Photo: Archives
ഇരിങ്ങാലക്കുട: നിര്‍മിത ബുദ്ധിയുള്ള (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) റോബോട്ടുകളെ സൃഷ്ടിക്കുന്ന തിരക്കിലാണ് ശാസ്ത്രലോകം. ഇതിന്റെ പലതിന്റെയും അടിസ്ഥാനഘടകമായി പ്രവര്‍ത്തിക്കുന്നത് സംഗമഗ്രാമ മാധവന്റെ ഗണിതസിദ്ധാന്തങ്ങളാണെന്ന് ഡേറ്റ സയന്‍സ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കംപ്യൂട്ടിങ് എന്നിവയില്‍ ഗവേഷണം നടത്തുന്ന സന്തോഷ് കൃഷ്ണന്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് പുണെയില്‍ ജോലി ചെയ്യുന്ന സന്തോഷ് കൃഷ്ണന്‍ ഒരു സംരംഭകന്‍ കൂടിയാണ്. നിര്‍മിതബുദ്ധിയുടെ അടിസ്ഥാനഘടകം ആര്‍ട്ടിഫിഷല്‍ ന്യൂറല്‍ നെറ്റ് വര്‍ക്കാണ്. അതിന്റെ ഗണിതമാണ് കാല്‍ക്കുലസ്. ഈ മേഖലയില്‍ ലോകത്തേറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് 14-ാം നൂറ്റാണ്ടില്‍ ഇരിങ്ങാലക്കുട കല്ലേറ്റുംകരയില്‍ ജീവിച്ചിരുന്ന സംഗമഗ്രാമ മാധവന്റെ സിദ്ധാന്തങ്ങളാണ്.
ഐസക്ക് ന്യൂട്ടന് 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കാല്‍ക്കുലസ് ഗണിത സിദ്ധാന്തം ആവിഷ്‌കരിച്ച ഗണിത ശാസ്ത്രജ്ഞരില്‍ ഒരാളാണ് സംഗമഗ്രാമ മാധവന്‍. 1340 മുതല്‍ 1425 വരെ ജീവിച്ച അദ്ദേഹം ചന്ദ്രനെ വീക്ഷിച്ച് പൈ, കാല്‍ക്കുലസ് എന്നിവ വ്യക്തമായി കണ്ടെത്തി രേഖപ്പെടുത്തി. ഗ്രീസ്, മധ്യേഷ്യ, ചൈന എന്നിവിടങ്ങളിലും കാല്‍കുലസ് ഗണിതം നിലവിലുണ്ടായിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്.
ഗണിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് പൈ സിദ്ധാന്തം, കാല്‍ക്കുലസ്, ഇന്‍ഫിനിറ്റിവ് സീരീസ് എന്നിവയും സംഗമഗ്രാമ മാധവന്‍ കണ്ടെത്തിയിരുന്നു.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഡേറ്റ സയന്‍സ്, ക്വാണ്ടം കംപ്യൂട്ടിങ്, ജിനോം എഡിറ്റിങ്, റോബോട്ടിങ്, ചാറ്റ്ജിപിടി എന്ന ചാറ്റ് ബോട്ട് എന്നി മാധവന്റെ സിദ്ധാന്തങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നതെന്നും സന്തോഷ് വിശദീകരിക്കുന്നു.
വിദേശശാസ്ത്രജ്ഞര്‍ കണ്ടെത്തിയ സിദ്ധാന്തങ്ങള്‍ ഉപയോഗിച്ച് 90 ശതമാനം വരെ മാത്രമേ പ്രവചിക്കാന്‍ കഴിയുന്നുള്ളൂ. മാധവന്റെ സിദ്ധാന്തമാകട്ടെ 99 ശതമാനം വരെ ശരിയായി പ്രവചിക്കാന്‍ കഴിയുമെന്ന തിരിച്ചറിവിലാണ് അമേരിക്കന്‍ ഗണിതശാസ്ത്രലോകം അദ്ദേഹത്തെ വാഴ്ത്തുന്നതെന്നും സന്തോഷ് പറഞ്ഞു.
അമേരിക്കയിലെ പ്രശസ്ത കോര്‍ണല്‍ സര്‍വകലാശാലയിലെ പ്രൊഫ. സ്റ്റീവന്‍ സ്ട്രൊഗാറ്റ്സ് സംഗമഗ്രാമ മാധവനെ കുറിച്ച് ട്വിറ്റ് ചെയ്തത് അതിന്റെ തെളിവാണ്. ഐസക് ന്യൂട്ടന് നൂറ്റാണ്ടുകള്‍ക്ക് മുമ്പെ ത്രികോണമിതിയിലെ സൈന്‍ സീരീസ് കണ്ടുപിടിച്ചത് കേരളത്തിലെ മാധവനാണെന്ന് ട്വിറ്റ് ചെയ്ത സ്റ്റീവന്‍ സംഗമഗ്രാമ മാധവന്റെ കണ്ടെത്തലുകളെക്കുറിച്ചുള്ള വിഡിയോയും പങ്കുവെച്ചിരുന്നു.
പാശ്ചാത്യ ലോകത്തിന്റെ ജോതിശാസ്ത്ര ഗണിതശാസ്ത്രനേട്ടങ്ങളെ കടത്തിവെട്ടുന്നതായിരുന്നു സംഗമഗ്രാമമാധവന്റെ കണ്ടുപിടിത്തങ്ങള്‍. സംഖ്യകളുടെ അനന്തത സംബന്ധിച്ച സിദ്ധാന്തം ആദ്യം രൂപവത്ക്കരിച്ചത് മാധവനായിരുന്നുവെന്ന് പാശ്ചാത്യശാസ്ത്രജ്ഞന്‍മാര്‍ സമ്മതിക്കുന്നു. സംഖ്യകള്‍ അന്തമല്ലെന്ന ലോകത്തിന്റെ ചിന്താഗതി മാറുന്നത് മാധവന്റെ വരവോടുകൂടിയാണ്. സൈന്‍, കോസൈന്‍ തുടങ്ങിയ ത്രികോണമതി സിദ്ധാന്തങ്ങള്‍ ആദ്യമായി രൂപപ്പെടുത്തിയതും മാധവനായിരുന്നു.
എ.ഡി. പത്താം നൂറ്റാണ്ടിനു ശേഷം ഉത്തരഭാരതത്തില്‍ നിന്ന് ഗണിതശാസ്ത്ര സംഭാവനകള്‍ കുറഞ്ഞപ്പോള്‍ കേരളത്തില്‍ നിന്നുള്ള ആചാര്യന്‍മാരുടെ സംഭാവന അക്കാലത്ത് ഈ രംഗത്തെ സുവര്‍ണ ശോഭയോടെ നിലനിര്‍ത്തി. ഇവരില്‍ പ്രസിദ്ധനായിരുന്നു കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് എന്ന് പാശ്ചാത്യര്‍ വിശേഷിപ്പിക്കുന്ന ഗുരുശിഷ്യ പരമ്പര സ്ഥാപിച്ച സംഗമ ഗ്രാമ മാധവന്‍.
ഇരിങ്ങാലക്കുട റെയില്‍വേസ്റ്റേഷന് അര കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്താണ് ഇരിങ്ങാടപ്പള്ളി മന. മനയുടെ വകയായി ഒരു ശ്രീകൃഷ്ണ ക്ഷേത്രമുണ്ട്. 1700 വര്‍ഷത്തെ പഴക്കമാണ് ഈ ക്ഷേത്രത്തിന് കണക്കാക്കുന്നത്. ഇരിങ്ങാലക്കുടയുടെ നാലതിരുകള്‍ക്കപ്പുറത്ത് അടുത്തകാലം വരെ ഈ മനയുടേയോ ക്ഷേത്രത്തിന്റേയോ പ്രശസ്തി എത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗണിത ശാസ്ത്ര ജ്യോതിശാസ്ത്ര പണ്ഡിതന്‍മാര്‍ ഈ മനയും ക്ഷേത്രവും തേടി എത്തിത്തുടങ്ങി.
ഈ മനയിലും പരിസരത്തുമാണ് സംഗമഗ്രാമ മാധവന്‍ എന്ന മാധവന്‍ നമ്പൂതിരി ജീവിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ് അമേരിക്ക, ബ്രിട്ടണ്‍, ജപ്പാന്‍ എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ പാഠ്യവിഷയം. ഇതാണ് പാശ്ചാത്യലോകം ഇവിടേക്കെത്താന്‍ കാരണം. സംഗമഗ്രാമ മാധവന്റേതായി നിരവധി ഗ്രന്ഥങ്ങള്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും 'വേണ്വാരോഹം' എന്ന ഗ്രന്ഥമാണ് പ്രധാനമായി കണക്കാക്കുന്നത് അഥവാ ലഭിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ശിഷ്യന്‍മാരുടെ രചനകള്‍ വഴിയാണ് സംഗമഗ്രാമ മാധവന്റെ കണ്ടുപിടുത്തങ്ങളെപ്പറ്റി കൂടുതല്‍ അറിയുന്നത്.
സംഗമഗ്രാമ മാധവനെ കുറിച്ച് കൂടുതലറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: സംഗമ ഗ്രാമ മാധവന്‍- ലോകം തിരിച്ചറിഞ്ഞ ജ്യോതിശാസ്ത്രത്തിലെ നക്ഷത്രം
Content Highlights: sangamagrama madhavan indian mathematician calculus artificial intelligence
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..