ലോകവ്യാപകമായി ചുരുങ്ങിയ ചെലവില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള സ്‌പേസ് എക്‌സ് എകസിന്റെ സ്റ്റാര്‍നെറ്റ് പദ്ധതിയുടെ തുടക്കമെന്നോണം പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് ഉപഗ്രഹങ്ങള്‍ സ്‌പേസ് എക്‌സ് വിജയകരമായി വിക്ഷേപിച്ചു. 

സ്‌പെയിനിന്റെ ഒരു റഡാര്‍ ഇമേജിങ് ഉപഗ്രഹത്തിനൊപ്പമാണ് രണ്ട് പരീക്ഷണ ഉപഗ്രഹങ്ങള്‍ സ്‌പേസ് എക്‌സ് ഭ്രമണപഥത്തിലെത്തിച്ചത്. കപ്പല്‍ ഗതാഗതം കാലാവസ്ഥ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് സ്‌പെയ്ന്‍ ഈ ഉപഗ്രഹം വിക്ഷേപിച്ചത്.

സ്റ്റാര്‍നെറ്റ് പദ്ധതിയുടെ ഭാഗമായി മൈക്രോസാറ്റ് 2 എ, 2 ബി എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. 

കാലിഫോര്‍ണയിയിലെ വാന്‍ഡെന്‍ബര്‍ഗ് വ്യോമസേനാ ആസ്ഥാനത്ത് നിന്നും ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. സ്‌പേസ് എക്‌സിന്റെ ഈ വര്‍ഷത്തെ നാലാമത്തെ വിക്ഷേപണമാണിത്. 

അതേസമയം റോക്കറ്റിന്റെ ആദ്യ ഘട്ടം തിരിച്ചെടുക്കാന്‍ സ്‌പേസ് എക്‌സ് ശ്രമിച്ചില്ല. പകരം റോക്കറ്റിന്റെ മുന്‍ഭാഗത്തുള്ള നോസ് കോണ്‍ കടലില്‍ വലവിരിച്ച് പിടിക്കാന്‍ ശ്രമിച്ചു. പക്ഷെ അത് നൂറോളം മീറ്റര്‍ അകലെ നിന്നും കൈവിട്ടു കടലില്‍ പതിച്ചു.