'പക്ഷിയെ മോചിപ്പിച്ചു'! ട്വിറ്റര്‍ ഇലോൺ മസ്‌കിന്റെ കൈകളിലെത്തുമ്പോള്‍


ടെക്നോളജി ഡെസ്ക്

Photo: Gettyimages

ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തി, ഇലോണ്‍ മസ്‌ക് ഒടുവില്‍ മുന്‍നിര സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തിരിക്കുന്നു. 'പക്ഷിയെ മോചിപ്പിച്ചു' ! എന്നാണ് കമ്പനി ഏറ്റെടുത്തതിന് പിന്നാലെ അദ്ദേഹം ട്വീറ്റ് ചെയ്തത്.

സംഭവബഹുലമായിരുന്നു ഈ ട്വിറ്റര്‍ ഇടപാട്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ട്വിറ്ററിന് വിലയിട്ട് മസ്‌ക് രംഗത്തെത്തിയത്. 4,400 കോടി ഡോളറിന്റെ ഇടപാട്. ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നും തുടക്കത്തില്‍ വലിയ എതിര്‍പ്പാണ് ഈ വാഗ്ദാനത്തിനെതിരെ ഉണ്ടായത്. എന്നാല്‍ ഒരു ഓഹരിക്ക് മികച്ച തുക വാഗ്ദാനം ചെയ്തുകൊണ്ടുള്ള മസ്‌കിന്റെ ഓഫര്‍ അംഗീകരിക്കാന്‍ ഓഹരി ഉടമകളില്‍നിന്നു വലിയ സമ്മര്‍ദ്ദം ട്വിറ്റര്‍ ഡയറക്ടര്‍ ബോര്‍ഡിന് നേരിടേണ്ടി വന്നു. ഇതോടെയാണ് ഇത്രയും ഭീമമായ തുകയ്ക്കുള്ള ഇടപാടിന് വഴിയൊരുങ്ങിയത്. ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള കരാര്‍ ഇരു കമ്പനികളും ഒപ്പുവെച്ചു.ട്വിറ്ററില്‍ സമ്പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്നും വ്യക്തികളുടെ അഭിപ്രായപ്രകടനങ്ങളില്‍ ട്വിറ്ററിന് ഇടപെടാന്‍ അധികാരമില്ലെന്നുമുള്ള നിലപാട് അദ്ദേഹം പരസ്യമായി വിളിച്ചുപറഞ്ഞു. യു.എസ്. കാപ്പിറ്റോള്‍ ആക്രമണത്തിന് പിന്നാലെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ടിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതുള്‍പ്പടെ ട്വിറ്ററിന്റെ കണ്ടന്റ് മോഡറേഷന്‍ നയത്തെ മസ്‌ക് നിശിതമായി വിമര്‍ശിച്ചു.

വ്യാജ വാര്‍ത്താ പ്രചാരണം തടയുന്നതിന് ട്വിറ്ററിലെ ബോട്ട് അക്കൗണ്ടുകള്‍ ഇല്ലാതാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബോട്ട് അക്കൗണ്ടുകളും സ്പാം അക്കൗണ്ടുകളും നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ച വേളയിലാണ് ട്വിറ്ററിലെ ആകെ അക്കൗണ്ടുകളില്‍ എത്രയെണ്ണം ഇത്തരം സ്പാം അക്കൗണ്ടുകള്‍ ആണെന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ മസ്‌ക് കമ്പനിയോട് ആവശ്യപ്പെട്ടത്. ആകെ അക്കൗണ്ടുകളില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് സ്പാം അക്കൗണ്ടുകളെന്ന ട്വിറ്ററിന്റെ പ്രഖ്യാപനം ചെവിക്കൊള്ളാതെ, കൃത്യമായ എണ്ണം എത്രയാണെന്ന് ആവശ്യപ്പെട്ട് മസ്‌ക് നിലപാട് കടുപ്പിച്ചു. ഈ ആവശ്യത്തോട് ട്വിറ്റര്‍ താല്‍പര്യം കാണിക്കാതെ വന്നതോടെ ഇടപാടില്‍ നിന്ന് പിന്‍മാറുകയാണെന്നറിയിച്ച് മസ്‌ക് രംഗത്തെത്തുകയായിരുന്നു.

എന്നാല്‍ മസ്‌ക് ഏറ്റെടുക്കൽ പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് ട്വിറ്റര്‍ കോടതിയെ സമീപിക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കിടെയാണ് വീണ്ടും ഏറ്റെടുക്കലിന് സമ്മതമറിയിച്ച് അദ്ദേഹം വീണ്ടും രംഗത്തെത്തിയത്. ഒടുവില്‍ കോടതി നല്‍കിയ അവസാന തീയ്യതിയില്‍ തന്നെ മസ്‌ക് ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തു.

അധികാരികളെ പുറത്താക്കി തുടക്കം

ട്വിറ്റര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം മുതല്‍ മസ്‌കിനെ എതിര്‍ത്ത വ്യക്തികളില്‍ ഒരാളാണ് പരാഗ് അഗ്രവാള്‍. തന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ നേതൃത്വം തന്റെ പരമാധികാരത്തിൻ കീഴിലാക്കാറുള്ള മസ്‌ക് ട്വിറ്ററിലും അതേ രീതി തന്നെയാണ് തുടരുകയെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചതാണ്. പരാഗ് അഗ്രവാളിന്റെ സ്ഥാനം തെറിക്കുമെന്നും കരുതിയിരുന്നതാണ്. മസ്‌കിനെ എതിര്‍ത്തിരുന്ന ട്വിറ്ററിന്റെ തലപ്പത്തിരുന്ന പല ഉദ്യോഗസ്ഥരും നേരത്ത തന്നെ സ്ഥാനമൊഴിഞ്ഞു പോവുകയും ചെയ്തിരുന്നു.

സി.ഇ.ഒ. പരാഗ് അഗ്രവാള്‍ ഉള്‍പ്പെടെ ട്വിറ്റര്‍ തലപ്പത്തുള്ള പ്രധാനപ്പെട്ട നാല് ഉദ്യോഗസ്ഥരെ ഇലോണ്‍ മസ്‌ക് പുറത്താക്കിയത്. പരാഗിന് പുറമേ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നഡ് സെഗാള്‍, ലീഗല്‍ ഹെഡ് വിജയ ഗഡ്ഡെ എന്നിവരെയും 2012 മുതല്‍ ട്വിറ്ററിന്റെ ജനറല്‍ കൗണ്‍സിലായ സീന്‍ എഡ്ഗറ്റിനെയും പുറത്താക്കി. ട്വിറ്ററിന്റെ ഈ സെന്‍സര്‍ഷിപ്പ് നിലപാടുകള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് വിജയ ഗഡ്ഡേ.

ട്വിറ്ററിന്റെ സെന്‍സര്‍ഷിപ്പിന് വിരുദ്ധമായ നിലപാടാണ് ഇലോണ്‍ മസ്‌ക് സ്വീകരിച്ചിരുന്നത്. ട്വിറ്റര്‍ ഒരു ടൗണ്‍ സ്‌ക്വയര്‍ ആവണം എന്നും അവിടെ മാനവികതയുടെ ഭാവിയ്ക്ക് ഗുണകരമായ എല്ലാ വിധ ചര്‍ച്ചകളും നടക്കണം എന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.

'അഭിപ്രായ സ്വാതന്ത്ര്യം എന്നതുകൊണ്ട് ഞാന്‍ ലളിതമായി അര്‍ത്ഥമാക്കുന്നത് അത് നിയമത്തോട് യോജിക്കുന്നതായിരിക്കണം എന്നാണ്. നിയമം മറികടന്നുള്ള സെന്‍സര്‍ഷിപ്പിന് എതിരാണ് ഞാന്‍. പരിമിതമായ അഭിപ്രായ സ്വാതന്ത്ര്യമാണ് ജനങ്ങള്‍ ആഗ്രഹിച്ചിരുന്നത് എങ്കില്‍ അവര്‍ ഭരണകൂടത്തോട് അതിന് വേണ്ടി നിയമം കൊണ്ടുവരാന്‍ ആവശ്യപ്പെടും. അതുകൊണ്ട്, തന്നെ നിയമം മറികടക്കുന്നത് ജനഹിതത്തിന് വിരുദ്ധമാണ്.' എന്നാണ് ട്വിറ്ററിലെ അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച തന്റെ നിലപാട് മസ്‌ക് വിശദീകരിച്ചത്.

ഏറ്റെടുക്കലിന് മുന്നോടിയായി ട്വിറ്റർ ആസ്ഥാനത്തെത്തിയ മസ്ക് കയ്യിൽ ഒരു സിങ്കുമായി Photo: Screengrab from twitter vide by Musk

മസ്‌കിന്റെ കീഴിലെ ട്വിറ്റര്‍

തീര്‍ച്ചയായും മസ്‌കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴിലായിരിക്കും ഇനിയുള്ള ട്വിറ്ററിന്റെ പ്രവര്‍ത്തനം. അഭിപ്രായ സ്വാതന്ത്ര്യം വേണമെന്ന വാദിക്കുമ്പോള്‍ ട്വിറ്ററില്‍ വരുന്ന ഉള്ളടക്കങ്ങളെ ഏത് രീതിയിലാണ് കമ്പനി നിയന്ത്രിക്കാന്‍ പോവുന്നത് എന്ന് മസ്‌ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

നിസാരവും സംശയാസ്പദവുമായ കാരണങ്ങളാല്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവര്‍ ട്വിറ്ററിന്റെ ജയിലില്‍നിന്ന് സ്വതന്ത്രമാക്കപ്പെടുമെന്നാണ് മസ്‌ക് അടുത്തിടെ തന്റെ ട്വീറ്റില്‍ പറയുന്നത്. പല സംഭവങ്ങളില്‍ ട്വിറ്ററില്‍നിന്ന് നീക്കം ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ പുനസ്ഥാപിക്കുമെന്നുള്ള പരസ്യമായ പ്രഖ്യാപനമാണ് അദ്ദേഹം നടത്തിയത്. വിവിധങ്ങളായ കാഴ്ചപ്പാടുകളോടുകൂടിയ ഒരു കണ്ടന്റ് മോഡറേഷന്‍ കൗണ്‍സില്‍ രൂപീകരിക്കുമെന്നും ഈ കമ്മീഷന്‍ രൂപീകരിച്ചതിന് ശേഷമേ ഉള്ളടക്കം സംബന്ധിച്ച നയങ്ങളും നിരോധിക്കപ്പെട്ട അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച തീരുമാനിക്കുകയുള്ളൂ എന്നും മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്.

യുഎസ് കാപ്പിറ്റോള്‍ ആക്രമണത്തിന് ജനങ്ങളെ പ്രേരിപ്പിച്ചതിന് ട്രംപ് പങ്കുവെച്ച ട്വീറ്റുകള്‍ ഇടയാക്കിയെന്ന നിരീക്ഷണത്തിലാണ് ട്വിറ്റര്‍ അദ്ദേഹത്തിന്റെ അക്കൗണ്ട് നീക്കം ചെയ്തത്. റാപ്പറായ കെയ്ന്‍ വെസ്റ്റിന്റെ അക്കൗണ്ടും ജൂതവിരുദ്ധ പോസ്റ്റുകളുടെ പേരില്‍ നീക്കം ചെയ്തിരുന്നു. ഇങ്ങനെ വിവാദങ്ങള്‍ക്കിടയാക്കിയ ഉപഭോക്താക്കള്‍ക്കുള്ള നിരോധനങ്ങള്‍ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ മസ്‌കിന്റെ ഭാഗത്ത് നിന്നുണ്ടായേക്കും.

തുടര്‍ചലനങ്ങള്‍

പരാഗ് നിയമ നടപടിക്ക്

മസ്‌കിന്റെ വരവിന്റെ ഭാഗമായി ചില തുടര്‍ ചലനങ്ങള്‍ പലയിടങ്ങളിലായി ഉണ്ടായിട്ടുണ്ട്. പ്രധാനമായും പുറത്താക്കപ്പെട്ട സി.ഇ.ഒ. പരാഗ് അഗ്രവാളിന്റെ ഭാഗത്ത് നിന്ന് തന്നെ. തനിക്കെതിരായ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടതില്‍നിന്ന് വലതിലേക്ക്

ട്രംപിനെ പോലുള്ള ആളുകളെ അനുവദിക്കുന്നതുവഴി വിദ്വേഷ പ്രചാരണം ഉള്‍പ്പെടുന്ന പ്രശ്‌നകാരികളായ ഉള്ളടക്കങ്ങളുടെ കൂത്തരങ്ങാവും ട്വിറ്റര്‍ എന്ന വിമര്‍ശനം വ്യാപകമായുണ്ട്. യു.എസിലെ തിരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള സമയങ്ങളില്‍ കര്‍ശന നിലപാടാണ് ട്വിറ്റര്‍ ഇതുവരെ സ്വീകരിച്ചുവന്നിരുന്നത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയെ തള്ളിപ്പറയുകയും ട്വിറ്ററിന്റെ ഇടത് മനോഭാവം എതിര്‍ക്കുകയും ചെയ്ത മസ്‌ക്, യാഥാസ്ഥിതിക പക്ഷക്കാരായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടുള്ള ആഭിമുഖ്യം പരസ്യമായി പ്രഖ്യാപിച്ചയാളാണ് . ട്വിറ്റര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം തന്നെയാണ് ഇത്. ഇക്കാരണം കൊണ്ടുതന്നെ ട്വിറ്ററിന്റെ നയരൂപീകരണത്തില്‍ ഈ നിലപാട് മാറ്റവും പ്രകടമാവുമെന്ന് ഉപഭോക്താക്കള്‍ ആശങ്കപ്പെടുന്നു.

യു.എസിലെ മീഡിയ മാറ്റേഴ്‌സ് ഫോര്‍ അമേരിക്ക, ഫെയര്‍ വോട്ട് യു.കെ. തുടങ്ങിയ ഇടതുപക്ഷ കൂട്ടായ്മകള്‍ ഈ ഇടപാടിനെതിരെ രംഗത്തുവന്നിരുന്നു. മസ്‌ക്‌ അരാജകത്വത്തിനായി ദാഹിക്കുന്നുവെന്ന് ഇവര്‍ വിമര്‍ശിക്കുന്നു. അദ്ദേഹത്തിന്റെ പദ്ധതികള്‍ ട്വിറ്ററിനെ കൂടുതല്‍ വിദ്വേഷം നിറഞ്ഞ ഒരു മാലിന്യക്കൂമ്പാരമാക്കി മാറ്റുമെന്നും ഇത് യഥാര്‍ത്ഥ ലോകത്തിന് പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.

മസ്‌ക് പറത്തിവിട്ട പക്ഷി യൂറോപ്പിന്റെ നിയമത്തിന് വിധേയമാകണ

ട്വിറ്ററിന്റെ ഇപ്പോഴുള്ള നയങ്ങളില്‍നിന്നുള്ള നിയമവിരുദ്ധ മാറ്റങ്ങളെ ശക്തമായി എതിര്‍ക്കുമെന്നറിയിച്ച് യൂറോപ്പ് രംഗത്തെത്തിയിട്ടുണ്ട്. മസ്‌ക് സ്വതന്ത്രമാക്കി പറത്തിവിട്ട പക്ഷി, യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ക്ക് അനുസൃതമായി മാത്രമേ യൂറോപ്പില്‍ പറക്കൂ എന്ന് യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിന്റെ മേല്‍നേട്ടം വഹിക്കുന്ന കമ്മീഷണര്‍ തിയറി ബ്രെട്ടന്‍ പറഞ്ഞു.

ട്വിറ്റര്‍ വിവേകമുള്ള കൈകളിലെത്തിയെന്ന് ഡൊണാള്‍ഡ് ട്രംപ്

ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററില്‍നിന്ന് നീക്കം ചെയ്ത നടപടിയെ എതിര്‍ത്ത് രംഗത്തുവന്ന വക്തിയാണ് മസ്‌ക്. മസ്‌കിനോടുള്ള ഈ പ്രതിപത്തി വാക്കുകളിലൂടെ പ്രകടമാക്കിയിരിക്കുകയാണ് ട്രംപ്. ട്വിറ്റര്‍ ഇപ്പോള്‍ വിവേകമുള്ള കൈകളില്‍ എത്തിയെന്ന് അദ്ദേഹം പ്രതികരിച്ചു. ഇനി ട്വിറ്ററിലേക്ക് തിരിച്ചുവരില്ലെന്ന് പ്രഖ്യാപിച്ച ട്രംപ്, തന്റെ സ്വന്തം സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിനോടുള്ള സ്‌നേഹവും പ്രകടിപ്പിച്ചു.

24 കോടി പ്രതിദിന ഉപഭോക്താക്കളുണ്ടെന്ന് അവകാശപ്പെടുന്ന ട്വിറ്ററില്‍ ഗൗരവതരമായ പല വിഷയങ്ങളിലും സംവാദങ്ങള്‍ നടക്കുന്നയിടം കൂടിയാണ്‌. കഴിഞ്ഞ കുറച്ച് കാലമായി വലിയ സാമ്പത്തിക പ്രതിസന്ധി കമ്പനി നേരിടുന്നുണ്ട്.

ട്വിറ്ററിന്റെ നിലവിലുള്ള നേതൃനിരയെ മുഴുവന്‍ മാറ്റി, വലിയൊരു വിഭാഗം ജീവനക്കാരെ പിരിച്ചുവിട്ട പൂര്‍ണമായും പുതിയൊരു കമ്പനിയായി തുടങ്ങാനാണോ മസ്‌കിന്റെ ഭാവം എന്നറിയില്ല. കമ്പനിയില്‍നിന്ന് 75 ശതമാനം പേര്‍ക്ക് ജോലി നഷ്ടമാവുമെന്ന് പറയപ്പെടുന്നുണ്ട്. എന്തായാലും ഏറ്റെടുക്കലിന് മുമ്പുണ്ടായ പോലെ തന്നെ സംഭവ ബഹുലമായിരിക്കും മസ്‌കിന്റെ വരവിന് ശേഷമുള്ള ട്വിറ്ററിന്റെ ആദ്യ നാളുകള്‍ എന്ന് വ്യക്തമാണ്.

Content Highlights: Twitter is now in the hands of Elon Musk

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented