ഒരു ഭീമന്‍ റോക്കറ്റിന്റെ വിക്ഷേപണ പരീക്ഷണം കൗതുകത്തോടെയാണ് ലോകം വീക്ഷിച്ചത്. എന്നാല്‍ റോക്കറ്റിനൊപ്പം എന്തിനാണ് ഒരു സ്‌പോര്‍ട്‌സ് കാര്‍ ബഹിരാകാശത്തേക്ക് അയച്ചത്? ഈ ചോദ്യം ആരുടെയും മനസില്‍ ഉയര്‍ന്നിട്ടുണ്ടാവാം. 

സ്വപ്‌ന സഞ്ചാരിയായും ശാസ്ത്രകുതുകിയുമായ എലന്‍മസ്‌ക് എന്ന അതി സമ്പന്നനായ വ്യവസായിയുടെസ്വപ്‌നങ്ങളിലൊന്നാണ് ആകാശവും കടന്ന് ബഹിരാകാശത്തിന്റെ അനന്തതയിലേക്ക് ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നതാണ് അതിനുള്ള ഉത്തരം.

മൂന്ന് റോക്കറ്റ് ബൂസ്റ്ററുകളുടെ സഹായത്തോടെയാണ് ഫാല്‍ക്കണ്‍ ഹെവി എന്ന ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. മൂന്ന് ബൂസ്റ്ററുകളും പിന്നീട് ഭൂമിയിലേക്ക് തിരികെ ഇറങ്ങി. പക്ഷെ അതില്‍ രണ്ടെണ്ണം മാത്രമാണ് സുരക്ഷിതമായി ഭൂമിയിലെത്തിയത്. മൂന്നാമന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നുവീണു. 

imageഫാല്‍ക്കണ്‍ ഹെവിയുടെ മുകള്‍ ഭാഗത്താണ് ടെസ്ലലയുടെ സ്‌പോര്‍ട്‌സ് കാര്‍ ഘടിപ്പിച്ചിരുന്നത്. അതില്‍ ബഹിരാകാശ സഞ്ചാരിയുടെ വേഷമിട്ട് സ്റ്റാര്‍മാന്‍ എന്നു പേരുള്ളൊരു പ്രതിമയും.

'ഇത് ബാലിശവും ഒരു തമാശയുമാണ്. പക്ഷെ ആ തമാശ ഏറെ കാര്യമുള്ളതാണെന്ന് എനിക്ക് തോന്നുന്നു.'എന്നാണ് മസ്‌ക് ഇതേ കുറിച്ച് പറഞ്ഞത്. 

ടെസ്ല കാര്‍ കാര്‍ ഘടിപ്പിച്ചിരിക്കുന്ന റോക്കറ്റിന്റെ മുകള്‍ ഭാഗം അതിനൊപ്പമുള്ള എഞ്ചിന്റെ സഹായത്തോടെ ഭൂമിയ്ക്കും ചൊവ്വയ്ക്കും ഇടയിലുള്ള ഭ്രമണ പഥത്തിലേക്കാണ് പോവുക. 

അതിനുശേഷം സൗരയൂധത്തിലെ മറ്റ് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും കൂട്ടത്തില്‍ ഈ ടെസ്ല കാറും സൂര്യനെ വലം വെച്ചുകൊണ്ടിരിക്കും. കൂറേ കഴിയുമ്പോള്‍ അത് ചൊവ്വയോട് അടുക്കുകയും ചെയ്യും. മസ്‌കിന്റെ സ്വപ്‌നങ്ങള്‍ ചൊവ്വയിലേക്ക് അടുക്കുന്നതിന്റെ പ്രതീകാത്മകമായൊരു ശ്രമം. 

teslaഎന്തായാലും ബഹിരാകാശെത്തത്തുന്ന ആദ്യ കാര്‍ എന്ന പേര് ടെസ്ലയുടെ ഈ റോഡ്‌സ്റ്ററിന് കൈവരും.

കാറില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു ' Made in Earth By Human' , 'Don't Panic', 'Life on Mars?' ഭാവിയില്‍ അന്യഗ്രഹ വാസികളാരെങ്കിലും കാണുകയാണെങ്കില്‍ കാണട്ടേ. അതും ഒരു കൗതുകക്കാഴ്ച. 

ഒരു സയന്‍സ് ഫിക്ഷന്‍ സിനിമ യാഥാര്‍ത്ഥ്യമാവുകയാണ് എന്നാണ് മുന്‍ നാസ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററും മസാച്‌സറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജിയിലെ പ്രൊഫസറുമായ ഡാവ ന്യൂമാന്‍ പറഞ്ഞത്.  

സൂര്യന് ചുറ്റും ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെ സഞ്ചാരത്തിന്റെ വിവിധ ഘട്ടങ്ങള്‍ വിജയകരമായി നടന്നാല്‍ മാസത്തിനുള്ളില്‍ കാര്‍ ചൊവ്വയോടടുക്കുമെന്ന് മസ്‌ക് പറഞ്ഞു. നൂറുകോടി വര്‍ഷങ്ങള്‍ ഈ കാര്‍ ഭൂമിയ്ക്കും ചൊവ്വയ്ക്കുമിടയില്‍ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ ബഹിരാകാശത്തെത്തിച്ചതിന് പിന്നിലുള്ള കഥയില്‍ ടെസ്ലയുടെ പക്ഷം മുകളില്‍ പറഞ്ഞതെല്ലാം ആണെങ്കിലും ഇത് ടെസ്ല കാറുകളുടെ പബ്ലിസിറ്റി പരിപാടിയാണെന്ന് അഭിപ്രായവും ഒരു പക്ഷത്തിനുണ്ട്.