റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെതിരെ നടപടികളുമായി രാജ്യത്തെ വിവിധ ടവര്‍ കമ്പനികള്‍. വാടക നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന് നല്‍കി വന്നിരുന്ന സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയാണ് കമ്പനികള്‍. 

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് നെറ്റ് വര്‍ക്കുകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ടവറുകളുടെ അറ്റകുറ്റപണികള്‍ക്കായി പണം മുടക്കാന്‍ കമ്പനികള്‍ തയ്യാറാവുന്നില്ലെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഡീസല്‍ എത്തിക്കുന്നത് നിര്‍ത്തിവെക്കാനും ചില കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ പവര്‍കട്ട് സമയത്ത് റിലയന്‍സ് നെറ്റ്‌വര്‍ക്ക് നിശ്ചലമാവുന്ന അവസ്ഥയുണ്ടാവും. 

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് മാത്രം ഉപയോഗിക്കുന്ന ടവറുകളുടെ പ്രവര്‍ത്തനം പലയിടങ്ങളിലും നിര്‍ത്തിവെച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിലയന്‍സിന് മാത്രമായി സാങ്കേതിക സഹായം എത്തിക്കാനും കമ്പനികള്‍ തയ്യാറല്ല. കിട്ടാനുള്ള ബാക്കി തുക ലഭിക്കാന്‍ നിയമ നടപടികളുമായി മുന്നോട്ട് പോവാനും ചില കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്. 

വരുമാനം നിലച്ച് വാടക കുടിശ്ശിക തരാന്‍ കഴിയാതെ വരുമെന്നതിനാലാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനായുള്ള സേവനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ കമ്പനികള്‍ മടിക്കുന്നത്. 

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് നെറ്റ്‌വര്‍ക്ക് പകുതി സ്വന്തം ടവറുകളിലും പകുതി വാടകയ്‌ക്കെടുത്ത ടവറുകളിലുമാണ്. ഇന്‍ഡസ് ടവേഴ്‌സ്, ഭാരതി ടവേഴ്‌സ്, അമേരിക്കന്‍ ടവര്‍ കമ്പനി, ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് എന്നിവയാണ് റിലയന്‍സിന് സേവനം നല്‍കുന്ന പ്രധാന ടവര്‍ കമ്പനികള്‍. 

എയര്‍സെല്ലുമായുള്ള ലയനത്തില്‍ നിന്നും അടുത്തിടെ പിന്മാറിയ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വിപണിയില്‍ വലിയ നഷ്ടത്തിലാണ്. ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടാവുന്ന ഗണ്യമായ കുറവും 47,000 കോടിയോളം വരുന്ന കടവും റിലയന്‍സിനെ പരുങ്ങലിലാക്കിയിരിക്കുകയാണ്.