കാശത്തെ ഈ അത്ഭുതക്കാഴ്ചയെന്താണ്? പറക്കും തളികയോ അതോ അന്യഗ്രഹജീവികളോ. ഡിസംബര്‍ 22ന് അമേരിക്കയുടെ ആകാശത്ത് ഇങ്ങനെ ഒരു കാഴ്ച നഗ്ന നേത്രങ്ങള്‍ക്കൊണ്ട് കണ്ടപ്പോള്‍ ആളുകള്‍ ശരിക്കും അമ്പരന്നു. വേവലാതിയോടെ ചിലര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ഏജന്‍സികളെ വിളിച്ചു. ചിലര്‍ കാഴ്ച കണ്ടാസ്വദിച്ചു, ചിലര്‍ സംശയിച്ചു നിന്നു. യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു ആകാശത്ത് കണ്ട ഈ അത്ഭുത പ്രതിഭാസം?

സയന്‍സ് ഫിക്ഷന്‍ സിനിമയിലെന്നപോലെ ഈ കാഴ്ചകണ്ട് അന്തം വിട്ടുനിന്നവര്‍ക്ക് മുന്നിലേക്ക് സ്‌പേയ്‌സ് എക്‌സ് തലവന്‍ എലന്‍ മസ്‌കിന്റെ ട്വീറ്റ് കൂടി വന്നതോടെ സംഭവം കുറച്ചുകൂടി ചൂടുപിടിച്ചു. ഉത്തരകൊറിയയില്‍ നിന്നുള്ള ന്യൂക്ലിയര്‍ പറക്കും തളികയാണ് ഇതെന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്. 

എന്നാല്‍ ഇതിന് പിന്നിലെ കളി ഇതൊന്നുമായിരുന്നില്ല, യഥാര്‍ത്ഥത്തില്‍ വാന്‍ഡെന്‍ബര്‍ഗിലെ വ്യോമസേനാ ആസ്ഥാനത്ത് നിന്ന് വിക്ഷേപിച്ച സ്‌പെയ്‌സ്എക്‌സിന്റെ ഏറ്റവും പുതിയ റോക്കറ്റായിരുന്നു ഇത്. ജനങ്ങളുടെ പരിഭ്രാന്തി മനസിലാക്കി എമര്‍ജന്‍സി റെസ്‌പോണ്‍സ് അധികൃതരാണ് യഥാര്‍ത്ഥ്യം അവരെ അറിയിച്ചത്. 

നിരവധി റോക്കറ്റുകള്‍ ബഹിരാകാശത്തേക്കെത്തിച്ച സ്‌പെയ്‌സ് എക്‌സ് ഇത്തവണത്തെ വിക്ഷേപണം ഒന്നു കൊഴുപ്പിക്കാനാണ് ഇങ്ങനെ ഒരു വിദ്യ പുതിയ റോക്കറ്റില്‍ ഉള്‍ക്കൊള്ളിച്ചത്. 

ഇറീഡിയം കമ്മ്യൂണിക്കേഷന്‍സ് എന്ന കമ്പനിയുടെ 10 വാര്‍ത്താവിനിമയ ഉപഗ്രങ്ങളെ വഹിച്ചാണ് പുനരുപയോഗം സാധ്യമായ സ്‌പെയ്‌സ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റ് വിക്ഷേപിച്ചത്.

2017 ലെ സ്‌പെയ്‌സ് എക്‌സിന്റെ 18-ാമത്തെ റോക്കറ്റ് വിക്ഷേപണമായിരുന്നു ഇത്. റോക്കറ്റ് വിക്ഷേപണ സമയത്ത് സാധാരണയുണ്ടാകുന്നപോലെ നേര്‍രേഖയിലുള്ള പുകപടലത്തിന് പകരം പ്രത്യേകരീതിയിലുള്ള പുകയുടെ വിന്യാസമുണ്ടാവുമെന്ന് വിക്ഷേപണ കേന്ദ്രം ഔദ്യോഗിക വെബ്‌സൈറ്റില്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇങ്ങനെ രൂപപ്പെട്ട പുകപടലം സൂര്യ പ്രകാശത്തില്‍ തിളങ്ങിയതോടെ അത് ഒരു കാഴ്ച വിസ്മയത്തിന് വഴിവെക്കുകയായിരുന്നു.

ഈ കാഴ്ച എന്തായാലും ജനങ്ങള്‍ ഏറെ ആസ്വദിച്ചു. എന്നാല്‍ കാഴ്ചകള്‍ അവസാനിച്ചിട്ടില്ലെന്ന് അറിയിച്ചിരിക്കുകയാണ് എലന്‍മസ്‌ക്.

'ഇന്ന് രാത്രിയിലെ കാഴ്ച നിങ്ങള്‍ക്ക് ഇഷ്ടമായെങ്കില്‍ അടുത്തമാസം വിക്ഷേപിക്കാനിരിക്കുന്ന ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് നിങ്ങള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടും.'  മസ്‌ക് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്.