പൊന്‍മുട്ടയിടുന്ന താറാവിന്റെ കഥ കേട്ടിട്ടില്ലേ? ആ താറാവുവളര്‍ത്തുകാരന്റെ അവസ്ഥയാണ് പ്രമുഖ വ്യവസായി എലന്‍ മസ്‌കിന്. ഇലക്ട്രിക് കാര്‍, സോളാര്‍ പാനല്‍ നിര്‍മ്മാണ കമ്പനിയായ ടെസ്‌ല ഈയിടെ തങ്ങളുടെ വാഹന നിര്‍മ്മാണ യൂണിറ്റില്‍ മനുഷ്യ തൊഴിലാളികളെയെല്ലാം മാറ്റി മുഴുവന്‍ റോബോട്ടുകളെ വെച്ചു. നിര്‍മ്മാണ പ്രക്രിയയുടെ വേഗതയും കാര്യക്ഷമതയും മനുഷ്യരേക്കാള്‍ യന്ത്രങ്ങള്‍ക്കാണെന്നാണല്ലോ വെപ്പ്?. 

ടെസ്‌ല മോഡല്‍ 3 കാറുകളുടെ നിര്‍മ്മാണത്തിന് തുടക്കം മുതല്‍ ഒടുക്കം വരെ റോബോട്ടുകളെ മാത്രം വെച്ച് ഒരു നിര്‍മ്മാണ യൂണിറ്റ് ടെസ്‌ല അങ്ങ് കെട്ടിപ്പൊക്കി. ടെസ്‌ല മോഡല്‍ 3 വാഹനത്തിന്റെ 2500 യൂണിറ്റുകള്‍ 2018 ആദ്യ പാദത്തില്‍ ഉപയോക്താക്കളിലേക്കെത്തിക്കാനായിരുന്നു കമ്പനിയുടെ ലക്ഷ്യം.

എന്നാല്‍ നിര്‍മ്മാണ വേഗത കൂട്ടുന്നതിന് പകരം കുറയുകയാണുണ്ടായതെന്ന് എലന്‍ മസ്‌ക് തന്നെ തുറന്നു സമ്മതിച്ചു. അത് ശരിയാവുന്നില്ലെന്നും എല്ലാം മാറ്റുകയാണെന്നും അദ്ദേഹംം കൂട്ടിച്ചേര്‍ത്തു.

'ടെസ്‌ലയിലെ അതിയന്ത്രവല്‍ക്കരണം ഒരു തെറ്റായിരുന്നു. കൃത്യമായി പറഞ്ഞാല്‍ എന്റെ തെറ്റ്. ഞാന്‍ മനുഷ്യരെ വിലകുറച്ചു കണ്ടു.' മസ്‌ക് പറഞ്ഞു.

നിര്‍മ്മാണത്തില്‍ കുറവുണ്ടായതോടെ വാഹനങ്ങള്‍ സമയബന്ധിതമായി വിതരണത്തിനെത്തിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് കമ്പനി. സംഗതി പ്രശ്‌നമായതോടെ നിര്‍മ്മാണ പ്രക്രിയയുടെ നിയന്ത്രണം എലന്‍മസ്‌ക് തന്നെ നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ്. 

അതേസമയം ടെസ്ലയുടെ മോഡല്‍ എക്‌സ് എസ് യുവി അപകടത്തില്‍ പെട്ട സംഭവം കമ്പനിയ്‌ക്കെതിരെ വ്യാപകമായ മോശം പ്രചാരണത്തിന് വഴിവെച്ചിരിക്കുകയാണ്. വാഹനം അപകടത്തില്‍ പെടുമ്പോള്‍ കാര്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന ഓട്ടോ പൈലറ്റ് മോഡിലായിരുന്നു എന്നതാണ് കമ്പനിയെ വെട്ടിലാക്കിയിരിക്കുന്നത്.