
അനിൽ ഉണ്ണികൃഷ്ണൻ
നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോവുകയാണ് സാംസങിന്റെ 'നിയോണ്‍'. ലാസ് വെഗാസില്‍ അടുത്തയിടെ നടന്ന കണ്സ്യൂമര്സ് ഇലക്ട്രോണിക് ഷോയിലാണ് സാംസങ് 'നിയോണ്‍' എന്ന ആശയം അവതരിപ്പിച്ചത്. ഒരു വെര്‍ച്വല്‍ മനുഷ്യനാണ് നിയോണ്‍, 'നിര്‍മിത ബുദ്ധി' എന്നപോലെ 'നിര്‍മിത മനുഷ്യന്'! ഇന്ത്യന്‍ വംശജനായ പ്രണവ് മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സാംസങിന്റെ സ്റ്റാര്‍ ലാബ്സ് സംരംഭമാണ് നിയോണിന്റെ അണിയറ ശില്പികള്. അക്കൂട്ടത്തില്‍ ഒരു മലയാളിയുമുണ്ട്, എറണാകുളം സ്വദേശി അനില്‍ ഉണ്ണികൃഷ്ണന്. കടവന്ത്രയില്‍ നാഗാര്‍ജുന അപ്പാര്‍ട്ടുമെന്റിലെ ഡോക്ടര്‍ ബി ഉണ്ണികൃഷ്ണന്റേയും അധ്യാപിക സുജാതയുടേയും മകന്.
കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയുടെ തിരക്കുകള്‍ക്ക് ശേഷം, 'മാതൃഭൂമി'ക്ക് നല്കിയ അഭിമുഖത്തില്‍ നിയോണ്‍ എന്താണ് എന്ന് വിശദീകരിക്കുകയാണ് അനില്‍ ഉണ്ണികൃഷ്ണന്.
എത്രനാളായി നിയോണില് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്? നിയോണിന് പിന്നില്‍ താങ്കളുടെ പങ്ക് എങ്ങനെയാണ്?
സ്റ്റാര്‍ ലാബ്സിന് കീഴില്‍ നിയോണ്‍ നിര്‍മിക്കാനുള്ള ശ്രമം ആരംഭിച്ചിട്ട് വെറും നാല് മാസമേ ആയിട്ടുള്ളൂ. എന്നാല്‍, ഒരു വര്‍ഷമായി ഒരു നിര്‍മിത മനുഷ്യന്റെ (ആര്‍ട്ടിഫിഷ്യല്‍ ഹ്യൂമന്‍) ആദ്യമാതൃക (പ്രോട്ടോടൈപ്പ്) നിര്‍മിക്കുന്നതിനുള്ള ഗവേഷണങ്ങളിലായിരുന്നു ഞങ്ങള്‍. ഒരു ചെറിയ ടീം ആയതുകൊണ്ട് പലവിധ ചുമതലകള്‍ വഹിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. എന്റെ വൈദഗ്ധ്യം കംപ്യൂട്ടര്‍ ഗ്രാഫിക്സിലാണ്. ഗവേഷകരുമായി ചേര്‍ന്ന് അവര്‍ നിര്‍മിക്കുന്ന കോഡുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടേയും, കംപ്യൂട്ടര്‍ ഗ്രാഫിക്സിന് ഏറെ പ്രാധാന്യമുള്ള നിയോണ്‍ പദ്ധതിയുടെ ഗ്രാഫിക്സ് കൈകാര്യം ചെയ്യുന്നതിന്റെയും ഭാഗമായിരുന്നു ഞാന്‍.
എങ്ങിനെയാണ് ഈ രംഗത്ത് എത്തിയത്?
അങ്കമാലിയിലെ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ നിന്നാണ് (ഫിസാറ്റ്) ഞാന്‍ ബിടെക്ക് പൂര്‍ത്തിയാക്കിയത്. എന്റെ അവസാനവര്‍ഷ ടീം പ്രൊജക്റ്റ് ഒരു വെര്‍ച്വല്‍ റിയാലിറ്റി ഗെയിം ആയിരുന്നു. ആ സമയത്ത് തന്നെ ഹൈ പെര്‍ഫോമന്‍സ് കംപ്യൂട്ടിങ്, റോബോട്ടിക്സ്, കംപ്യൂട്ടര്‍ ഗ്രാഫിക്സ് പോലെയുള്ള കംപ്യൂട്ടര്‍ സയന്‍സിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവന്ന ഒരു ഗവേഷണസംഘത്തിന്റെ ഭാഗമാവാന്‍ എനിക്ക് സാധിച്ചു. പ്രൊഫസര്‍ മഹേഷ് ചന്ദ്രശേഖരന് ആയിരുന്നു സംഘത്തിന്റെ മേധാവി. ഇന്ന് ഞാന്‍ ഏത് നിലയില്‍ നില്ക്കുന്നോ അതിനുള്ള വഴിപാകിയത് ആ ഗവേഷണസംഘത്തില്‍ നിന്നുള്ള അനുഭവങ്ങളാണ്. ഫിസാറ്റില്‍ നിന്നും വലിയ പിന്തുണ എനിക്ക് ലഭിച്ചിട്ടുണ്ട്. അതിന് ശേഷമാണ് ഞാന്‍ എന്റര്ടെയ്ന്മെന്റ് ടെക്നോളജിയില്‍ ബിരുദാന്തരബിരുദ പഠനത്തിനായി കാര്‍നെഗി മെലണ്‍ സര്‍വകലാശാലയിലെത്തിയത്.

ഒരു വെര്‍ച്വല്‍ ലോകം സൃഷ്ടിക്കുകയും സാങ്കേതികവിദ്യ, കല, കഥാവിവരണം എന്നിവയുടെ സമന്വയത്തിലൂടെ അതിനൊരു അര്‍ത്ഥം നല്‍കുകയും ചെയ്യുക എന്നത് വീഡിയോഗെയിം നിര്‍മാണത്തിന്റെ ഒരു സവിശേഷതയാണ്. ഓരോ വീഡിയോഗെയിം കളിക്കാരനിലേക്കും ആ അനുഭവം എത്തിക്കുക എന്നത് വീഡിയോ ഗെയിം ഡെവലപ്പറുടെ മുന്നിലെ വെല്ലുവിളിയാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ കരിയറിലെ ഏറ്റവും വ്യക്തമായ തീരുമാനം ഈ മേഖല തിരഞ്ഞെടുത്തതാണ്. വെല്ലുവിളിയും ആനന്ദവും ഇതിലുണ്ട്.
കാര്‍നെഗി മെലന് സര്‍വകലാശാല വിട്ടയുടന്‍ തന്നെ ഞാന്‍ പ്രണവ് മിസ്ത്രിയുടെ തിങ്ക് ടാങ്ക് ടീമിന് കീഴിലുള്ള സാംസങ് റിസര്‍ച്ച് അമേരിക്കയില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് നിയോണിന് വേണ്ടി പ്രണവ് മിസ്ത്രിയുടെ നേതൃത്വത്തില്‍ ഞങ്ങളുടെ ചെറുസംഘത്തെ വെച്ച് സ്റ്റാര്‍ ലാബ്സ് എന്ന ഒരു സ്വതന്ത്ര സംരംഭത്തിന് സാംസങ് തുടക്കമിട്ടത്. ഇപ്പോള്‍ സാംസങില്‍ റിസര്‍ച്ച് എഞ്ചിനീയറാണ് ഞാന്‍.
നിയോണ്‍ എന്താണ്? ഗൂഗിള്‍ അസിസ്റ്റന്റ് പോലുള്ള സേവനങ്ങളില്‍ നിന്ന് എങ്ങനെയാണ് നിയോണ്‍ വ്യത്യസ്തമാവുന്നത്?
ഇന്ന് നമുക്ക് ചുറ്റുമുള്ള വോയ്സ് അസിസ്റ്റന്റ് സംവിധാനങ്ങളെ പോലെ നമ്മുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്ന യന്ത്രങ്ങളായല്ല, പകരം സാധാരണ മനുഷ്യരെപോലെ നിയോണുകള്‍ പരിഗണിക്കപ്പെടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കംപ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച നിര്മിതമനുഷ്യനാണ് (Artificial Human) നിയോണ്‍. ഒരു യഥാര്‍ഥ മനുഷ്യനെ നേരില്‍ കണ്ട് സംസാരിക്കുന്നതും നിയോണിനോട് സംസാരിക്കുന്നതും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമുണ്ടാവില്ല. യഥാര്‍ഥ മനുഷ്യനെ പോലെ മുന്നില്‍ നില്ക്കുന്നവരോട് തത്സമയം സംവദിക്കാന്‍ നിയോണിന് സാധിക്കും. പഠിപ്പിച്ചുവിട്ട വിവരങ്ങള്‍ കൊണ്ട് യാന്ത്രികമായി മറുപടി പറയുകയല്ല, പകരം മുന്നില്‍ നില്ക്കുന്ന വ്യക്തിയുടെ വാക്കുകളോട് ഒരു യഥാര്‍ഥ മനുഷ്യനെ പോലെ പ്രതികരിക്കുകയാണ് നിയോണ്‍ ചെയ്യുക. വ്യത്യസ്ത പേരുകളുള്ള നമ്മളെയെല്ലാം മനുഷ്യന് എന്ന് വിളിക്കും പോലെയാണ് ഇതിനെ നിയോണ്‍ എന്ന് വിളിക്കുന്നത്. നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു 'വിര്‍ച്വല്‍ ജീവി'യാണ് നിയോണ്‍. മനുഷ്യരുടെ ദൈനം ദിന ജീവിതത്തിലും വ്യവസായ സ്ഥാപനങ്ങള്‍ക്കും വിവിധ രീതിയില്‍ ഉപയോഗിക്കാവുന്നത്.
നിയോണിന് എന്തെല്ലാം ചെയ്യാന്‍ സാധിക്കും? എതെല്ലാം മേഖലയില്‍ ഇതിന്റെ സാധ്യതകള്‍ വിനിയോഗിക്കാനാവും?
നിര്മിതമനുഷ്യരാണ് നിയോണുകള്‍. എന്നെയും നിങ്ങളെയും പോലെ തന്നെ എല്ലാം അറിയുന്നവരായിരിക്കില്ല നിയോണുകള്‍. ഒരോ നിയോണിനും അതിന്റേതായ പ്രവര്‍ത്തന മേഖല അനുസരിച്ചുള്ള അറിവുകളാണുണ്ടാവുക. ഉദാഹരണത്തിന് ഒരു വിമാനത്താവളത്തില്‍ നിയോണ്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് കരുതുക. ആ നിയോണിന് എയര്‍പോര്‍ട്ടിലെ ടെര്‍മിനലുകളെ കുറിച്ചും വിമാനങ്ങളുടെ സമയക്രമങ്ങളെ കുറിച്ചും എയര്‍പോര്‍ട്ടിലെ മറ്റ് സൗകര്യങ്ങളെ കുറിച്ചുമുള്ള അറിവാണ് ഉണ്ടാവുക. വിമാനത്താവളത്തിന് പുറത്തുള്ള കാര്യങ്ങള്‍ക്കൊന്നും ആ നിയോണിന് നിങ്ങളെ സഹായിക്കാനാവില്ല.
മുഖാമുഖമുള്ള സംഭാഷണം പുതിയൊരു തലത്തിലേക്കെത്തിക്കുകയാണ് നിയോണ്‍ ചെയ്യുന്നത്. റിസപ്ഷനിസ്റ്റായും, വഴികാട്ടിയായും, 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പനെ' പോലെ വൃദ്ധജനങ്ങള്‍ക്ക് കൂട്ടായും നിയോണുകളെ ഉപയോഗിക്കാം. വ്യവസായ സ്ഥാപനങ്ങളുടേയും കമ്പനികളുടേയും ആവശ്യങ്ങള്‍ അറിഞ്ഞ് നിയോണുകള്‍ പ്രവര്‍ത്തിക്കും.
ഏതെല്ലാം ഭാഷകള്‍ സംസാരിക്കാന്‍ നിയോണിനാവും?
നിലവില്‍ 25 ഭാഷകള്‍ നിയോണിന് സംസാരിക്കാനാവും. ഇന്ത്യന്ഭാഷകളില് ഹിന്ദി മാത്രമാണ് ഇപ്പോഴുള്ളത്.

നിയോണ്‍ എന്ന് വിപണിയില്‍ ലഭ്യമാവും?
നിയോണ്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ തീരുമാനമെടുത്തിട്ടില്ല. യാഥാര്‍ഥ്യവും, തത്സമയവും, പ്രതികരണശേഷിയുള്ളതുമായ സാങ്കേതികവിദ്യയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ഞങ്ങള്‍. അതായത് കാഴ്ചയില്‍ മാത്രമായിരിക്കില്ല നിയോണ്‍ യഥാര്ഥമായിരിക്കുക, അതിന്റെ പ്രതികരണങ്ങള്‍ തത്സമയവും സ്വാഭാവികവുമായിരിക്കും.
നിയോണ്‍ ടീമിനൊപ്പം പ്രവര്‍ത്തിക്കുമ്പോഴുള്ള അനുഭവം? സംഘത്തില്‍ ഇന്ത്യക്കാരുടെ സാന്നിധ്യം എത്രത്തോളമുണ്ട്?
വിവിധ രാജ്യങ്ങളില്‍ നിന്നും വിവിധ സംസ്കാരങ്ങളില്‍ നിന്നുമുള്ള വിദഗ്ധരടങ്ങുന്ന സംഘമാണ് ഞങ്ങളുടേത്. അങ്ങനെയുള്ള ഒരു സംഘത്തോടൊപ്പമുള്ള പ്രവര്‍ത്തനം രസകരമാണ്, ആവേശകരമാണ്. നിലവില്‍ പ്രണവ് മിസ്ത്രി ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ സ്റ്റാര്‍ ലാബ്സിന്റെ ഭാഗമായുണ്ട്.
താങ്കളുടെ ജീവിതപങ്കാളിയുടെ പ്രവര്‍ത്തന മേഖലയും ഇതുമായി ബന്ധപ്പെട്ടാണല്ലേ?
ഫിസാറ്റ് തൊട്ടുള്ള പരിചയമാണ് ഞാനും ഭാര്യ ലക്ഷ്മി രവീന്ദ്രബാബുവും തമ്മില്‍. ഞങ്ങള്‍ ഒരുമിച്ചാണ് അമേരിക്കയിലേക്ക് വന്നത്. ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഹ്യൂമന്‍ കംപ്യൂട്ടര്‍ ഇന്ററാക്ഷനില്‍ ബിരുദാനന്തര ബിരുദം നേടിയ ലക്ഷ്മി ഇപ്പോള്‍ ഒരു ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ കമ്പനിയില്‍ സീനിയര്‍ പ്രൊഡക്റ്റ് ഡിസൈനറായി ജോലി ചെയ്യുന്നു. (അഭിഭാഷകനായ രവീന്ദ്രബാബുവിന്റേയും മാധ്യമപ്രവര്‍ത്തക ഗീതാ ബക്ഷിയുടേയും മകളാണ് അനിലിന്റെ ഭാര്യ ലക്ഷ്മി). എന്നെ പോലെ മനുഷ്യനും യന്ത്രവും തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്നതില്‍ കേന്ദ്രീകരിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ രൂപകല്പന ചെയ്യുന്ന രംഗത്താണ് അവരും പ്രവര്‍ത്തിക്കുന്നത്.
(ചിത്രങ്ങള്‍ക്ക് കടപ്പാട്: അനില്‍ ഉണ്ണികൃഷ്ണന്).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..