ജേവിയർ പങ്കുവെച്ച ആളില്ലാ നഗരങ്ങളുടെ ദൃശ്യങ്ങൾ
വർത്തമാന കാലത്ത് തന്നെ ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കും ബഹുദൂരം സഞ്ചരിക്കാനാകുമെന്നും (ടൈം ട്രാവല്‍) ഇല്ല എന്നുമുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ടൈം ട്രാവല്‍ നടത്തിയെന്ന് അവകാശപ്പെട്ട് പല കാലങ്ങളില്‍ പലയാളുകളും രംഗത്തുവന്നിട്ടുണ്ട്. ഭാവി നാശത്തിന്റെതാണെന്നാണ് ഇക്കൂട്ടരില്‍ പലരും നടത്തുന്ന പ്രവചനം
അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തുമെന്നും മനുഷ്യര്‍ ചത്തൊടുങ്ങുമെന്നും ലോക മഹായുദ്ധമുണ്ടാവുമെന്നുമെല്ലാമുള്ള പ്രവചനങ്ങള്‍ 'ടൈം ട്രാവല്‍' നടത്തിയെന്നവകാശപ്പെടുന്നവര്‍ പറയുന്നു.
ഇപ്പോഴിതാ 2027 ലേക്ക് ടൈം ട്രാവല്‍ നടത്തിയെന്ന് അവകാശപ്പെട്ട് ഒരാൾ രംഗത്തെത്തിയിരിക്കുന്നു. അവകാശ വാദങ്ങള്‍ മാത്രമല്ല തെളിവിനായി വീഡിയോയും പുറത്തുവിട്ടിട്ടുണ്ട് ഇയാള്‍. ഭൂമിയില്‍ നടന്ന കൂട്ട വംശനാശത്തെ അതിജീവിച്ചുവെന്നും ആരുമില്ലാത്ത ഭൂമിയില്‍ കുടുങ്ങിപ്പോയെന്നും ഇയാള്‍ അവകാശപ്പെടുന്നു.
ജേവിയര്‍ എന്ന സ്വയം വിളിക്കുന്ന ഇയാള്‍ @unicosobreviviente എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയും ടിക് ടോക്കിലുടേയുമാണ് തന്റെ അവകാശ വാദങ്ങള്‍ നടത്തുന്നത്.
ഫെബ്രുവരി 13 മുതല്‍ ഇയാള്‍ ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.
'ഇന്ന് 2027 ഫെബ്രുവരി 13. ആശുപത്രിയിലാണ് ഞാന്‍ കണ്ണ് തുറന്നത്. എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. താന്‍ ഈ നഗരത്തില്‍ ഒറ്റയ്ക്കാണ്. 'ജേവിയര്‍ പറയുന്നു.
പിന്നീടങ്ങോട്ട് ശൂന്യമായ നഗര ഭാഗങ്ങളുടെ ദൃശ്യങ്ങളാണ് ഇയാള്‍ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.
താന്‍ ക്ഷീണിച്ചുവെന്നും എന്ത് ചെയ്യണമെന്നും എവിടെ നോക്കണമെന്നും അറിയില്ലെന്നും. ഞാന്‍ ഇവിടെ ഇനി ഒറ്റക്ക് കഴിയേണ്ടിവരുമെന്നാണ് തോന്നുന്നതെന്നും ജേവിയര്‍ പറയുന്നു.
അതേസമയം സ്പെയിനിലെ ലോക്ക്ഡൗണ്‍ കാലത്തെ ദൃശ്യങ്ങളാണിതെന്ന് വീഡിയോക്ക് താഴെ ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. ആളില്ലാത്ത ലോകത്ത് എങ്ങനെ വൈദ്യുതിയെന്നും അവര്‍ ചോദിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..