ലാസ് വെഗാസ്: ഡ്രൈവറില്ലാ ബസ് ആദ്യ യാത്രയില്‍ തന്നെ കൂട്ടിയിടിച്ചു. അമേരിക്കയില്‍ പൊതുജനങ്ങള്‍ക്കായുള്ള സേവനം ആരംഭിച്ച ആദ്യ 'സെല്‍ഫ് ഡ്രൈവിങ് ഷട്ടില്‍ ബസ്' ആണ് അപകടത്തില്‍ പെട്ടത്. 

യാത്രക്കാരുമായി നഗര സഞ്ചാരത്തിന് പോയ വാഹനം ഒരു ലോറിയുമായാണ് കൂട്ടിയിടിച്ചത്. ലോറി വേഗത കുറവായിരുന്നതിനാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ലോറി ഡ്രൈവറുടെ പിഴവാണ് അപകടകാരണം എന്നാണ് ഔദ്യോഗിക വിശദീകരണം.  

ഫ്രഞ്ച് കമ്പനിയായ നവ്യയാണ് (NAVYA) ഈ 'സെല്‍ഫ് ഡ്രൈവിങ് ഷട്ടില്‍ ബസ്' വികസിപ്പിച്ചെടുത്തത്. 15 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വാഹനത്തിന് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും. എന്നാല്‍ സാധാരണഗതിയില്‍ മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയില്‍ മാത്രമാണ് വാഹനം സഞ്ചരിക്കാറുള്ളത്. 

'അപകടത്തിനിടയാക്കിയ ലോറി ഒരു ഇടവഴിയില്‍ നിന്നും കയറി വരികയായിരുന്നു. ലോറി കയറി വരുന്നതിനാല്‍ ഡ്രൈവറില്ലാ വാഹനം കൃത്യസമയത്ത് നിന്നിരുന്നു. എന്നാല്‍ ഡ്രൈവര്‍ക്ക് അതിന് സാധിച്ചില്ല ഇതാണ് അപകടത്തിലേക്ക് നയിച്ചത്.' ലാസ് വെഗാസ് ഔദ്യോഗിക വക്താവ് പറഞ്ഞു.

ഗൂഗിളിന്റെ സഹസ്ഥാപനമായ വേയ്‌മോ തങ്ങളുടെ ഓട്ടോമേറ്റഡ് കാര്‍ ടാക്‌സി സേവനം ആരംഭിക്കാനൊരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമാനമായ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു വാഹനം അപകടത്തില്‍ പെട്ട വാര്‍ത്ത പുറത്തുവരുന്നത്. 

ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണം അമേരിക്കന്‍ റോഡുകളില്‍ സജീവമായി നടന്നുവരികയാണ്. ഇതിന് മുമ്പും ഇത്തരം വാഹനങ്ങളുടെ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അവയെല്ലാം മനുഷ്യ ഡ്രൈവര്‍ മാരുടെ അശ്രദ്ധ കാരണമാണെന്നാണ് കണ്ടെത്തല്‍. 

ഈ വര്‍ഷം ആദ്യം അരിസോണയില്‍ ഉബറിന്റെ ഒരു ഡ്രൈവറില്ലാ വാഹനം മറ്റൊരു വാഹനത്തിന്റെ ഡ്രൈവര്‍ വഴികൊടുക്കാതിരുന്നതിനെ തുടര്‍ന്ന് അപകടത്തില്‍ പെട്ടിരുന്നു. 2016ല്‍ ടെസ്‌ല മോഡല്‍ എസ് വാഹനം ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്തു. 

ഈ അപകടങ്ങള്‍ എല്ലാം ഉണ്ടെങ്കിലും റോഡുകളെ സുരക്ഷിതമാക്കാന്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ പ്രാപ്തമാണെന്നാണ് വിദഗ്ദാഭിപ്രായം.

Content Highlights: Self-driving shuttle bus, Navya, Automated cars, Tesla, Arizona, Las vegas, US, America, Driverless Cars, Vehicles