ബെംഗളൂരു: കേവലം കോളര്‍ ഐഡി ആപ്ലിക്കേഷന്‍ മാത്രമായി ഉപയോഗിക്കപ്പെട്ടിരുന്ന ട്രൂകോളറില്‍ ഇനി മികച്ച ഗുണമമേന്മയുള്ള ഇന്റര്‍നെറ്റ് വോയ്‌സ് കോള്‍ ഫീച്ചറും വരുന്നു. അതായത് ഇന്റര്‍നെറ്റ് ഉപയോഗിച്ച് ട്രൂകോളര്‍ ആപ്പ് വഴി ലോകത്ത് എവിടെയുമുള്ള ട്രൂകോളര്‍ ഉപയോക്താക്കളെ ഫോണ്‍ വിളിക്കാം. ട്രൂകോളറിന് ലോകത്താകമാനം 14 കോടി ഉപയോക്താക്കളുണ്ട്. 

ഇന്‍ ആപ്പ് വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (വി.ഓ.ഐ.പി) അടിസ്ഥാനമാക്കിയാണ് ഇന്റര്‍നെറ്റ് വഴി സൗജന്യ വോയ്‌സ് കോള്‍ സൗകര്യമൊരുക്കുന്നത്. അതും ഉന്നത ഗുണമേന്മയില്‍ ലഭ്യമാവുകയും പെട്ടെന്ന് വോയ്‌സ് കോളുകള്‍ കണക്റ്റ് ആവുകയും ചെയ്യുന്നു. മൊബൈല്‍ ഡേറ്റ ഉപയോഗിച്ചോ വൈഫൈ ഇന്റര്‍നെറ്റ് ഉപയോഗിച്ചോ ഈ സേവനം ഉപയോഗപ്പെടുത്താം. 

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ട്രൂ കോളര്‍ ഈ സേവനം ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഐഓഎസ് ഉപയോക്താക്കളിലേക്ക് ഈ ഫീച്ചര്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് തങ്ങള്‍ എന്ന് ട്രൂകോളര്‍ പ്രൊഡക്റ്റ് വൈസ് പ്രസിഡന്റ് റിഷിത് ജുന്‍ജുന്‍വാല പറഞ്ഞു. 

ഫെബ്രുവരിയിലാണ് ട്രൂകോളര്‍ ഇന്ത്യയില്‍ 10 കോടി ഉപയോക്താക്കള്‍ എന്ന നാഴികക്കല്ല് താണ്ടിയത്. അതായത് ട്രൂകോളറിന്റൈ ആഗോള വിപണയിലെ 60 ശതമാനം ഉപയോക്താക്കളും ഇന്ത്യയില്‍ നിന്നാണ്. സ്വീഡനിലെ സ്‌റ്റോക്ക്‌ഹോം ആസ്ഥാനമാക്കി 2009 ലാണ് ട്രൂകോളര്‍ സേവനം ആരംഭിക്കുന്നത്.   

Content HIghlights: Truecaller gets free Internet voice call feature