ആ കപ്പലിലെ എല്ലാവരും മരിച്ചിരുന്നു, കണ്ണുകള്‍ തുറിച്ചും വായ പിളർന്നും- നി​ഗൂഢതയുടെ 'ഔറങ് മെഡാൻ'


നന്ദു ശേഖര്‍

അസാധ്യമെന്ന് തോന്നിക്കുന്ന ഈ സംഭവം 1940 കളിൽ നടന്നതായാണ് പറയപ്പെടുന്നത്

ചിത്രം: മാതൃഭൂമി

ത്തരമില്ലാത്ത പല ചോദ്യങ്ങൾ അവശേഷിപ്പിക്കുന്ന ഒരുപാട് നി​ഗൂഢമായ സംഭവങ്ങൾ നമുക്ക് ചുറ്റും ഉണ്ടായിട്ടുണ്ട്, ഉണ്ടാകാറുമുണ്ട്. കൗതുകകരവും അതേസമയം, ഉള്ളിൽ ഭയം നിറയ്ക്കുന്നതുമായ, യഥാർഥവും അയഥാർഥവുമായ പല സംഭവവികാസങ്ങളും നമ്മൾ കേട്ടിട്ടുണ്ടാകും. അത്തരത്തിലുള്ള, ഹോളിവുഡ് ഹൊറർ ചിത്രങ്ങൾ തോറ്റുപോകുന്ന തരത്തിലുള്ള ഒരു കഥയാണ് എസ്.എസ്. ഔറങ് മെഡാൻ എന്ന ഡച്ച് കപ്പലിന് പറയാനുള്ളത്.

നെതർലന്‍ഡിലെ ഒരു ചരക്കു കപ്പൽ ആയിരുന്നു എസ്.എസ്. ഔറങ് മെഡാൻ. ചരക്കുമായി പുറപ്പെട്ട് മാർഷൽ ദ്വീപുകൾക്കു സമീപത്തുനിന്ന് നിരവധി തവണ കപ്പലിൽ നിന്ന് അപായ സന്ദേശങ്ങൾ ലഭിച്ചതിനെത്തുടർന്ന് സമീപത്തുള്ള മറ്റ് കപ്പലുകൾ രക്ഷാപ്രവർത്തനത്തിനെത്തി. എന്നാൽ അവർ എത്തുന്നതിന് മുൻപുതന്നെ എസ്.എസ് ഔറങ് മെഡാനിലെ എല്ലാ നാവികരും മരിച്ചിരുന്നു. നാവികരുടെ മരണത്തിനുമുമ്പ് ഔറങ് മെഡാൻ കപ്പലിൽ നിന്നും ധാരാളം SOS സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തി. ഒരു നാവികന്റെ കൈ മരണത്തിനു ശേഷവും SOS ഉപകരണത്തിൽ തന്നെ അമർത്തിപിടിച്ചിരിക്കുന്നതായി കാണപ്പെട്ടുവെന്നാണ് ഈ കപ്പൽ കണ്ടെടുത്ത നാവികർ പറഞ്ഞത്.

അസംഭവ്യമെന്ന് തോന്നിക്കുന്ന ഈ സംഭവം 1940-കളിൽ നടന്നതായാണ് പറയപ്പെടുന്നത് - കൃത്യമായ വർഷം ഇന്നും അ‍ജ്ഞാതമാണ്. എസ്.എസ് ഔറങ് മെഡാൻ എന്ന ഡച്ച് കപ്പൽ മലാക്ക കടലിടുക്കിലൂടെ കടന്നുപോകുമ്പോൾ ദുരൂഹമായ എന്തോ ഒന്ന് കപ്പലിൽ സംഭവിച്ചുവെന്നാണ് പറയപ്പെടുന്നത്. അമേരിക്കൻ കപ്പലുകളായ 'സിറ്റി ഓഫ് ബാൾട്ടിമോറി'നും 'സിൽവർ സ്റ്റാറി'നുമാണ് ഔറങ് മെഡാനിൽ നിന്നുള്ള SOS സന്ദേശം ആദ്യം ലഭിക്കുന്നത്. "ക്യാപ്റ്റൻ ഉൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരും ചാർട്ട്‌റൂമിലും പാലത്തിലും മരിച്ചുകിടക്കുന്നു, മുഴുവൻ ജീവനക്കാരും മരിച്ചു," ഒരാൾ ഭയത്തോടെ വിളിച്ചു പറഞ്ഞു. അയാൾ മോർസ് കോഡ് ഉപയോ​ഗിക്കുന്നുണ്ടായിരുന്നെങ്കിലും മനസ്സിലാക്കാൻ കഴിയാത്ത അത്ര വേ​ഗത്തിലായിരുന്നു അത്. സിൽവർ സ്റ്റാർ കപ്പൽ സഹായത്തിനായി ഉടൻ തന്നെ അപകടസ്ഥലം ലക്ഷ്യമാക്കി നീങ്ങി. അവർ അവിടെ എത്തുന്നതിനു മുൻപുതന്നെ മറ്റൊരു SOS സന്ദേശം കൂടി അവർക്ക് ലഭിച്ചു. അമേരിക്കൻ കപ്പലിലെ റേഡിയോ ഓപ്പറേറ്റർക്ക് ലഭിച്ച അവസാന സന്ദേശം "ഞാൻ മരിക്കുന്നു" എന്നതായിരുന്നു.

സിൽവർ സ്റ്റാർ കപ്പൽ അപകടസ്ഥലത്ത് എത്തിയപ്പോൾ അവർക്കു കാണാൻ കഴിഞ്ഞത് ഭയാനകമായ കാഴ്ചയായിരുന്നു. കപ്പലിൽ പല ഭാ​ഗത്തും മരവിച്ച മൃതശരീരങ്ങൾ. എല്ലാ മൃതശരീരങ്ങളുടെയും മുഖങ്ങൾ മുകളിലേക്ക് സൂര്യനെ നോക്കിയിരിക്കുന്ന നിലയിലായിരുന്നു. അവരുടെ കണ്ണുകൾ എന്തോ കണ്ട് ഭയന്നപോലെ തുറിച്ചിരുന്നു. വായ നിലവിളിക്കുന്നതുപോലെ പിളർന്നിരുന്നു. ബാ​ഹ്യമായ ഒരു മുറിവുകളും ഇവരുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ല. ഇതുകണ്ട് ഭയന്ന് കൂടുതൽ തിരച്ചിലുകൾക്ക് നിൽക്കാതെ സിൽവർ സ്റ്റാർ കപ്പലിലെ നാവികർ ഔറങ് മെഡാനിൽനിന്നു വേഗം തിരികെ പോകുകയായിരുന്നു. ശേഷം ഔറങ് മെഡാനെ കരക്ക്‌ വലിച്ചു കൊണ്ടുവരുവാനുള്ള ശ്രമം സിൽവർ സ്റ്റാർ കപ്പൽ ജീവനക്കാർ ആരംഭിച്ചു.

ഇതിനിടയിൽ ഔറങ് മെഡാന്റെ താഴെ തട്ടിൽ എവിടെയോ ഉണ്ടായ ഒരു വലിയ സ്ഫോടനം കപ്പലിന്റെ അടിത്തട്ടിൽ ഒരു വലിയ ധ്വാരം ഉണ്ടാക്കുകയും വേ​ഗത്തിൽ കപ്പലിലേക്ക് വെള്ളം കയറുകയുമായിരുന്നു. ഔറങ് മെഡാൻ അതിവേഗം മുങ്ങിത്തുടങ്ങി. ഔറങ് മേടാൻ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങിപോകുന്നത് നോക്കി നിൽക്കാൻ മാത്രമേ സിൽവർ സ്റ്റാർ നാവികർക്ക് കഴിഞ്ഞുള്ളു. ഔറങ് മേഡാനൊപ്പം അന്ന് കടലിൽ മുങ്ങിത്താഴ്ന്നത് പല ചോ​ദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ കൂടിയായിരുന്നു. ഇന്നും ഔറങ് മെഡാനിലെ നാവികർക്കുണ്ടായ ദുരന്തത്തിനു പിന്നിലെ സത്യാവസ്ഥ എന്താണെന്നു കണ്ടെത്താൻ ആർക്കും സാധിച്ചിട്ടില്ല.

സ്വാഭാവികമായും ഇത് നിരവധി നിഗൂഢതകൾ അവശേഷിപ്പിക്കുന്നു: ഔറങ് മേഡാന്റെ ജീവനക്കാരുടെ കൂട്ടമരണത്തിന് കാരണമായത് എന്താണ്? തുടർന്നുള്ള സ്ഫോടനത്തിന് കാരണമായത് എന്താണ്? ശരിക്കും ഔറങ് മെഡാൻ എന്ന കപ്പൽ ഉണ്ടായിരുന്നോ? അതോ സിൽവർ സ്റ്റാർ കപ്പലിലെ നാവികർ നെയ്തെടുത്ത ഒരു കഥ മാത്രമായിരുന്നോ ഇത്? അങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിരവധിയാണ്.

ഔറങ് മെഡാന്റെ ദുരന്തത്തെകുറിച്ചു പിന്നീട് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഔറങ് മെഡാന്റെ യന്ത്രഭാഗങ്ങൾ ശരിയായി പരിപാലിക്കാത്തതിനാൽ അതിൽ നിന്ന് വമിച്ച കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാകാം നാവികരുടെ മരണത്തിന് ഇടയാക്കിയതെന്നാണ് ചില നാവികർ വിശ്വസിച്ചിരുന്നത്. കപ്പലിലുണ്ടായിരുന്ന ചരക്കുകളിൽ പൊട്ടാസ്യം സയനൈഡും നൈട്രോഗ്ലിസറിനും സൂക്ഷിച്ചിരുന്നതായി ചിലർ വാദിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ, കപ്പലിലുണ്ടായ ആകസ്മികമായ സ്ഫോടനത്തെ സാധൂകരിക്കാവുന്നതാണ് ഇത്.

കപ്പലിൽ പ്രേതബാധയുണ്ടെന്നും ഇത്തരം ശക്തികളുടെ ഇടപെടലാണ് നാവികരുടെ ജീവനെടുത്തത് എന്നും ചിലർ പറഞ്ഞു പരത്തി. അന്യ​ഗ്രഹജീവികളുടെ ആക്രമണമാണെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. കടൽക്കൊള്ളക്കാരുടെ ആക്രമണവും തീർച്ചയായും തള്ളിക്കളയാവുന്ന ഒരു സാധ്യതയല്ല. പക്ഷേ, മൃതദേഹങ്ങളിൽ ബാഹ്യമായ പരിക്കുകളില്ലെന്ന നാവികരുടെ വാദം ഇതും സംശയത്തിന്റെ നിഴലിൽ നിർത്തുന്നു.

ഔറങ് മെഡാൻ എന്ന കപ്പൽ ശരിക്കും ഉണ്ടായിരുന്നില്ല എന്ന് വിശ്വസിക്കുന്നവരും കുറവല്ല. അതിനു കാരണം ഔറങ് മെഡാൻ മുങ്ങിയെന്നു പറയപ്പെടുന്ന സമയവും, SOS സന്ദേശം ലഭിച്ചു എന്ന് പറയപ്പെടുന്ന കപ്പലുകളായ “സിറ്റി ഓഫ് ബാൾട്ടിമോർ” കപ്പലിന്റെയും “സിൽവർ സ്റ്റാർ” കപ്പലിന്റെയും ദൈനംദിന പ്രവർത്തന രേഖകളിൽ ഔറങ് മെഡാനെക്കുറിച്ചോ ഔറങ് മെഡാനിൽ നിന്നു വന്ന അപായസന്ദേശങ്ങളെ കുറിച്ചോ ഉള്ള ഒരു സൂചന പോലും ഇല്ല എന്നതുമാണ്.

എങ്ങനെയൊക്കെ അന്വേഷിച്ചാലും ഇതുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നവരെ ഒരു 'ഡെഡ് എന്റി'ലേക്ക് ആണ് നയിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം, ലോയ്ഡിന്റെ ഷിപ്പിങ് രജിസ്റ്ററുകളിൽ ഔറങ് മെഡാന്റെ രജിസ്ട്രേഷനെക്കുറിച്ച് പരാമർശമില്ല. കൂടാതെ ഈ വിചിത്രമായ സംഭവത്തിന്റെ ഔദ്യോഗിക രേഖകളും ഇതുവരെ കണ്ടെത്തിയിട്ടില്ല. പല പത്രങ്ങളും സംഭവത്തിന്റെ വ്യത്യസ്തമായ വിവരണങ്ങളാണ് നല്‍കുന്നത്. പല റിപ്പോർട്ടുകളിലും വ്യത്യസ്തമായ തീയതികളും കാണാം. ഈ റിപ്പോർട്ടുകളിൽ ഓരോന്നിലും പുതിയ വിശദാംശങ്ങള്‍ കൂട്ടിച്ചേർക്കുകയും സംഭവത്തെ പൊലിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നിരുന്നാലും, ഈ കഥ തികച്ചും സത്യമാണെന്ന് അടിയുറച്ചു വിശ്വാസിക്കുന്ന ​ഗോസ്റ്റ് ഷിപ്പ് അന്വേഷികളും ഉണ്ട്. രണ്ടാം ലോകമഹായു​ദ്ധ സമയത്തെ കോലാഹലങ്ങളിൽ കപ്പലിന്റെ രേഖകൾ നഷ്ടപ്പെട്ടു പോയതാണെന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്.

സംഭവത്തെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളില്‍ ഒരുപാട് ലൂപ്പഹോളുകളുണ്ടെങ്കിലും ഒരു കാര്യം ഉറപ്പാണ്, നോട്ടിക്കൽ ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ ഒന്നാണ് എസ്.എസ്. ഔറങ് മെഡാൻ എന്ന കപ്പലിന്റെ രഹസ്യം. ജാക്ക് ദി റിപ്പറിന്റെ ഐഡന്റിറ്റിയും മറ്റ് ചുരുളഴിയാത്ത രഹസ്യങ്ങളും പോലെ ഇതിന്റെ സത്യം നമ്മുടെ ഭാവനകൾക്ക് വിട്ടുതന്നുകൊണ്ട് ​ദുരൂഹമായി തുടരുന്നു.

Content Highlights: The unsolved mystery of a ship, SS Ourang Medan

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented