ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പറില്‍ കൃത്രിമം കാണിക്കുന്നത് ഇനി മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കുന്ന കുറ്റകൃത്യം. മൊബൈല്‍ ഫോണ്‍ മോഷണങ്ങളും മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണുകളെ കണ്ടുപിടിക്കാതിരിക്കാന്‍ ഐഎംഇഐ നമ്പര്‍ മാറ്റുന്നതും തടയുന്നതിന് വേണ്ടിയാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്ന് ടെലികോം മന്ത്രാലയം പുറത്തിറക്കിയ  വാര്‍ത്താകുറിപ്പില്‍ പറയുന്നു. 

അറിഞ്ഞുകൊണ്ട് ഒരാള്‍ നിയമവിരുദ്ധമായി ഐഎംഇഐ നമ്പറിലോ അതിനെ സംബന്ധിക്കുന്ന സോഫ്റ്റ് വെയറിലോ മാറ്റം വരുത്തിയ ഫോണുകള്‍ ഉപയോഗിക്കുന്നത് തടയുന്നതിനായുള്ള ഈ പുതിയ നിയമം'ദി പ്രിവന്‍ഷന്‍ ഓഫ് ടാമ്പറിങ് ഓഫ് മൊബൈല്‍ഫോണ്‍ ഡിവൈസ് എക്യുപ്‌മെന്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍, റൂള്‍സ്, 2017' എന്നാണ് അറിയപ്പെടുക. ഇന്ത്യന്‍ ടെലഗ്രാഫ് ആക്റ്റിന്റെ സെക്ഷന്‍ 7ഉം സെക്ഷന്‍ 25ഉം ചേര്‍ത്താണ് പുതിയ നിയമം ഉണ്ടായിരിക്കുന്നത്. 

ഒരോ ഹാന്റ്‌സെറ്റിന്റെയും തിരിച്ചറിയല്‍ നമ്പറാണ് ഐഎംഇഐ നമ്പര്‍. ഒരു ഫോണില്‍ നിന്നും വിളിക്കുമ്പോള്‍ ആ ഫോണിന്റെ ഐഎംഇഐ നമ്പറും ഫോണ്‍ നമ്പറും ശേഖരിക്കപ്പെടുന്നുണ്ട്. ഫോണ്‍ നമ്പര്‍ മാറ്റിയാലും ഐഎംഇഐ നമ്പറില്‍ മാറ്റമുണ്ടാവില്ല. എന്നാല്‍ പ്രത്യേകം സംവിധാനങ്ങള്‍ ഉപയോഗിച്ച് സാങ്കേതിക ജ്ഞാനമുള്ള ഒരാള്‍ക്ക് അത് സാധ്യമാണ്.

ഗ്ലോബല്‍ ഇന്‍ഡസ്ട്രി ബോഡിയായ ജിഎസ്എം അസോസിയേഷനോ അല്ലെങ്കില്‍ അത് ചുമതലപ്പെടുത്തിയിട്ടുള്ള മറ്റേതെങ്കിലും സമിതിയോ ആണ് ഐഎംഇഐ നമ്പറുകള്‍ നല്‍കുന്നത്. ഫോണുകള്‍ നഷ്ടപ്പെടുമ്പോള്‍ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് അത് കണ്ടെത്താന്‍ സാധിക്കും. 

ഐഎംഇഐ നമ്പറില്‍ കൃത്രിമത്വം കാണിക്കുന്നതിനെതിരെ ശക്തമായ നിയമം നിര്‍മ്മിക്കാനുള്ള ശ്രമത്തിലായിരുന്നു ടെലികോം മന്ത്രാലയം. 2009ല്‍ വ്യാജ ഐഎംഇഐ നമ്പറിലുള്ള ഫോണുകള്‍ക്ക് സേവനം നല്‍കരുതെന്ന് ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും വ്യാജനെ തിരിച്ചറിയുന്നതില്‍ പരാജയം നേരിടുകയായിരുന്നു. ഒരേ ഐഎംഇഐ നമ്പറുള്ള 18,000-ഓളം മൊബൈല്‍ ഫോണുകളുണ്ടെന്നാണ് ടെലികോം മന്ത്രാലയത്തിന്റെ ടെലികോം എന്‍ഫോഴ്‌സ്‌മെന്റ് റിസോഴ്‌സ് ആന്റ് മോണിറ്ററിങ് സെല്ലിന്റെ കണ്ടെത്തല്‍. 

പുതിയ സംവിധാനത്തിന്‍ കീഴില്‍ മോഷ്ടിക്കപ്പെട്ട ഫോണുകളില്‍ നിന്നും സിം കാര്‍ഡുകള്‍ മാറ്റിയാലും ഐഎംഇഐ നമ്പര്‍ മാറ്റിയാലും ആ ഫോണുകള്‍ തിരിച്ചറിഞ്ഞ് അതിലേക്കുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കും.