ഇലക്ട്രിക് കാര്‍, ബാറ്ററി, സോളാര്‍ പാനല്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധേയരായ അമേരിക്കന്‍ കമ്പനി ടെസ്ലയില്‍ നിന്നും പുതിയൊരു ഉല്‍പ്പന്നം കൂടിയെത്തുന്നു. വീടുകളിലേക്ക് ആവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്ന സോളാര്‍ റൂഫ് ടൈല്‍. എലന്‍ മസ്‌ക് തലവനായ ടെസ്ലയുടെ ഈ പുതിയ ഉല്‍പ്പന്നം ആദ്യമായി വീടുകളില്‍ ഉപയോഗിച്ചു എന്നാണ് പുതിയ വാര്‍ത്ത. 

പൊതു വിപണിയിലിറക്കുന്നതിന് മുമ്പായി എലന്‍ മസ്‌കിന്റേതുള്‍പടെ മൂന്ന് ടെസ്‌ല അംഗങ്ങളുടെ തന്നെ വീടുകളിലാണ് ആദ്യ സോളാര്‍ റൂഫ് ടൈലുകള്‍ സ്ഥാപിച്ചത്. എന്നു മുതലാണ് റൂഫുകള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചതെന്ന കാര്യം കമ്പനി വ്യക്തമാക്കിയില്ല. സോളാര്‍ റൂഫ് വലിയ വിജയമാവുമെന്നും റൂഫ് നിര്‍മ്മാണം തുടരുമെന്നും എലന്‍ മസ്‌ക് പറഞ്ഞു. 

Smooth tileകാഴ്ചയില്‍ സോളാര്‍ പാനലുകളാണെന്ന് തോന്നാത്ത വിധത്തിലുള്ളതാണ് ടെസ്ല സോളാര്‍ റൂഫ് ടൈലുകളുടെ രൂപകല്‍പന. നിലവില്‍ ടെക്‌സ്റ്റേര്‍ഡ് (Textured), സ്മൂത്ത് (Smooth)  എന്നിങ്ങനെ രണ്ട് ഡിസൈനുകളിലുള്ള റൂഫ് ടൈലുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഭാവിയില്‍ സാധാരണ ഓടുകളുടെ കാവി നിറത്തിലും നീല നിറത്തിലും ടൈലുകള്‍ പുറത്തിറക്കും. 

Elon Musk
സോളാര്‍ റൂഫ് ടൈലുമായി എലന്‍ മസ്‌ക്‌

വീടുകളിലെ ആവശ്യങ്ങള്‍ക്ക് വേണ്ട വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ഈ റൂഫുകള്‍ക്ക് സാധിക്കും. ടെമ്പേഡ് (tempered) ഗ്ലാസു കൊണ്ട് നിര്‍മ്മിച്ച സോളാര്‍ റൂഫ് ടൈലുകള്‍ സാധാരണ റൂഫ് ടൈലുകളേക്കാള്‍ മൂന്നിരട്ടി ഉറപ്പുള്ളതാണെന്ന് ടെസ്ല അവകാശപ്പെടുന്നു. 

അണ്‍ലിമിറ്റഡ് വാറണ്ടിയാണ് റൂഫ് ടൈലിന് നല്‍കുന്നത്. 30 വര്‍ഷത്തെ പവര്‍ വാറണ്ടിയും കമ്പനി നല്‍കുന്നു. കാലിഫോര്‍ണിയയിലെ ഫ്രെമോണ്ട് സോളാര്‍ പ്ലാന്റിലാണ് ഇപ്പോള്‍ ടൈലുകളുടെ നിര്‍മ്മാണം നടക്കുന്നത്. ഇക്കഴിഞ്ഞ മെയില്‍ തന്നെ സോളാര്‍ റൂഫുകള്‍ക്കായുള്ള ഓണ്‍ലൈന്‍ സ്‌റ്റോറിന് ടെസ് ല തുടക്കമിട്ടിരുന്നു.