റേഡിയോ സിഗ്നല്‍ വഴി കോഡ് ഭാഷയില്‍ അജ്ഞാതര്‍ ആശയവിനിമയം നടത്തുന്നതായി കണ്ടെത്തല്‍. കൊല്‍ക്കത്തയിലെ ഹാം റേഡിയോ ഓപ്പറേറ്റര്‍മാരാണ് അജ്ഞാത റേഡിയോ സന്ദേശങ്ങള്‍ തിരിച്ചറിഞ്ഞത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി അജ്ഞാതരില്‍ നിന്നും സിഗ്നലുകള്‍ വരുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. 

ദീപാവലിയോടനുബന്ധിച്ച് നോര്‍ത്ത് 24 പാരഗനാസ് ജില്ലയിലെ സോദേപൂരിലാണ് കോഡ് ഭാഷയിലുള്ള റേഡിയോ ആശയവിനിമയ ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ കണ്ടെത്തിയത്. അതിന് ശേഷം ഹൂഗ്ലി ജില്ലയിലെ ചചുരയില്‍ നിന്നും കൊല്‍ക്കത്തയിലെ സീല്‍ദായില്‍ നിന്നും സമാനമായ സിഗ്നലുകള്‍ ലഭിച്ചു.ലഭിച്ച സിഗ്നലുകള്‍ കൊല്‍ക്കത്തയില്‍ നിന്നും 25-30  കിലോമീറ്റര്‍ പരിധിയില്‍ നിന്നുള്ളവയാണ്. 

സിഗ്നലുകളില്‍ സംശയം തോന്നിയ റേഡിയോ ഓപ്പറേറ്റര്‍മാര്‍ അക്കാര്യം പോലീസ് മേധാവികളേയും കേന്ദ്ര ഏജന്‍സികളേയും വാര്‍ത്താവിനിമയ മന്ത്രാലത്തേയും അറിയിച്ചു.

കഴിഞ്ഞ കുറച്ചാഴ്ചകളായി പ്രത്യേകിച്ചും അര്‍ധരാത്രിയ്ക്ക് ശേഷം ഞങ്ങള്‍ അത്തരം കോഡ് ഭാഷയിലുള്ള ആശയവനിമയങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് ബെംഗാള്‍ അമേച്വര്‍ റേഡിയോ ക്ലബ് സെക്രട്ടറി അംബരിഷ് നാദ് ബിശ്വാസ് പറഞ്ഞു. അതീവ രഹസ്യമായിട്ടാണ് ആ ആശയവനിമയം നടക്കുന്നത്. കാരണം അവരുമായി സംവദിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. അവര്‍ ആരാണെന്ന് അന്വേഷിച്ചാല്‍ പൂര്‍ണ നിശബ്ദദമാത്രമാണുള്ളത്. അഫ്ഗാനിസ്ഥാനില്‍ സംസാരിക്കുന്ന പാഷ്തു ശൈലിയിലുള്ള ഉച്ചാരണമാണ് ആശയവിനിമയം നടത്തുന്നവര്‍ക്കുള്ളത്. എന്നാല്‍ സംസാരിക്കുന്ന ഭാഷ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു.

വിവരത്തിന്റെ അടിസ്ഥാനത്തില്‍ കിഴക്കന്‍ മേഖലാ അന്താരാഷ്ട്ര വയര്‍ലെസ് മോണിറ്ററിങ് സ്‌റ്റേഷന്‍ അജ്ഞാത റേഡിയോ സിഗ്നലുകളെ പിന്തുടരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കോര്‍ഡിനേഷന്‍ പോലീസ് വയര്‍ലസ് ഡയറക്ടറേറ്റിനെ (ഡി.സി.പി.ഡബ്ല്യൂ.) അറിയിച്ചതായി പശ്ചിമബെഗാള്‍ പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ എഡിജി പറഞ്ഞു.

അതേസമയം മൊബൈല്‍ സേവനങ്ങള്‍ നിരീക്ഷണത്തിന് വിധേയമായതിനാല്‍ ഏതെങ്കിലും തീവ്രവാദി സംഘങ്ങള്‍ പരസ്പര ആശയവിനിമയത്തിന് വേണ്ടി ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങളാണോ ഇവയെന്ന് രഹസ്യാന്വേഷണ ഉദ്യേഗസ്ഥര്‍ പ്രഖ്യാപിച്ചിട്ടില്ല.

2016 ല്‍ ബാസിരാത്ത്, സുന്ദര്‍ബന്‍ മേഖലയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും ബെംഗാളി, ഉര്‍ദു ഭാഷയിലുള്ള കോഡ് സംഭാഷണങ്ങള്‍ ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ കണ്ടെത്തിയിരുന്നു. 

ഹാം റേഡിയോ ഓപ്പറേറ്റര്‍

   വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, അടിയന്തരസന്ദര്‍ഭങ്ങളിലെ വാര്‍ത്താവിനിമയം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങള്‍ ഉപയോഗിച്ച് സ്വകാര്യവ്യക്തികള്‍ നടത്തുന്ന റേഡിയോ സന്ദേശവിനിമയത്തെയാണ് ഹാം റേഡിയോ അഥവാ അമച്വര്‍ റേഡിയോ എന്നു പറയുന്നത്. റേഡിയോ തരംഗങ്ങള്‍ ഉപയോഗിക്കുന്നതിന് കേന്ദ്ര ഐടി-വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ അനുമതിയും ഇവര്‍ക്കുണ്ട്. എന്തെങ്കിലും ഒരു പ്രത്യേക പദം ഉപയോഗിച്ചാണ് ഇവര്‍ പരസ്പരം തിരിച്ചറിയുന്നത്. 

Content Highlights: Suspicious radio signals intercepted in Kolkata