ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള സാംസാം റാന്‍സംവെയര്‍ ആക്രമണം കവര്‍ന്നത് 409 കോടി രൂപയ്ക്ക് തുല്യമായ തുക. റാന്‍സംവെയര്‍ ആക്രമണത്തിനിരയാവരില് ഭൂരിഭാഗവും (74%) അമേരിക്കയില്‍നിന്നുള്ളവരാണ്.
ബ്രിട്ടന്, ബെല്‍ജിയം, കാനഡ, ഓസ്ട്രേലിയ, ഡെന്മാര്ക്ക്, നെതര്‍ലാന്‍ഡ്, എസ്തോണിയ, മധ്യപൂര്‍വേഷ്യ, ഇന്ത്യ എന്നിവയാണ് റാന്‍സംവെയര്‍ ആക്രമണബാധിതമായ മറ്റ് പ്രദേശങ്ങള്‍. ആക്രമണത്തിന്റെ ആഘാതം കുറവുള്ളത് ഇന്ത്യയില്‍ മാത്രമാണ്.
സൈബര്‍ സുരക്ഷാ സ്ഥാപനമായ സോഫോസ് ആണ് ഈ വിവരം പുറത്തുവിടുന്നത്. ഇന്ത്യയില്‍ ഇത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ടെന്നും ഇന്ത്യയിലെ വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ സൈബര്‍സുരക്ഷയില്‍ ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചുവെന്നും സോഫോസ് പറയുന്നു.
സാംസാം ആക്രമണം പൂര്‍ണമായും മനുഷ്യ നിയന്ത്രിതമാണ്. അതുകൊണ്ടുതന്നെ സുരക്ഷാ സംവിധാനങ്ങളെ സമയാ സമയം മറികടക്കാനുള്ള നീക്കങ്ങള്‍ നടത്താന്‍ സൈബര്‍ കുറ്റവാളിയ്ക്ക് സാധിക്കും.
മറ്റ് റാന്സവെയറുകളില് നിന്ന് വ്യത്യസ്തമായി തികഞ്ഞൊരു എന്‍ക്രിപ്ഷന്‍ ടൂള്‍ ആണ് സാംസാം. വര്‍ക്ക് ഡാറ്റാ ഫയലുകള്‍ക്ക് പുറമെ വിന്‍ഡോസ് കംപ്യൂട്ടറിന്റെ പ്രവര്‍ത്തനത്തിന് അനിവാര്യമല്ലാത്ത പ്രോഗ്രാമുകളെയും വരുതിയിലാക്കാന്‍ ഈ റാന്‍സം വെയറിന് സാധിക്കും.
ഏതെങ്കിലും വിധത്തില്‍ എന്‍ക്രിപ്ഷന്‍ പ്രക്രിയ പരാജയപ്പെട്ടാല്‍ ഒരു കടന്നുകയറ്റത്തിന് ശ്രമിച്ചതിന്റെ യാതൊരു തെളിവും ബാക്കിവെക്കാതെ കംപ്യൂട്ടറുകളില്‍ നിന്ന് തിരിച്ചുപോവാനും സാംസാം റാന്‍സംവെയറിന് സാധിക്കും.
ഈ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ സോഫ്റ്റ് വെയര്‍ റീ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ബാക്ക് അപ്പ് റിസ്റ്റോര്‍ ചെയ്യുകയോ വേണ്ടിവരും.
അതുകൊണ്ടുതന്നെ റാന്‍സം വെയര്‍ ബാധിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും തങ്ങളുടെ ഫയലുകള്‍ തിരിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഫയലുകള്‍ തിരിച്ചെടുക്കാന്‍ പലര്‍ക്കും കുറ്റവാളികള്‍ ആവശ്യപ്പെടുന്ന പ്രതിഫലത്തുക നല്‍കേണ്ടി വരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..