പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ശാസ്ത്രദൗത്യങ്ങള്ക്കപ്പുറത്ത് സാധാരണക്കാരെ ബഹിരാകാശം കാണിക്കാനും വാണിജ്യാടിസ്ഥാനത്തില്‍ യാത്രകള്‍ സംഘടിപ്പിക്കാനും മൂന്നു ശതകോടീശ്വരര്‍ തമ്മിലുള്ള മത്സരം തകൃതിയാണ്. ഈ രംഗത്തെ ഭാവി നിര്‍ണയിക്കുന്നതും ഇവരായിരിക്കും. സ്വന്തംനിലയ്ക്ക് ബഹിരാകാശം കണ്ടുവന്ന് റിച്ചഡ് ബ്രാന്സന് കൈയടി നേടി. ലോകത്തെ ഏറ്റവും സമ്പന്നനും ആമസോണ്‍ സഹസ്ഥാപകനുമായ ജെഫ് ബെസോസ് സ്വന്തം ബഹിരാകാശക്കമ്പനിയായ ബ്ലൂ ഒറിജിന്റെ വാഹനത്തില്‍ ജൂലായ് 20-ന് സ്വപ്നസാക്ഷാത്കാരത്തിന് കാത്തിരിക്കുന്നു.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യാത്രികരെ എത്തിക്കാന്‍ നാസയെ സഹായിച്ച സ്പേസ് എക്സ് സ്ഥാപകന്‍ എലണ്‍ മസ്കാവട്ടെ, ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യരെ എത്തിക്കാനുള്ള സ്റ്റാര്‍ഷിപ്പ് പദ്ധതിക്കു പിറകെയാണ്. എന്തൊക്കെയായാലും ബഹിരാകാശസ്വപ്നം തുടക്കത്തില്‍ കോടീശ്വരന്മാര്ക്കുമാത്രമേ സഫലമാകൂ. മത്സരങ്ങള്‍ കൂടുന്നതിനൊത്ത് ബഹിരാകാശയാത്രയ്ക്കും വരുംഭാവിയില്‍ ചെലവുകുറയുമെന്ന് പ്രതീക്ഷിക്കാം.
റിച്ചഡ് ബ്രാന്സന് തുടങ്ങിവെച്ചത്
ജെഫ് ബെസോസ് ബഹിരാകാശയാത്ര പ്രഖ്യാപിച്ചതിനു പിന്നാലെ പൊടുന്നനെയാണ് താന്‍ ബഹിരാകാശത്തേക്കു പോകുമെന്ന് ബ്രാന്സന് പറഞ്ഞത്. അതും ബെസോസിനെക്കാള്‍ ഒന്പതുദിവസംമുമ്പേ. ഭാവിയില്‍ ബെസോസിനോടും മസ്കിനോടും മല്ലിട്ടുനില്‍ക്കാന്‍ എത്രത്തോളമാകുമെന്നുറപ്പില്ലെങ്കിലും ബഹിരാകാശം തൊട്ട ആദ്യ ശതകോടീശ്വരനെന്ന നേട്ടം ബ്രാന്‍സനു സ്വന്തമായി. വെര്‍ജിന്‍ ഗലാക്റ്റിക് എന്ന തന്റെ ബഹിരാകാശക്കമ്പനിയുടെ വി.എസ്.എസ്. യൂണിറ്റി റോക്കറ്റ് വിമാനത്തില്‍ എഴുപതുകാരന് ബ്രാന്സന് നടത്തിയ യാത്ര ബഹിരാകാശ വിനോദസഞ്ചാരമേഖലയില്‍ പുതുചുവടുവെപ്പായി.