ലോകജനസംഖ്യയുടെ വലിയൊരു വിഭാഗം വസിക്കുന്ന ഇന്ത്യാ മഹാരാജ്യത്ത് പകുതിയിലധികമാളുകള്‍ ഇന്ന് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളാണ്. ഇന്റര്‍നെറ്റ് അധിഷ്ഠിതമായ സാങ്കേതിക വിദ്യകളും സേവനങ്ങളും ദിവസേനയെന്നോണം വികാസം പ്രാപിക്കുകയും അവ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലേക്ക് ആഴത്തില്‍ വേരുകളാഴ്ത്തുകയും ചെയ്യുന്ന കാലമാണിത്. അത്തരമൊരു കാലത്താണ് മനുഷ്യന്റെ സൈബര്‍ ജീവിതത്തിലും സുരക്ഷയൊരുക്കേണ്ട ആവശ്യകത ഉയരുന്നത്. 

അതിന് ഓരോ ദിവസവും ഉയര്‍ന്നുവരുന്ന സൈബര്‍ സുരക്ഷാ ഭീഷണികളെ നേരിടാന്‍ പ്രാപ്തരായ സൈബര്‍ സുരക്ഷാ വിദഗ്ദരെ നമുക്ക് വേണം. റെഡ് ടീം എന്ന സൈബര്‍ സുരക്ഷാ സ്ഥാപനം നിറവേറ്റിക്കൊണ്ടിരിക്കുന്നതും രാജ്യത്തോടുള്ള ആ ഉത്തരവാദിത്വമാണ്. 

പാലക്കാട് ചെര്‍പുളശ്ശേരി സ്വദേശി ജെയ്സല്‍ അലിയാണ് 2015 ഡിസംബറില്‍ കോഴിക്കോട് റെഡ് ടീം എന്നപേരില്‍ സൈബര്‍ സുരക്ഷയ്ക്ക് വേണ്ടി ഒരു സ്റ്റാര്‍ട്ട് പ്പിന് തുടക്കമിടുന്നത്. അന്ന് 22 വയസായരുന്നു ജെയ്സലിന്. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും സൈബര്‍ ഫോറന്‍സിക്കില്‍ ബിരുദം നേടിയ ജെയ്സല്‍ സ്‌കൂള്‍ കാലം തൊട്ടുതന്നെ സൈബര്‍ സുരക്ഷ, ഹാക്കിങ് പോലുള്ള വിഷയങ്ങളില്‍ തല്‍പരനായിരുന്നു. പ്ലസ് വണില്‍ തന്നെ സിസ്‌കോയുടെ സിസിഎന്‍എ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട് ജെയ്സല്‍. ഇത് കൂടാതെ സൈബര്‍ സുരക്ഷയില്‍ ആഴത്തിലുള്ള പഠനം നടത്തുകയും പരിശീലനം നേടുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. 

ഒരിക്കല്‍ കൊച്ചിയില്‍ നടന്ന 'സര്‍ട്ടിഫൈഡ് എത്തിക്കല്‍ ഹാക്കര്‍' എന്ന ഒരു ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കേഷന്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തതോടെയാണ് ജെയ്സല്‍ അലിയുടെ മനസില്‍ സൈബര്‍ സുരക്ഷാ രംഗത്ത് വിദഗ്ദ പരിശീലനം നല്‍കാനൊരു സ്ഥാപനം എന്ന ആശയം തെളിയുന്നത്. ആ പരിശീലന പരിപാടിയുടെ പരിമിതികള്‍ തന്നെയാണ് അങ്ങനെ ഒരു ആശയത്തിലേക്ക് നയിച്ചത്. അധ്യാപനത്തിലുള്ള തന്റെ താല്‍പര്യവും ജെയ്സലിന് ശക്തിയായി. 

ഒരു സൈബര്‍ സുരക്ഷാ പരിശീലന സ്ഥാപനം എന്നതിനൊപ്പം പുറത്തുനിന്നുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ വെബ്സൈറ്റുകളുടെ സുരക്ഷ സംബന്ധിച്ച സഹായങ്ങളും റെഡ് ടീം ചെയ്തുവരുന്നു. 

അതിനൂതനമായ സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഭരണകൂടങ്ങളും സൈബര്‍ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. 

ഐഓടി പേസ്മേക്കര്‍ ഹാക്ക് ചെയ്ത് മനുഷ്യനെ കൊല്ലാന്‍ വരെ  ഇന്ന് ഹാക്കര്‍മാര്‍ക്ക്സാധിക്കും. ഒരു രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളിലേക്ക് പോലും ഹാക്കര്‍മാര്‍ക്ക് കടന്നുകയറാനാവുന്നു. മൂന്നാം ലോക മഹായുദ്ധം സൈബര്‍ യുദ്ധമായിരിക്കുമെന്ന് വരെ വിദഗ്ദര്‍ വിലയിരുത്തുന്നു. 

ഇങ്ങനെ അധാര്‍മിക പ്രവര്‍ത്തികള്‍ ചെയ്യുന്ന ഹാക്കര്‍മാരെ നേരിടാന്‍ അതേ വിദ്യകള്‍ അറിയുന്ന വിദഗ്ദരെ നമുക്ക് വേണമെന്ന് ജെയ്സല്‍ അലി പറഞ്ഞു. 

Jaisal Redteam
ജെയ്സല്‍ അലി 

റെഡ് ടീമിന് കീഴിലുള്ള റെഡ്ടീം ഹാക്കര്‍ അക്കാദമിയാണ് വിവിധ കോഴ്സുകളില്‍ പരിശീലനം ല്‍കുന്നത്. എത്തിക്കല്‍ ഹാക്കിങ് ഉള്‍പ്പടെയുള്ള സൈബര്‍ സുരക്ഷാ പരിശീലന പരിപാടികളാണ് വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായി ഇവിടെ നല്‍കിവരുന്നത്. റെഡ് ടീം സൈബര്‍ സെക്യൂരിറ്റി ലാബ്സ് ആണ് സൈബര്‍ സുരക്ഷാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായി പ്രവര്‍ത്തിക്കുന്നത്. കേരളാ പോലീസിന്റെ സൈബര്‍ ഡോമുമായും റെഡ് ടീം സഹകരിക്കുന്നുണ്ട്.

ഇത് കൂടാതെ അമിറ്റി സര്‍വകലാശാല പിജി ഡിപ്ലോമ ഇന്‍ സൈബര്‍ സെക്യൂരിറ്റി എന്ന പുതിയ കോഴ്സിന് തുടക്കമിടുന്നത് റെഡ് ടീമുമായി സഹകരിച്ചാണ്.  തുടക്കത്തില്‍ ഏഴ് പേരാണ് റെഡ് ടീം ഹാക്കര്‍ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളായുണ്ടായിരുന്നതെങ്കില്‍ ഇന്ന് 200 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കുണ്ടെന്ന്‌റെഡ് ടീം ഡയറക്ടര്‍ ജെയ്സല്‍ അലി പറഞ്ഞു.

ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സും, ആറ് മാസത്തെ പരിശീലനപരിപാടികളും, അഞ്ച് ദിവസം ദൈര്‍ഘ്യമുള്ള അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും റെഡ് ടീം ഹാക്കര്‍ അക്കാദമി നല്‍കുന്നുണ്ട്. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇസി കൗണ്‍സില്‍, കംപ്യൂട്ടിങ് ടെക്നോളജി ഇന്‍ഡസ്ട്രി അസോസിയേഷന്‍ (കോംടിയ) തുടങ്ങിയ മുന്‍നിര അന്താരാഷ്ട്ര ഏജന്‍സികളുടെ പിന്തുണയും റെഡ് ടീമിനുണ്ട്. 

സൈബര്‍ സുരക്ഷാ മേഖലയിലേക്ക് കൂടുതല്‍ വനിതകളെ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ 'വിമെന്‍ ഇന്‍ സൈബര്‍ സെക്യൂരിറ്റി' എന്ന ആശയത്തില്‍ പരിശീലന പരിപാടികളും റെഡ് ടീം സംഘടിപ്പിക്കുന്നുണ്ട്. 

ഇന്ന് കോഴിക്കോടും എറണാകുളത്തുമായി പ്രവര്‍ത്തിക്കുന്ന റെഡ് ടീമിന്റെ വിദ്യാര്‍ഥികള്‍ ഏണസ്റ്റ് ആന്റ് യങ്,  പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്, കെപിഎംജി പോലുള്ള സ്ഥാപനങ്ങളിലും രാജ്യത്തെ പേമെന്റ് കാര്‍ഡ് സുരക്ഷാ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളിലുമെല്ലാം ജോലി നോക്കുന്നുണ്ടെന്നുള്ളത് റെഡ് ടീം എന്ന മലയാളി സ്റ്റാര്‍ട്ട് അപ്പിന്റെ വലിയ നേട്ടങ്ങളാണ്.

ബ്ലോക്ക് ചെയ്ന്‍ സുരക്ഷ, ഇന്‍ഡസ്ട്രിയല്‍ കണ്‍ട്രോള്‍ സിസ്റ്റം (ഐസിഎസ്) സുരക്ഷ, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (ഐഓടി) സുരക്ഷ, സൈബര്‍ ത്രെട്ട് ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും റെഡ് ടീം പദ്ധതിയിടുന്നു.

Content Highlights: redteam hacker academy creates security experts