ലാസ് വെഗാസ്: സാധാരണ ജനങ്ങളുടെ ചിന്തകള്‍ക്ക് അതീതമായി സാങ്കേതിരംഗത്തെ പുതിയ സംഭവ വികാസങ്ങള്‍. ഫ്രിഡ്ജ് ഉപയോഗിച്ച് ടാക്‌സിവിളിക്കാം എന്ന് കേള്‍ക്കുമ്പോള്‍ അമ്പക്കുന്നതും അക്കാരണത്താലാണ്. എന്നാല്‍ വീട്ടില്‍ പഴങ്ങളും പച്ചക്കറികളും മറ്റും തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന ഫ്രിഡ്ജ് ഉപയോഗിച്ച് ഒരു ടാക്‌സി ബുക്ക് ചെയ്യാന്‍ സാധിക്കും എന്ന് പറയുന്നത് ശരിയാണ്.

അങ്ങനെ ഒരു റഫ്രിജറേറ്ററാണ് ലാസ് വെഗാസില്‍ നടക്കുന്ന സി.ഇ.എസ് ഗാഡ്‌ജെറ്റ് ഷോയില്‍ സാംസങ് അവതരിപ്പിച്ചത്. സാംസങ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ച ഇന്റര്‍നെറ്റ് കണക്റ്റഡ് റഫ്രിജറേറ്ററിന്റെ പുതുരൂപം.

അടുക്കളയില്‍ സ്ഥാപിച്ച ' ഫാമിലി ഹബ് 3.0' എന്ന റഫ്രിജറേറ്ററിനോട് വീട്ടുകാര്‍ക്ക് സംസാരിക്കാം. അന്നത്തെ ആഹാരം എന്തായിരിക്കണമെന്ന് ചര്‍ച്ചചെയ്യാം, അവരുടെ ആഹാരങ്ങള്‍ കേടുവന്നിട്ടുണ്ടോ എന്ന് പരിശോധിക്കാം, വീട്ടിലെ മറ്റ് ഉപകരണങ്ങളെ നിയന്ത്രിക്കാം കൂടാതെ ആവശ്യമുള്ളപ്പോള്‍ ഒരു ഉബര്‍ ടാക്‌സി ബുക്ക് ചെയ്യാനും ഈ റ്ഫ്രിജറേറ്റര്‍ ഉപയോഗിക്കാം. വീട്ടിലെ ഒരോ അംഗങ്ങളേയും തിരിച്ചറിയാനും ഈ സ്മാര്‍ട് റഫ്രിജറേറ്ററിന് സാധിക്കും. 

സാംസങിന്റെ ബിക്‌സ്ബി വോയ്‌സ് അസിസ്റ്റന്റ് ആണ് ഈ റഫ്രിജറേറ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. വോയ്‌സ് അസിസ്റ്റന്റ് വിപണിയില്‍ ആമസോണ്‍ അലക്‌സയ്ക്കും, ഗൂഗിള്‍ അസിസ്റ്റന്റിനും വെല്ലുവിളിയായി ഒരുക്കിയ ഉല്‍പ്പന്നം. 

റഫ്രിജറേറ്ററുകള്‍ക്കടുത്ത് ആളുകള്‍ ഏറെ നേരം ചിലവഴിക്കുന്നുണ്ട് അതിനാല്‍ തന്നെ അതുകൊണഇ്ടുതന്നെ ഒരു സ്മാര്‍ട് ഹോം ഹബ് എന്ന നിലയില്‍ ഇത് യുക്തിസഹമാണെന്ന് സാംസങ് റഫ്രിജറേറ്റര്‍ മാര്‍ക്കറ്റിങ് ഡയറക്ടര്‍ ക്ലോഡിയ സാന്റോസ് പറഞ്ഞു.

ഇത്തവണ ശബ്ദ നിയന്ത്രിതമായ ഉപകരണങ്ങളാണ് ലാസ് വെഗാസ് സിഇഎസ് പ്രദര്‍ശന പരിപാടിയിലെ മുഖ്യ ആകര്‍ഷണം. ബിക്‌സ്ബിയെ കൂടാതെ ആമസോണ്‍ അലെക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് വോയ്‌സ് അസിസ്റ്റന്റ് സേവനങ്ങള്‍ ഉപയോഗിച്ച കാറുകള്‍, ലൈറ്റുകള്‍, വാഷിങ് മെഷീനുകള്‍, പോലുള്ള ദൈനം ദിന ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടും.