ആധുനിക സാങ്കേതികവിദ്യ വികസിക്കുന്നതിനനുസരിച്ച് സ്വകാര്യതയും സുരക്ഷയുമൊക്കെ നഷ്ടപ്പെടുകയാണെന്ന ധാരണ വര്‍ധിച്ചുവരുന്നുണ്ട്.അലക്‌സയും ആമസോണ്‍ എക്കോയും പോലെ ശബ്ദമുപയോഗിച്ചു നിയന്ത്രിക്കാവുന്ന അത്യാധുനികസംവിധാനങ്ങള്‍ അകത്തളങ്ങളില്‍ വ്യാപകമായതോടെ തങ്ങളുടെ സ്വകാര്യസംഭാഷണങ്ങളും വിവരങ്ങളുമൊക്കെ നിരീക്ഷിക്കപ്പെടുകയാണെന്ന ആശങ്ക പലരിലുമുണ്ട്.

അടുത്തിടെ ആമസോണടക്കമുള്ള കമ്പനികള്‍ വെളിപ്പെടുത്തിയ ചില വീഴ്ചകളും ഈ സംശയം ബലപ്പെടുത്തിയിരുന്നു. ഇത്തരം പേടി പരിഹരിക്കാന്‍ സാങ്കേതികവിദ്യതന്നെ മറ്റൊരു വഴി കണ്ടെത്തിയിരിക്കുകയാണിപ്പോള്‍.

ഒരു ബ്രേസ്‌ലെറ്റാണ്‌ ശബ്ദനിയന്ത്രിതസംവിധാനങ്ങളില്‍നിന്ന് ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുക. ബ്രേസ്‌ലെറ്റ്‌ ഓഫ് സൈലന്‍സ് എന്നറിയപ്പെടുന്ന ഈ പടച്ചട്ട കൈയിലണിഞ്ഞാല്‍ ശബ്ദങ്ങള്‍ റെക്കോഡ് ചെയ്യാന്‍ ഉപകരണങ്ങള്‍ക്കുകഴിയില്ല. ബ്രേസ്‌ലെറ്റ് പുറത്തുവിടുന്ന അള്‍ട്രാ വയലറ്റ് കിരണങ്ങളാണ് ഇതിനുകാരണം.

ഷിക്കാഗോ സര്‍വകലാശാലാ അധ്യാപകരായ ഡോ. ബെന്‍ ഷാവോയും ഭാര്യ ഹെതര്‍ ഷെങ്ങുമാണ് കണ്ടുപിടിത്തത്തിനുപിന്നില്‍.

Content Highlights : wearable jammer" was developed by a trio of professors at the University of Chicago