ത്തരകൊറിയന്‍ മേധാവി കിങ് ജോങ് ഉന്നുമായി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് സമാധാന ചര്‍ച്ചകള്‍ നടത്തിയെങ്കിലും അമേരിക്കയുടെ സൈബര്‍ സുരക്ഷാ ഏജന്‍സികളുടെ കണ്ണുകള്‍ ഉത്തരകൊറിയയ്ക്ക് മേലായിരുന്നു. ഹിഡന്‍ കോബ്ര എന്ന പേരില്‍ ഉത്തരകൊറിയന്‍ സൈബര്‍ ഏജന്‍സികള്‍ നടത്തിക്കൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണങ്ങളെ പിന്തുടരുകയാണവര്‍. 

ഇപ്പോഴിതാ ഉത്തരകൊറിയയില്‍ നിന്നുള്ള ഒരു പുതിയ മാല്‍വെയറിനെ അമേരിക്ക തിരിച്ചറിഞ്ഞുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ടൈപ്പ് ഫ്രെയിം എന്നറിയപ്പെടുന്ന മാല്‍വെയര്‍ പതിപ്പാണ് അമേരിക്കയുടെ ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തിയത്.

നെറ്റ് വര്‍ക്ക് സുരക്ഷാ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതിന് വേണ്ടിയാണ് ഈ മാല്‍വെയറിനെ കുറിച്ചുള്ള വിവരം പുറത്തുവിടുന്നത്. 

കഴിഞ്ഞ വര്‍ഷം മുതല്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഉത്തരകൊറിയയുടെ ഇടപെടലുണ്ടെന്ന് മുമ്പും അമേരിക്ക ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി മുന്നറിയിപ്പുകളും റിപ്പോര്‍ട്ടുകളും അമേരിക്ക പുറത്തുവിട്ടിട്ടുണ്ട്.

2009 മുതല്‍ ആഗോളതലത്തില്‍ തന്നെ ഉത്തരകൊറിയ ഹാക്കിങ് പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ടെന്ന് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ചൂണ്ടിക്കാട്ടുന്നു. അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ഇന്ത്യ പോലുള്ള രാജ്യങ്ങളെയെല്ലാം ആശങ്കയിലാഴ്ത്തിയ വാന്നക്രൈ മാല്‍വെയര്‍ ആക്രമണത്തിന് പിന്നിലും ഉത്തരകൊറിയയാണെന്ന് അമേരിക്ക പറയുന്നു.