കുറഞ്ഞ ചിലവില്‍ ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്കുന്നതിനായുള്ള സ്പെയ്സ് എക്സിന്റെ 'സ്റ്റാര്‍ലിങ്ക്' പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുന്നതിന്റെ മുന്നോടിയായി സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ പരീക്ഷണ വിക്ഷേപണം ഫെബ്രുവരി 17ന് കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബര്‍ഗ് എയര്‍ഫോഴ്സ് ആസ്ഥാനത്ത് നടക്കും.
മൈക്രോസാറ്റ് 2എ, 2 ബി എന്നീ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകളുടെ പ്രൊട്ടോടൈപ്പുകളാണ് സ്പെയ്സ് എക്സ് ഭ്രമണ പഥത്തിലെത്തിക്കുക.
സ്പെയിനിന്റെ പാസ് (PAZ) എന്ന റെഡാര്‍ ഒബ്സര്‍വേഷന്‍ ഉപഗ്രഹത്തിനൊപ്പമാണ് ഈ രണ്ട് ഉപഗ്രങ്ങളും വിക്ഷേപിക്കുന്നത്. 1350 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് പാസ്. 400 കിലോഗ്രാം ആണ് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ ഭാരം. 514 കിലോമീറ്റര്‍ അകലേയ്ക്കാണ് ഉപഗ്രങ്ങള്‍ വിക്ഷേപിക്കുക.
Static fire test of Falcon 9 complete—targeting February 17 launch of PAZ from Vandenberg Air Force Base in California.
— SpaceX (@SpaceX) February 11, 2018
വാഷിങ്ടണിലെ റെഡ്മോണ്ടില് പ്രവര്‍ത്തിക്കുന്ന സ്പെയ്സ് എക്സ് സംഘത്തിനാണ് സാറ്റലൈറ്റ് ശൃഖല സ്ഥാപിക്കുന്നതിനുള്ള ചുമതല. ശനിയാഴ്ച നടക്കാനിരിക്കുന്ന വിക്ഷേപണത്തിന് മുന്നോടിയായി ഇന്ന് വാന്‍ഡന്‍ ബര്‍ഗില്‍ വെച്ച് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ പരീക്ഷണ ജ്വലനം നടത്തി.
ആയിരക്കണക്കിന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച് 2020 ഓടെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ശൃംഖല സ്ഥാപിക്കാനും അതുവഴി ആഗോളതലത്തില്‍ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്കുവാനുമാണ് സ്പേസ് എക്സ് പദ്ധതിയിടുന്നത്.
ബ്രോഡ്ബാന്റ് സേവനത്തിന് പുറമെ വീഡിയോ സേവനങ്ങള്‍, ഭൗമചിത്രീകരണം, റിമോട്ട് സെന്‍സിങ് തുടങ്ങി വിവിധ ലക്ഷ്യങ്ങളും സ്റ്റാര്‍ലിങ്ക് പദ്ധയിക്കുണ്ട്.