ഇസ്ലാമാബാദ് : പാകിസ്താനിലെ യുവാക്കള്‍ക്കിടയില്‍ പ്രത്യേകിച്ചും സ്വവര്‍ഗാനുരാഗികളിലും ലൈംഗിക തൊഴിലാളികളിലും എച്ച്ഐവി രോഗം വര്‍ധിക്കാന്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ച കാരണമാകുന്നുവെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്.

യാഥാസ്ഥിതികമായ രാജ്യത്ത് മൊബൈല്‍ ആപ്ലിക്കേഷനുകളും സോഷ്യല്‍ മീഡിയയും പുതിയ ഇടങ്ങള്‍ തുറന്നുകൊടുത്തുവെന്നും സ്മാര്ട്ഫോണ്‍ ലൈംഗിക സ്വാതന്ത്ര്യം നല്‍കുന്നുവെന്നും, പങ്കാളികളെ കണ്ടെത്താനുള്ള വഴിയാവുന്നുവെന്നുമാണ് പാകിസ്താനില്‍ നിന്നുള്ള ആരോഗ്യ വിദഗ്ദരുടെ കണ്ടെത്തല്‍. 

സാങ്കേതിക വിദ്യയിലുണ്ടായ മുന്നേറ്റവും വില കുറഞ്ഞ ഉപകരണങ്ങളുടെ ലഭ്യതയും മൂലം ഡേറ്റിങ് ആപ്പുകള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നത് കാരണം പാകിസ്താനിലെ യുവാക്കളിലും പുരുഷന്മാരിലും എച്ച്ഐവി വ്യാപിക്കാനിടയാവുന്നുവെന്ന് പാകിസ്താനിലെ നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ പ്രോഗ്രാം സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ സോഫിയ ഫര്‍ഖാന്‍ പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ എച്ച്ഐവി രോഗബാധിതരുടെ എണ്ണത്തില്‍ നാടകീയമായ വളര്‍ച്ചയാണ് പാകിസ്താനിലുണ്ടായത്. 2000 ല്‍ 8,360 പേരാണ് എച്ച്ഐവി രോഗബാധിതരായി ഉണ്ടായിരുന്നതെങ്കില്‍ 2015ല്‍ ഇത് 46,000 ആയി വര്‍ധിച്ചുവത്രെ. ആഗോളതലത്തില്‍ 2.2 ശതമാനം വളര്‍ചയുണ്ടായപ്പോള്‍ പാകിസ്താനില്‍ 17.6 ശതമാനം വര്‍ധനവാണ് എച്ച്ഐവി രോഗികളുടെ എണ്ണത്തിലുണ്ടായത്.

ഫര്‍ഖാന്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം ആളുകളും ലൈംഗിക പങ്കാളികളെ കണ്ടെത്തിയത് മൊബൈല്‍ ആപ്പുകള്‍ വഴിയാണ്. സര്‍വേയില്‍ പ്രതികരിച്ച സ്വവര്‍ഗ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ 8.6 ശതമാനം പുരുഷന്മാരും സുരക്ഷാമാര്‍ഗങ്ങളൊന്നും സ്വീകരിച്ചു.പാകിസ്താന്‍ സ്‌കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തിലുള്ള അപര്യാപ്തതയും ഇതിനുള്ള കാരണമായി ഫര്‍ഖാന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമുള്ള വിദഗ്ദരും ഡേറ്റിങ് ആപ്പുകള്‍ ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നുണ്ടെന്ന് അഭിപ്രായപ്പെടുന്നുണ്ട്.