ഉപയോഗിച്ച് പകര്‍ത്തുന്ന ദൃശ്യങ്ങളുടെ  പരിശോധനയ്ക്കായി നാല് റഫറിമാര്‍ ഒരു വീഡിയോ ഓപ്പറേഷന്‍ റൂമിലുണ്ടാവും. ഓഫ്‌സൈഡ് സംബന്ധിച്ച സംശയ ദൂരീകരണത്തിനാണ് വാറിനെ ആശ്രയിച്ചതെങ്കില്‍ അതിന് ആവശ്യമായ ദൃശ്യങ്ങള്‍ വാര്‍ നല്‍കും. ഓണ്‍ ഫീല്‍ഡ് റഫറിയ്ക്ക് വാര്‍ സംഘാംഗങ്ങളുമായി റേഡിയോ മൈക്രോഫോണ്‍ മുഖേന നേരിട്ട് സംവദിക്കുകയും ചെയ്യാം. 

വാര്‍ ഉപയോഗിച്ചുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഓണ്‍ ഫീല്‍ഡ് റഫറി തീരുമാനമെടുക്കുക. കളിയുടേയും കളിക്കാരുടെയും ഭാവി നിര്‍ണയിക്കുന്ന തീരുമാനങ്ങളായതിനാല്‍ പെനാല്‍റ്റി തീരുമാനം, റെഡ്കാര്‍ഡ്, ഗോള്‍ പോലുള്ള തീരുമാനങ്ങളെടുക്കാന്‍ അടിയന്തിര ഘട്ടങ്ങളില്‍ റഫറിയ്ക്ക് വാറിനെ ആശ്രയിക്കാം. 

എന്തായാലും കളിക്കളത്തിലെ 'കളികളെ' സസൂക്ഷ്മം വീക്ഷിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് റഷ്യയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ സ്വഭാവം തന്നെ മാറ്റിമറിയ്ക്കാന്‍ ഒരു പക്ഷെ ഈ സംവിധാനത്തിന് സാധിച്ചേക്കും.