സ്മാര്‍ട്‌ഫോണുകളും ഡാറ്റാ സെന്ററുകളും 2040 ഓടെ പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്ന വിവര വിനിമയ സാങ്കേതിക വിദ്യകളായി മാറുമെന്ന് പഠനം. 2005 മുതല്‍ സ്മാര്‍ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്ലറ്റുകള്‍, ഡെസ്‌ക്ടോപ് കമ്പ്യൂട്ടറുകള്‍, ഡാറ്റാ സെന്ററുകള്‍, ആശയവിനിമയ ശൃംഖലകള്‍ എന്നിവിടങ്ങളില്‍ നിന്നുണ്ടായിട്ടുള്ള കാര്‍ബണ്‍ പ്രസരണത്തെ കുറിച്ച് പഠിച്ച കാനഡയിലെ മക് മാസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇങ്ങനെ ഒരു നിരീക്ഷണംനടത്തിയിരിക്കുന്നത്. 

കാര്‍ബണ്‍ പ്രസരണത്തില്‍ വിവര വിനിമയ സാങ്കേതിക വിദ്യയ്ക്ക് കരുതിയിരുന്നതിനേക്കാളും പങ്കുണ്ടെന്ന് ജേണല്‍ ഓഫ് ക്ലീനര്‍ പ്രൊഡക്ഷനില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 

'ഇപ്പോഴത് 1.5 ശതമാനം മാത്രമാണ്. ഈ നില തുടര്‍ന്നാല്‍ വിവര വിനിമയ സാങ്കേതിക വിദ്യയില്‍ നിന്നുള്ള ആഗോള തലത്തിലുള്ള കാര്‍ബണ്‍ പ്രസരണത്തിന്റെ പങ്ക് 14 ശതമാനമായി ഉയരും. അതായത് ലോകത്തെ ഗതാഗത മേഖലയില്‍ നിന്നുള്ള കാര്‍ബണ്‍ പ്രസരണത്തിന്റെ പകുതിയോളം.' മക് മാസ്റ്റര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ലോട്ഫി ബെല്‍ഖിര്‍ പറയുന്നു.

സന്ദേശങ്ങള്‍ അയക്കുമ്പോഴും, ഫോണ്‍ ചെയ്യുമ്പോഴും, വീഡിയോകള്‍ അപ്ലോഡ് ചെയ്യുമ്പോഴും ഡൗണ്‍ലോഡ് ചെയ്യുമ്പോഴുമെല്ലാം അത് സാധ്യമാക്കുന്നത് ഡാറ്റാ സെന്ററുകളാണ്. നിങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷന്‍ ശൃംഖലകളും ഡാറ്റാ സെന്ററുകളും ധാരാളം ഊര്‍ജം ചിലവഴിക്കുന്നുണ്ട്. ഭൂരിഭാഗം ഡാറ്റാ സെന്ററുകളും ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഊര്‍ജമാണ് ഉപയോഗിക്കുന്നത്. ഈ ഉപയോഗം സാധാരണ നമ്മള്‍ ശ്രദ്ധിക്കാറില്ല,

2020 ഓടെ പ്രകൃതിയ്ക്ക് ഏറെ ദോഷം ചെയ്യുന്ന ഉപകരണമായി സ്മാര്‍ട്‌ഫോണുകള്‍ മാറും. സ്മാര്‍ട്‌ഫോണുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴല്ല പ്രശ്‌നം. അവയുടെ ഉത്പാദനപ്രക്രിയയില്‍ നിന്നുമാണ് വലിയ അളവില്‍ പ്രസരണം സംഭവിക്കുന്നത്. 

സ്മാര്‍ട്‌ഫോണ്‍ ചിപ്പും മദര്‍ബോഡും നിര്‍മ്മിക്കുന്നതിനാണ് ഭൂരിഭാഗം ഊര്‍ജവും വേണ്ടി വരിക. കാരണം അവ നിര്‍മ്മിക്കുന്നത് വലിയ ചിലവില്‍ ഖനനം ചെയ്‌തെടുക്കുന്ന വിലകൂടിയ ലോഹങ്ങളില്‍ നിന്നാണ്. മാത്രവുമല്ല അധികം ഈടുനില്ലാത്തവയായതിനാല്‍ അസാധാരണമായ അളവില്‍ മാലിന്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനും അത് കാരണമാവുന്നു. 

കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ആശയവിനിമയ ഡാറ്റാ സെന്ററുകള്‍ പുനരുപയോഗ ഊര്‍ജ്ജ ഉറവിടങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങണം. അതിന് കൃത്യമായ നയം രൂപീകരിക്കണം. അതുവഴി മറ്റ് ഡാറ്റാ സെന്ററുകളും ഈ രീതി പിന്തുടരാന്‍ തയ്യാറാകണം. തുടങ്ങിയ ചില നിര്‍ദ്ദേശങ്ങളും ഗവേഷകര്‍ മുന്നോട്ടുവെക്കുന്നു.