കോഴിക്കോട്: ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തെ ഗൂഗിള്‍ ആഘോഷമാക്കിയത് ഒരു മനോഹരമായ ഡൂഡിള്‍ അവതരിപ്പിച്ചാണ്. ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം ആഘോഷമാക്കുന്ന ഒരു ഘോഷയാത്രയാണ് ഗൂഗിള്‍ ഡൂഡിളില്‍ ആവിഷ്‌കരിക്കപ്പെട്ടത്. ഇത് രൂപകല്‍പ്പന ചെയ്തതാകട്ടെ ഒരു മലയാളി ഗ്രാഫിക് ഡിസൈനറും.

മലപ്പുറം പൊന്നാനി സ്വദേശിയായ ഇബ്രാഹിം റായിന്റകത്ത് രൂപകല്‍പന ചെയ്ത ഡുഡിള്‍ ആണ് ഗൂഗിള്‍ ഈ റിപ്പബ്ലിക് ദിനത്തില്‍ ഉപയോഗിച്ചത്. ഡിസൈനര്‍മാരെ ലക്ഷ്യമിട്ടുള്ള ബിഹാന്‍സ് എന്ന വെബ്‌സൈറ്റില്‍ പങ്കുവെച്ച ചിത്രങ്ങളും വിവരങ്ങളും കണ്ടാണ് ഫ്രീന്‍ലാന്‍സ് ഗ്രാഫിക് ഡിസൈനറായി ജോലിചെയ്യുന്ന ഇബ്രാഹിമിനെ ഡൂഡിള്‍ രൂപകല്‍പനയ്ക്കായി ഗൂഗിള്‍ അധികൃതര്‍ ബന്ധപ്പെട്ടത്.

Ibrahim Rayintakath
Ibrahim Rayintakath

ഇന്ത്യന്‍ ദേശീയ ആഘോഷങ്ങളെ ചിത്രീകരിക്കുന്നതിനായി ഉപയോഗിച്ചുവരുന്ന കണ്ടുമടുത്ത ബിംബങ്ങളില്‍ നിന്നും മാറി, പുതിയ രീതിയില്‍ പുതിയ വര്‍ണങ്ങളില്‍ പുതിയ ആശയം ചിത്രീകരിക്കുന്നതായിരുന്നു ഇത്തവണത്തെ ഡൂഡിള്‍. 

പരമ്പരാഗത കൈത്തറി തുണിത്തരങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡൂഡിളിന്റെ പശ്ചാത്തലത്തിലുള്ള ജ്യാമിതീയ രൂപങ്ങളും ആകൃതികളും ഉപയോഗിച്ചത്. രാജ്യത്തെ പരമ്പരാഗത ആചാരങ്ങള്‍, സംഗീതം, കരകൗശലം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഡൂഡിളിലെ മറ്റ് പ്രധാന ഭാഗങ്ങളുടെ രൂപകല്‍പ്പന.

പരമ്പരാഗത വാദ്യോപകരണമായ കൊമ്പുകുഴല്‍ ഊതുന്നയാള്‍, ചര്‍ക്ക, അസമിലെ പരമ്പരാഗത നൃത്തരൂപമായ ബിഹു, രാജസ്ഥാനി കലാരൂപമായ കത്പുടില്‍ എന്ന് വിളിക്കുന്ന പാവനാടകം, രാജ്യത്തിന്റെ പലഭാഗങ്ങളിലും ഉത്സവങ്ങളിലെ സ്ഥിര സാന്നിധ്യമായ ആന. തുടങ്ങിയവ ഈ ഡൂഡിളില്‍ നമുക്ക് കാണാം. മുഗള്‍ നിര്‍മ്മിതികളുടെ മാതൃകയിലാണ് ഡൂഡിളിന്റെ ബാഹ്യരേഖയും ചിത്രീകരിച്ചിരിക്കുന്നത്. 

doodle republic day 2018രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യം പ്രതിനിധീകരിക്കുന്നതും ഒപ്പം പതിവുകളില്‍ നിന്നും മാറി പുതുമയുള്ള ആശയം ആവിഷ്‌കരിക്കണം എന്നു ആഗ്രഹമാണ് തനിക്കുണ്ടായിരുന്നതെന്ന് ഇബ്രാഹിം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

രാജ്യത്തെ പൊതുരംഗത്ത് പലപ്പോഴും അവഗണന നേരിടാറുള്ള വടക്കുകിഴക്കന്‍ ജനതയെ ഉള്‍പ്പെടുത്താനും താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും അസം കലാരൂപമായ ബിഹു നൃത്തം ഡൂഡിളില്‍ ഇടം പിടിക്കുന്നത് അങ്ങനെയാണെന്നും ഇബ്രാഹിം പറയുന്നു.

നിരവധി മിനുക്കുപണികളിലൂടെയും കൂട്ടിച്ചേര്‍ക്കലുകളിലൂടെയുമാണ് ഡൂഡിള്‍ ഇപ്പോള്‍ കാണുന്ന രൂപത്തിലെത്തിയത്. പല ഘട്ടങ്ങളിലും ഗൂഗിള്‍ പ്രതിനിധികളുടെ നിര്‍ദ്ദേശങ്ങളും ഇബ്രാഹിമിന് ലഭിച്ചിരുന്നു.