ന്യൂഡല്‍ഹി: ഫോണുകള്‍, ഹാര്‍ഡ് ഡ്രൈവുകള്‍ തുടങ്ങിയവ വില്‍ക്കുന്നതിന് അതിലെ ഫയലുകളെല്ലാം നീക്കം ചെയ്തുവെന്ന് നിങ്ങള്‍ ഉറപ്പുവരുത്താറുണ്ടോ? ഫോര്‍മാറ്റ് ചെയ്തു എന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍ അത് മാത്രം മതിയാവില്ല എന്ന കാര്യം കൂടി അറിഞ്ഞിരിക്കണം.

ഹാര്‍ഡ് ഡ്രൈവുകളും ഫോണുകളും ഫോര്‍മാറ്റ് ചെയ്താല്‍ മാത്രം അതിലെ ഫയലുകള്‍ പൂര്‍ണമായും നീക്കം ചെയ്യപ്പെടില്ല. നല്ലൊരു ഡാറ്റാ ഇറേസര്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഫയലുകള്‍ മായ്ച്ചു കളഞ്ഞില്ലെങ്കില്‍ ഹാക്കര്‍മാര്‍ക്കും അപരിചിതര്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും നിങ്ങളുടെ വിവരങ്ങള്‍ എളുപ്പത്തില്‍ ചോര്‍ത്താന്‍ സാധിക്കും.

ഇന്ന് ഇന്ത്യയിലെ സെക്കന്റ് ഹാന്റ് ഉല്‍പന്ന വിപണികളില്‍ വലിയ അളവില്‍ വ്യക്തിപരമായ വിവരങ്ങള്‍ അടങ്ങിയ ഫോണുകളും ഹാര്‍ഡ് ഡ്രൈവുകളും ലഭ്യമാണെന്നാണ് കണക്കാക്കപ്പെടുന്നത്. 

രാജ്യത്ത് ഭൂരിഭാഗം ആളുകള്‍ക്കും ഉപകരണങ്ങളില്‍ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ തിരിച്ചെടുക്കാന്‍ സാധിക്കുന്നതാണ് എന്ന വിവരം അറിയില്ല. ഫോര്‍മാറ്റ് ചെയ്യുന്നത് ഇതിനൊരു പരിഹാരമല്ലെന്ന് ഡാറ്റാ മൈഗ്രേഷന്‍ സൊല്യൂഷന്‍സ് പ്രൊവൈഡറായ സ്റ്റൈല്ലര്‍ ഡാറ്റ റിക്കവറി പറയുന്നു.

പലപ്പോഴും രഹസ്യ സ്വഭാവമുള്ളതും വ്യക്തിസ്വകാര്യതയുള്ളതുമായ ഫയലുകള്‍ പൊതുമധ്യത്തിലേക്കെത്തുന്നത് ഇങ്ങനെയാണ്. അടുത്തിടെ ഇന്ത്യയില്‍ നടന്ന ഒരു  ഗവേഷണ പഠനത്തില്‍ ഇക്കാര്യം വ്യക്തമാവുകയും ചെയ്തിട്ടുണ്ട്.

സെക്കന്റ് ഹാന്റ് വിപണിയില്‍ നിന്നും വാങ്ങിയ ഭൂരിഭാഗം ഉപകരണങ്ങളില്‍ നിന്നും ഫോര്‍മാറ്റ് ചെയ്യപ്പെട്ട ഫയലുകള്‍ റിക്കവര്‍ ചെയ്‌തെടുക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചു. ഫോര്‍മാറ്റ് ചെയ്‌തെങ്കിലും ശരിയായ രീതിയില്‍ ഫോര്‍മാറ്റ് ചെയ്യാത്തതാണ് ഇതിന് കാരണമെന്ന് ഗവേഷകര്‍ പറയുന്നു.

ഫോണ്‍ എക്‌സ്‌ചെയ്ഞ്ച് ഓഫര്‍ എന്ന് കേള്‍ക്കുമ്പോഴും, പണത്തിന് ആവശ്യം വരുമ്പോഴുമെല്ലാം സ്വന്തം സ്മാര്‍ട്‌ഫോണും ഹാര്‍ഡ് ഡ്രൈവും കമ്പ്യൂട്ടറുമെല്ലാം വില്‍ക്കുമ്പോള്‍ നിങ്ങള്‍ തീര്‍ച്ചയായും ഓര്‍മിക്കുക നിങ്ങള്‍ വില്‍ക്കുന്നത് നിങ്ങളുടെ സ്വകാര്യത കൂടിയാണ്.