ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി. ജിയോ 'ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍' എന്ന പേരിലാണ് ഓഫര്‍ കാലാവധി നീട്ടിയിരിക്കുന്നത്. നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും ഓഫര്‍ ലഭ്യമാകും.

നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു സൗജന്യ വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ ജിയോയില്‍ സൗജന്യമായി ലഭ്യമാകുന്ന ഡാറ്റയില്‍ വ്യത്യാസം വരുമെന്ന സൂചനയും മുകേഷ് അംബാനി നല്‍കി. എല്ലാ ഉപയോക്താക്കള്‍ക്കും തുല്യ പരിഗണന ലഭിക്കുന്നതിനായി ഫെയര്‍ യൂസേജ് പോളിസി ( Fair Usage Policy ) കൊണ്ടുവരുമെന്നാണ് അംബാനി അറിയിച്ചിരിക്കുന്നത്. 

ഒരു ചെറിയ വിഭാഗത്തിന്റെ ഉയര്‍ന്ന ഉപഭോഗം മൂലം ഭൂരിഭാഗം വരുന്ന മറ്റ് ഉപയോക്താക്കള്‍ക്ക് ശരിയായ രീതിയില്‍ ജിയോ ഓഫറിന്റെ ഫലം ലഭിക്കുന്നില്ല. എല്ലാ ഉപയോക്താക്കള്‍ക്കും തുല്യമായ രീതിയില്‍ മികച്ച സേവനം ഉറപ്പാക്കാന്‍ ഒരു ജിബിയുടെ ഫെയര്‍ യൂസേജ് പോളിസി കൊണ്ടുവരും -റിലയന്‍സ് ചെയര്‍മാന്‍ വിശദീകരിച്ചു.

തങ്ങളുടെ എതിരാളികളായ മൂന്ന് ടെലികോം കമ്പനികള്‍ റിലയന്‍സ് ജിയോയെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്നും മുകേഷ് അംബാനി പറഞ്ഞു. കമ്പനികളുടെ പേരെടുത്ത് പറയാതെയായിരുന്നു റിലയന്‍സ് ചെയര്‍മാന്റെ ആരോപണം.

ഐഡിയ, എയര്‍ടെല്‍, വൊഡാഫോണ്‍ കമ്പനികള്‍ക്ക് എതിരെ റിലയന്‍സ് ജിയോ കഴിഞ്ഞ ദിവസം കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ പരാതി നല്‍കിയിരുന്നു. ജിയോയുടെ കോളുകള്‍ ഇവര്‍ തടയുന്നു എന്ന പേരില്‍ ട്രായ് ഈ മൂന്ന് കമ്പനികള്‍ക്കും പിഴ നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരാതി.