മനുഷ്യവംശത്തിന്റെ ഭാവിയെ കുറിച്ച് രണ്ട് റോബോട്ടുകള്‍ തമ്മില്‍ സംവാദം നടത്തിയാല്‍ എങ്ങിനെയിരിക്കും. അങ്ങനെ ഒരു കാഴ്ചയാണ് ഹോങ്കോങിലെ ഹാന്‍സണ്‍ റോബോടിക്‌സ് എന്ന കമ്പനി പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരുക്കിയത്. 

സോഫിയ, ഹാന്‍ എന്നീ രണ്ട് റോബോട്ടുകളുടെ സംവാദം. മധ്യസ്ഥനായി ഹാന്‍സന്‍ റോബോടിക്‌സിലെ ചീഫ് സൈന്റിസ്റ്റ് ബെന്‍ ഗോട്‌സലും. നേരത്തെ പദ്ധതിയിട്ട് ചെയ്തതാണെങ്കിലും സംഭവം ആളുകളെ പിടിച്ചിരുത്തി. ഡ്രോണ്‍ സൈന്യത്തെ ഉപയോഗിച്ച് ലോകം കയ്യടക്കുക, റോബോട്ടുകളുടെയും മനുഷ്യരുടേയും ധാര്‍മ്മികത, റോബോട്ടുകളുടെ തൊഴില്‍ ക്ഷമത തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തതിന് പുറമെ പാട്ടുപാടുക വരെയുണ്ടായി. 

രണ്ട് റോബോട്ടുകള്‍ ആദ്യമായാണ് ഒരു വേദിയില്‍ സംസാരിക്കുന്നതെന്ന് പരിപാടിയുടെ സംഘാടകര്‍ പറയുന്നു. ഭാവിയില്‍ ഒരു പക്ഷെ ഇതൊരു സാധാരണ കാഴ്ചയായെന്നും വരാം.  

റോബോട്ടുകളില്‍ കൃത്രിമ ബുദ്ധി ഫലപ്രദമായി സന്നിവേശിപ്പിക്കുന്നതിലുള്ള ഗവേഷണങ്ങളാണ് ഹാന്‍സന്‍ റോബോട്ടിക്‌സ് നടത്തുന്നത്. തങ്ങളുടെ ആദ്യ ഉല്‍പ്പന്നം വിപണിയിലിറക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ കമ്പനി. 

കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രജ്ഞന്‍ ഐന്‍സ്റ്റീന്റെ രൂപത്തിലുള്ള ഒരു കുഞ്ഞന്‍ റോബോട്ടാണ് ഹാന്‍സന്‍ റോബോടിക്‌സ് തയ്യാറാക്കിയിരിക്കുന്നത്. അടുത്ത മാസം ഔദ്യോഗികമായി ഈ റോബോട്ട് പുറത്തിറക്കും. 

നിലവില്‍ ശാസ്ത്ര മ്യൂസിയങ്ങള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡെവലപ്‌മെന്റ് പ്രൊജക്റ്റുകള്‍ക്കും ആരോഗ്യ രംഗത്തെ വിവിധ ഉപയോഗങ്ങള്‍ക്കുമായി നിരവധി ഹ്യൂമനോയിഡുകളെ കമ്പനി നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.