ലോകത്തിൻ്റെ എത് കോണിലും ഇന്റർനെറ്റ് എന്ന മസ്കിന്റെ സ്വപ്നം; സ്റ്റാർലിങ്ക് യാഥാർഥ്യമാകുമ്പോൾ


By നന്ദു ശേഖർ

7 min read
Read later
Print
Share

സ്റ്റാര്‍ലിങ്ക് ഒരു പുത്തന്‍ ആശയമാണെന്ന് തോന്നിയേക്കാമെങ്കിലും ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക എന്നത് ഒരു പുതിയ ചിന്തയായിരുന്നില്ല

ഒരു ഫാൽക്കൺ 9 റോക്കറ്റിന്റെയും 60 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെയും വിക്ഷേപണം | ചിത്രം: AP

2014-ന്റെ തുടക്കത്തില്‍, സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കും O3b നെറ്റ്​വർക്കിന്റെ സ്ഥാപകനായ ഗ്രേഗ് വൈലറും ചേര്‍ന്ന് എഴുന്നൂറിലധികം ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല നിര്‍മിക്കാന്‍ ശ്രമിക്കുന്നതായി കിംവദന്തികള്‍ പരന്നു. വേള്‍ഡ് വു (WorldVu) എന്ന് പേരിട്ട ഈ ഉപഗ്രഹ സമൂഹത്തിന് അന്നത്തെ ഏറ്റവും വലിയ കൃത്രിമ ഉപഗ്രഹ സമൂഹത്തേക്കാള്‍ പത്തിരട്ടിയെങ്കിലും വലിപ്പമുണ്ടാകുമെന്നായിരുന്നു കേട്ടുകേള്‍വി.

ആ ചര്‍ച്ച അധികം നീണ്ടു നിന്നില്ലെങ്കിലും അതുക്കും മേലേ ഒന്ന് അധികം വൈകാതെ പിറന്നു. നോര്‍വേ ടെലികോം റെഗുലേറ്ററിന്റെ പിന്തുണയോടെ ഇലോണ്‍ മസ്‌കിന്റെ SpaceX രഹസ്യമായി ഇന്റര്‍നാഷണല്‍ ടെലികോം യൂണിയനില്‍ ഒരു അപേക്ഷ ഫയല്‍ ചെയ്തു. ഫൈബര്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ കിട്ടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന നിലവാരമുള്ള ഇന്റര്‍നെറ്റ് ബാന്‍ഡ്​വിഡ്ത്ത് നല്‍കാന്‍ ശേഷിയുള്ള ഉപഗ്രഹ സമൂഹം വിക്ഷേപിക്കുകയായിരുന്നു ലക്ഷ്യം. STEAM എന്നായിരുന്നു മസ്‌ക് അതിനിട്ട പേര്. ആ STEAM ആണ് പിന്നീട് സ്റ്റാര്‍ലിങ്കായത്.

ഇലോണ്‍ മസ്ക് സ്പേസ് എക്സ് ആസ്ഥാനത്ത് | Photo: AP

കുറച്ചു നാളുകൾക്ക് മുൻപ് പലയിടത്തും ആകാശത്തു കൂടി ഒഴുകി നീങ്ങിയ നക്ഷത്രക്കൂട്ടം പലരും കണ്ടിട്ടുണ്ടാകും. ആകാശത്തു കണ്ട ദൃശ്യം അന്യഗ്രഹജീവികളാകാമെന്നും അതല്ല വാൽനക്ഷത്രമാണെന്നു വരെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ, നിരനിരയായി നീങ്ങിയ തിളക്കമുള്ള ആ വസ്തുക്കൾ സ്റ്റാർലിങ്കിന്റെ ഉപഗ്രഹങ്ങളായിരുന്നു. ആകാശത്തിൽ നിരനിരയായി കാണുന്ന വെളുത്ത കുത്തുകളിൽ ഓരോന്നിനും ഒരു ചെറിയ കാറിനോളം വലുപ്പമുണ്ട്.

താഴ്ന്ന ഭ്രമണപഥത്തിൽ വിന്യസിക്കുന്ന ചെറു ഉപഗ്രഹങ്ങളുടെ ശൃംഖല ഉപയോഗിച്ച് ലോകമെമ്പാടും അതിവേഗ ഇൻ്റ‍ർനെറ്റ് ലഭ്യമാക്കാനാണ് സ്പേസ് എക്സ് പദ്ധതിയിടുന്നത്. ഭൂനിരപ്പിൽനിന്ന് 550 കിലോ മീറ്റ‍ർ ഉയരത്തിലൂടെയാണ് ഈ ഉപഗ്രഹങ്ങൾ സഞ്ചരിക്കുന്നത്.

സ്റ്റാർലിങ്ക് ആന്റിന | Photo: twitter.com/SpaceX

സമുദ്രങ്ങളിലും ലോകമെമ്പാടുമുള്ള വിദൂരദേശങ്ങളിലും വാണിജ്യ, സൈനിക ഇതര മേഖലകളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കുക എന്നതാണ് സ്റ്റാര്‍ലിങ്കിന്റെ ലക്ഷ്യം. പതിനായിരക്കണക്കിന് വരുന്ന ചെറു കൃത്രിമ ഉപഗ്രഹങ്ങളില്‍നിന്നു നേരിട്ട് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്നതാണ് പദ്ധതി.

ഉപഗ്രഹ ഇന്റര്‍നെറ്റ് ഒരു പുത്തന്‍ ചിന്തയല്ല

സ്റ്റാര്‍ലിങ്ക് ഒരു പുത്തന്‍ ആശയമാണെന്ന് തോന്നിയേക്കാമെങ്കിലും ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക എന്നത് ഒരു പുതിയ ചിന്തയായിരുന്നില്ല. ഹ്യൂസ്‌നെറ്റ്, ഇറിഡിയം, ടെലിസാറ്റ് തുടങ്ങിയ കമ്പനികള്‍ക്ക് ഇതിനകം തന്നെ ബഹിരാകാശത്ത് കൃതൃമ ഉപഗ്രഹങ്ങള്‍ ഉണ്ട്. എന്നാല്‍ നിലവിലുള്ള ഉപഗ്രഹസമൂഹങ്ങളില്‍നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ് സ്റ്റാര്‍ലിങ്ക് .

മറ്റ് കമ്പനികള്‍ക്ക് ഭൂസ്ഥിരഭ്രമണപഥത്തില്‍ ഏതാനും കൂറ്റന്‍ ഉപഗ്രഹങ്ങളുണ്ട്, അവ ഓരോന്നിനും ഭൂമിയിലെ വലിയൊരു ശതമാനം പ്രദേശത്തേക്ക് സേവനം നല്‍കാന്‍ സാധിക്കുന്നുണ്ട്. ഭൂസ്ഥിര പരിക്രമണം അഥവാ ജിയോ സ്റ്റേഷണറി റോട്ടേഷന്‍ ഏതാണ്ട് 36,000 കിലോ മീറ്ററിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രത്യേക ഭ്രമണപഥമാണ്. അവിടെ ഉപഗ്രഹത്തിന്റെ പരിക്രമണ കാലയളവ് ഭൂമിയുടെ ഭ്രമണത്തിന് തുല്യമാണ്. അതുകൊണ്ടുതന്നെ ഭൂമിയില്‍നിന്ന് നോക്കുന്ന ഒരാളെ അപേക്ഷിച്ച് ഉപഗ്രഹം നിശ്ചലമായി നില്‍ക്കുന്നതായാണ് കാണാനാകുക.

ഫാൽക്കൺ 9 റോക്കറ്റിന്റെയും 60 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെയും വിക്ഷേപണം | Photo: AP

ഈ ഭ്രമണപഥത്തിലുള്ള വളരെ കുറച്ച് ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് ഭൂമിയിലുടനീളം ഇന്റര്‍നെറ്റ് കവറേജ് നല്‍കാന്‍ സാധിക്കുമെങ്കിലും ഈ കണക്ഷനുകള്‍ ചിലപ്പോള്‍ അസ്ഥിരവും പിംഗ് വളരെ ദുര്‍ബലവുമായിരിക്കും. ഉപഗ്രഹവുമായുള്ള വലിയ അകലമാണ് ഇതിന് കാരണം.

അവിടെയാണ് സ്റ്റാര്‍ലിങ്ക് വ്യത്യസ്തമാകുന്നത്. 12,000 ഉപഗ്രഹങ്ങളെ ഭൂമിയില്‍നിന്ന് അധികം അകലത്തിലല്ലാത്ത ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചുകൊണ്ട് ഈ പൊതുവായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്റ്റാര്‍ലിങ്കിന് കഴിഞ്ഞു. ഇത് റിസീവറില്‍നിന്ന് സിഗ്‌നലിന് സഞ്ചരിക്കേണ്ട ദൂരം ഗണ്യമായി കുറച്ചു. അങ്ങനെ സിഗ്നലുകളുടെ കാര്യത്തിലുള്ള സാങ്കേതിക ബുദ്ധിമുട്ട് ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിഞ്ഞു. മാത്രമല്ല, ലോ എര്‍ത്ത് ഓര്‍ബിറ്റിലെ ഉപഗ്രഹങ്ങള്‍ എളുപ്പത്തില്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ സാധിക്കുന്നതിനാല്‍ ബഹിരാകാശ അവശിഷ്ടങ്ങള്‍ ലഘൂകരിക്കുക എന്ന ബോണസ് ലക്ഷ്യവും സാധ്യമായി.

പദ്ധതിയുടെ നാള്‍വഴികള്‍

2017 സെപ്തംബറിലാണ് പദ്ധതിയുടെ പ്രാരംഭ നടപടികള്‍ തുടങ്ങിയത്. 2018 ഫെബ്രുവരി 22-ന് സ്റ്റാര്‍ലിങ്കിന്റെ ആദ്യത്തെ രണ്ട് സാറ്റലൈറ്റുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിക്ഷേപിച്ചു. വാഷിങ്ടണിലെ റെഡ്മണ്ടിലുള്ള സ്പേസ് എക്സ് ഉപഗ്രഹ നിര്‍മാണശാലയിലാണ് പ്രോജക്ടിന്റെ ഗവേഷണവും സാറ്റലൈറ്റുകളുടെ ഭൂമിയില്‍നിന്നുള്ള നിയന്ത്രണവും നടത്തുന്നത്.

ഫാല്‍ക്കണ്‍ 9 റോക്കറ്റ് | Photo: spacex.com

ഫാല്‍ക്കണ്‍ 9 റോക്കറ്റ് വഴിയാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കുന്നത്. കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിനകളുടെ സഹായത്തോടെയാണ് ഇന്റര്‍നെറ്റ് ലഭ്യമാക്കുക.

ടിൻടിൻ A, ടിൻടിൻ B

2018-ല്‍ ടിൻടിൻ A, ടിൻടിൻ B എന്നിങ്ങനെ രണ്ട് സമാന പരീക്ഷണ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതോടെയാണ് സ്പേസ് എക്സ് ആദ്യമായി സ്റ്റാര്‍ലിങ്ക് സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്. ഒരു വര്‍ഷത്തിനുശേഷം, കമ്പനി അവരുടെ ആദ്യ ബാച്ച് ആയി 60 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. പരീക്ഷണഘട്ടത്തില്‍ തന്നെ സ്പേസ് എക്സിന് എല്ലാ 60 ഉപഗ്രഹങ്ങളുമായും വിജയകരമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞു. പിന്നീട് 3 ഉപഗ്രഹങ്ങളുമായുള്ള ബന്ധം നഷ്ടമായി. എന്നാലും ഒക്ടോബറില്‍, സ്റ്റാര്‍ലിങ്ക് ഉപയോഗിച്ച് ട്വീറ്റ് ചെയ്തുകൊണ്ട് ഇലോണ്‍ മസ്‌ക് സ്റ്റാര്‍ലിങ്ക് പരസ്യമായി പരീക്ഷിച്ചു.

സ്റ്റാർലിങ്ക് ഇൻ്റർനെറ്റ് ഉപയോഗിച്ച് മസ്ക് ചെയ്ത ട്വീറ്റ്

പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായ ഉപഗ്രഹങ്ങളുടെ വിക്ഷേപണം 2019 നവംബറിലാണ് ആരംഭിച്ചത്. യു.എസിന്റെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് നല്‍കുന്നതിന് ആവശ്യമായ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിന് പിന്നാലെ 'ബെറ്റര്‍ ദാന്‍ നതിംഗ് ബീറ്റ' എന്ന പേരില്‍ ഒരു പണമടച്ചുള്ള സ്റ്റാര്‍ലിങ്ക് ബീറ്റാ സേവനം അവതരിപ്പിച്ചു. ചെറിയ സാറ്റലൈറ്റ് ഡിഷ് ആന്റീന, വൈഫൈ റൂട്ടര്‍, ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് ഉള്‍പ്പടെയുള്ള കണ്‍സ്യൂമര്‍ ടെര്‍മിനലിന് 499 ഡോളറാണ് അന്ന് ഈടാക്കിയിരുന്നത്. 50 മുതല്‍ 150 Mbps വരെ വേഗവും 20 മുതല്‍ 40ms വരെ ലേറ്റന്‍സിയുമായിരുന്നു കണക്ഷനുണ്ടായിരുന്നത്. മാസം 99 ഡോളറായിരുന്നു സബ്‌സ്‌ക്രിപ്ഷന്‍ ഫീ. 2021 ജനുവരിയോടെ, യു.കെ. തുടങ്ങി മറ്റ് രാജ്യങ്ങളിലേക്കും ബീറ്റ സേവനം വ്യാപിപ്പിച്ചു. ഇന്ന് അന്‍പതോളം രാജ്യങ്ങളില്‍ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ലഭ്യമാണ്.

ഓരോ രാജ്യങ്ങളിലും കമ്പനി അവരുടെ സേവനങ്ങള്‍ ആവര്‍ത്തിച്ച് മെച്ചപ്പെടുത്തുകയും അതിന്റെ കവറേജ് ഏരിയ വര്‍ധിപ്പിക്കുകയും ചെയ്തു. 2020 സെപ്റ്റംബറില്‍ അമേരിക്കയും പടിഞ്ഞാറന്‍ തീരത്ത് പടര്‍ന്ന കാട്ടുതീ നിരവധി ഗ്രാമീണ മേഖലകളെ ചാമ്പലാക്കിയപ്പോള്‍, സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം നല്‍കി നാട്ടുകാരെയും എമര്‍ജന്‍സി സര്‍വീസ് പ്രവര്‍ത്തകരെയും രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ചുവെന്ന വാര്‍ത്ത ഓര്‍ക്കുന്നുണ്ടാകും.

സ്റ്റാർലിങ്ക് കിറ്റ് | Photo: https://www.starlink.com/

പ്രാരംഭ നടപടികള്‍ ആരംഭിച്ച് ആറു വര്‍ഷങ്ങള്‍ക്കിപ്പുറം, 50 രാജ്യങ്ങള്‍ക്ക് സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് ആക്സസ്സ് കവറേജ് നല്‍കുന്ന കമ്പനിയായി സ്‌പേസ്എക്‌സിന്റെ കീഴില്‍ സ്റ്റാര്‍ലിങ്ക് മാറി. 2023 കഴിയുന്നതോടെ ആഗോള മൊബൈല്‍ ഫോണ്‍ സേവനവും സ്റ്റാര്‍ലിങ്ക് ലക്ഷ്യമിടുന്നുണ്ട്. 2019 മുതലാണ് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ തുടങ്ങിയത്. ഫെബ്രുവരി 2023-ലെ കണക്കനുസരിച്ച്, ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ എകദേശം 3,580-ലധികം ചെറുകിട ഉപഗ്രഹങ്ങള്‍ സ്റ്റാര്‍ലിങ്കിലുണ്ട്. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള ഗ്രൗണ്ട് ട്രാന്‍സ്സിവറുകളുമായി ആശയവിനിമയം നടത്തുന്നു.

ഇത്തരത്തില്‍ ഏകദേശം 12,000 ഉപഗ്രഹങ്ങള്‍ വിന്യസിക്കാനാണ് സ്‌പേസ് എക്‌സ് പദ്ധതിയിട്ടിരിക്കുന്നത്, പിന്നീട് പതിയെ ഇത് 42,000 ആയി വര്‍ദ്ധിപ്പിക്കും. സൈനിക, ശാസ്ത്രീയ, പര്യവേക്ഷണ ആവശ്യങ്ങള്‍ക്കായി ചില ഉപഗ്രഹങ്ങള്‍ വില്‍ക്കാനും സ്‌പേസ് എക്‌സ് പദ്ധതിയിടുന്നുണ്ട്. ഒരു ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാര്‍ ഇതിനകംതന്നെ തങ്ങള്‍ക്കുള്ളതായി SpaceX കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു.

ആകാശത്തും ഇന്റര്‍നെറ്റ്

ഇന്റര്‍നെറ്റ് നല്‍കാനുള്ള സ്റ്റാര്‍ലിങ്കിന്റെ കഴിവ് ഭൂമിയില്‍ മാത്രം ഒതുങ്ങുന്നതാണെന്ന് കരുതിയെങ്കില്‍ തെറ്റി. 2019-ല്‍, യു.എസ്. എയര്‍ഫോഴ്സ് റിസര്‍ച്ച് ലബോറട്ടറിയുടെ ബീച്ച്ക്രാഫ്റ്റ് സി-12 ഹ്യൂറോണ്‍ ഫ്ളൈറ്റില്‍ 610 MBPS സ്പീഡില്‍ ഡാറ്റാ നല്‍കാന്‍ സ്റ്റാര്‍ലിങ്കിന് കഴിഞ്ഞുവെന്ന് തെളിയിച്ചു. ലോക്ക്ഹീഡ് എസി-130 വിമാനത്തില്‍ അവരുടെ ടെര്‍മിനല്‍ വിജയകരമായി പരീക്ഷിച്ചു.

പ്രതീകാത്മക ചിത്രം | ഫോട്ടോ: എൻവാറ്റോ

2020-ല്‍, ബോയിംഗ് KC-135 സ്ട്രാറ്റോടാങ്കര്‍ ഉള്‍പ്പെടെയുള്ള വിവിധതരം ഏരിയല്‍, ടെറസ്ട്രിയല്‍ അസറ്റുകളുമായി ബന്ധിപ്പിച്ച് അവരുടെ നൂതന വാര്‍ഫെയര്‍ മാനേജ്മെന്റ് സിസ്റ്റങ്ങളെ പിന്തുണയ്ക്കാന്‍ ഒരു ലൈവ്-ഫയര്‍ അഭ്യാസത്തിനിടെ യുഎസ് എയര്‍ഫോഴ്സ് സ്റ്റാര്‍ലിങ്ക് ഉപയോഗിച്ചു.

2030-ഓടെ 30 ബില്യണ്‍ വരുമാനം

വാഷിംഗ്ടണിലെ റെഡ്മണ്ടില്‍ സ്ഥിതി ചെയ്യുന്ന സ്പേസ് എക്സ് സാറ്റ്‌ലൈറ്റ് ഡെവലപ്മെന്റ് ഫെസിലിറ്റിയില്‍ സ്റ്റാര്‍ലിങ്ക് റിസര്‍ച്ച്, ഡെവലപ്മെന്റ്, മാനുഫാക്ചറിംഗ്, ഓര്‍ബിറ്റ് കണ്‍ട്രോള്‍ ടീമുകള്‍ ഉണ്ട്. സ്റ്റാര്‍ലിങ്ക് കോണ്‍സ്റ്റലേഷന്‍ എന്ന് വിളിക്കുന്ന ഉപഗ്രഹ സമൂഹം രൂപകല്‍പന ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനും വിന്യസിക്കുന്നതിനുമുള്ള ഒരു ദശാബ്ദക്കാലം നീണ്ടുനില്‍ക്കുന്ന പദ്ധതിയുടെ ചെലവ് കുറഞ്ഞത് 10 ബില്യണ്‍ യു.എസ്. ഡോളര്‍ എങ്കിലും വരുമെന്നാണ് 2018 മെയ് മാസത്തില്‍ സ്‌പേസ്എക്‌സ് പ്രഖ്യാപിച്ച എസ്റ്റിമേറ്റ്. 2025-ഓടെ 30 ബില്യണ്‍ ഡോളറിലധികം വരുമാനം സ്റ്റാര്‍ലിങ്കില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍

കഴിഞ്ഞ വര്‍ഷം, സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് ബിസിനസ്സ് രജിസ്റ്റര്‍ ചെയ്തു. അന്താരാഷ്ട്ര വിപണിയെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ അതിവേഗ ഇന്റര്‍നെറ്റ് ഡാറ്റ നല്‍കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. 2023 ഏപ്രിലില്‍ ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് സേവനം നല്‍കാന്‍ പദ്ധതിയിടുന്നതായി അന്നത്തെ സ്റ്റാര്‍ലിങ്ക് ഇന്ത്യ ഡയറക്ടര്‍ സഞ്ജയ് ഭാര്‍ഗവ പറഞ്ഞിരുന്നു. സ്പേസ് എക്സിന് ഇന്ത്യയില്‍ 100 ശതമാനം ഉടമസ്ഥതയിലുള്ള സബ്സിഡിയറി ഉണ്ടെന്നും ലൈസന്‍സുകള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനും അപേക്ഷിക്കാന്‍ കഴിയുമെന്നും ഭാര്‍ഗവ അവകാശപ്പെട്ടു.

നരേന്ദ്ര മോദിയും ഇലോണ്‍ മസ്കും | Photo: PTI

പ്രഖ്യാപനത്തിന് ശേഷം ഇന്ത്യയില്‍നിന്ന് സ്റ്റാര്‍ലിങ്കിന് 5,000-ത്തിലധികം പ്രീ-ഓര്‍ഡറുകള്‍ ലഭിച്ചിരുന്നു. എന്നിരുന്നാലും, സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഇന്ത്യയില്‍ സേവനങ്ങള്‍ നല്‍കാനുള്ള ലൈസന്‍സ് ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു. കൂടുതല്‍ ബുക്കിംഗ് സ്വീകരിക്കുന്നതിനെതിരെ ടെലികോം വകുപ്പ് സ്റ്റാര്‍ലിങ്കിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതിനുപിന്നാലെ നിയമിതനായി നാല് മാസത്തിന് ശേഷം ഭാര്‍ഗവ സ്റ്റാര്‍ലിങ്ക് ഇന്ത്യ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജിവച്ചു.

സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വാങ്ങരുതെന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സാറ്റലൈറ്റ് അധിഷ്ഠിത സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് മുമ്പ് ലൈസന്‍സ് എടുക്കണം എന്ന് പ്രസ്താവനയില്‍ ടെലികോം ഡിപ്പാര്‍ട്ട്മെന്റ് ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ സ്റ്റാര്‍ലിങ്കിനോട് അവശ്യപ്പെടുകയും ചെയ്തു.

ആശങ്കകള്‍

ആഗോള തലത്തില്‍ ഇതിനകം സ്പേസ്എക്സ്, വണ്‍വെബ് ഉള്‍പ്പടെ വിവിധ കമ്പനികള്‍ വന്‍തോതില്‍ വിവര വിനിമയ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. ചെറുതെങ്കിലും പതിനായിരക്കണക്കിന് ഉപഗ്രങ്ങളാണ് ഈ രീതിയില്‍ വിക്ഷേപിക്കുന്നത്. മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി വിക്ഷേപിക്കുന്ന വലിയ ഉപഗ്രഹങ്ങളും ഈ വിക്ഷേപണങ്ങളുടെയെല്ലാം ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളും വേറെയുണ്ട്.

ഭൂമിയ്ക്ക് ചുറ്റും കുന്നുകൂടുന്ന കൃത്രിമ ഉപഗ്രഹങ്ങളുടെ എണ്ണം ബഹിരാകാശ ശാസ്ത്ര ദൗത്യങ്ങള്‍ക്ക് വലിയ വെല്ലുവിളിയാവുമെന്ന മുന്നറിയിപ്പ് ഈ രംഗത്തെ വിദഗ്ദര്‍ നല്‍കുന്നുണ്ട്. രാത്രികാല ആകാശത്ത് ജ്യോതിശാസ്ത്രജ്ഞര്‍ക്ക് നക്ഷത്രങ്ങളെ നിരീക്ഷിക്കാനാകാത്ത വിധം ഇവ തടസം സൃഷ്ടിക്കുമെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള കാഴ്ച | Photo: Getty images

8000-ഓളം കൃത്രിമ ഉപഗ്രഹങ്ങള്‍ ഭൂമിയെ ചുറ്റുന്നുണ്ടെന്നാണ് വിവരം. 2019-ന് ശേഷം നാല് മടങ്ങ് വര്‍ധനവാണ് ഇവയുടെ എണ്ണത്തിലുണ്ടായത്. വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ വ്യവസായ രംഗം വികസിക്കുന്നതിനൊപ്പം ഉപഗ്രഹങ്ങളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ആഗോളതലത്തില്‍ ഇതിനകം നാല് ലക്ഷം ഉപഗ്രഹങ്ങള്‍ക്ക് ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഈ ഉപഗ്രഹങ്ങളെ കൊണ്ട് നേട്ടങ്ങള്‍ പലതാണെങ്കിലും അത് മൂലമുണ്ടായേക്കാവുന്ന ഭീകരാവസ്ഥയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് വിദഗ്ദര്‍. ഈ സാഹചര്യം കണക്കിലെടുത്ത് ഉപഗ്രഹ വിക്ഷേപണത്തില്‍ നിയന്ത്രണം വേണമെന്ന ആവശ്യം ഇതിനകം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

Photo: GettyImages

മറ്റ് ഗ്രഹങ്ങളില്‍നിന്നുള്ള സിഗ്‌നലുകള്‍ പിടിച്ചെടുക്കുന്നതിന് ഇത് തടസം സൃഷ്ടിക്കും. പ്രകാശ മലിനീകരണത്തെ പോലെ ഈ പ്രശ്നവും അവഗണിക്കാന്‍ സാധിക്കില്ല. ഇത് ഒരു സാംസ്‌കാരിക പ്രശ്നം കൂടിയാണെന്നും പ്രകൃതിക്കുണ്ടാക്കുന്ന ആഘാതം വലുതാണെന്നും വിദഗ്ദര്‍ പറയുന്നു. ഇപ്പോള്‍ തന്നെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാനാവുംവിധമാണ് ഈ ഉപഗ്രങ്ങള്‍ എല്ലാം സ്ഥിതി ചെയ്യുന്നത്. രാത്രികാല ആകാശത്ത് നാം കണുന്ന പലതും നക്ഷത്രങ്ങളല്ല, ഇങ്ങനെയുള്ള ഉപഗ്രഹങ്ങളാണ്.

പ്രവര്‍ത്തന സമയത്ത് അവയുടെ തെളിച്ചം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി നവീകരണങ്ങള്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളില്‍ നടപ്പിലാക്കിക്കൊണ്ട് ഒരു പരിധി വരെ ജ്യോതിശാസ്ത്ര ആശങ്കകള്‍ ലഘൂകരിക്കാന്‍ സ്‌പേസ് എക്‌സ് ശ്രമിച്ചിട്ടുണ്ട്. ഉപഗ്രഹങ്ങളില്‍ ക്രിപ്റ്റോണ്‍ അല്ലെങ്കില്‍ ആര്‍ഗോണ്‍ ഇന്ധനം ഘടിപ്പിച്ച ഹാള്‍ ത്രസ്റ്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. അപ്ലിങ്ക് ചെയ്ത ട്രാക്കിംഗ് ഡാറ്റയെ അടിസ്ഥാനമാക്കി കൂട്ടിയിടികള്‍ സ്വയം ഒഴിവാക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഉപഗ്രഹങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് എന്നതും സ്റ്റാര്‍ലിങ്കിന്റെ പ്രത്യേകതയാണ്.

Content Highlights: the dream of elon musk to bring internet everywhere what is starlink

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Ukraine Starlink
Premium

9 min

യുക്രൈൻ യുദ്ധഭൂമിയിൽ സ്റ്റാർലിങ്കിന് എന്തു കാര്യം! 'ആകാശപ്പോരി'ൽ ഇനി ചൈനയും അമേരിക്കയും നേർക്കുനേർ

Jun 6, 2023


MiG-21
Premium

8 min

60 വര്‍ഷം, മുന്നൂറോളം അപകടങ്ങള്‍, 170 മരണം; വിവാദത്തിൽ ഉലഞ്ഞ് 'പറക്കും ശവപ്പെട്ടി'

May 31, 2023


OMEN by HP 17-ck2004TX
Tech Review

2 min

2.5 ലക്ഷത്തിന് മുകളില്‍ വില, വമ്പന്‍ സൗകര്യങ്ങളുമായി എച്ച്പി ഒമെന്‍ 17 ലാപ്‌ടോപ്പ്

Apr 3, 2023

Most Commented