MIG-21 aircraft | Photo: Shailendra Bhojak/ PTI Photo
മിഗ്-21 യുദ്ധവിമാനം പതിവ് പരിശീലനപ്പറക്കലിനിടെ രാജസ്ഥാനില്‍ വീടിനു മുകളില്‍ തകര്‍ന്നുവീണ് കുടുംബാംഗങ്ങളായ മൂന്നു സ്ത്രീകള്‍ മരിച്ചത് അടുത്ത കാലത്താണ്. ബഹ്‌ലോല്‍ നഗറിലെ രത്തിറാം എന്ന കര്‍ഷകന്റെ വീടിനു മുകളിലാണ് വിമാനം തകര്‍ന്നുവീണത്. അദ്ദേഹത്തിന്റെ ഭാര്യയും ബന്ധുക്കളായ രണ്ട് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു. സൂരത്ഗഡ് വ്യോമതാവളത്തില്‍നിന്ന് പതിവ് പരിശീലനപ്പറക്കലിന് പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ ഒട്ടേറെ അപകടങ്ങള്‍ക്ക് ഇരയായ മിഗ്-21 യുദ്ധവിമാനങ്ങളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്കയുയര്‍ത്തുന്നതാണ് ഈ അപകടം. ഇന്ത്യയിലെ മിഗ്-21 വിമാനങ്ങള്‍ക്ക് അത്ര നല്ല ട്രാക്ക് റെക്കോഡല്ല ഉള്ളത്. 1963- ലാണ് ഇന്ത്യന്‍ വ്യോമസേന ആദ്യമായി മിഗ്-21 വിമാനങ്ങള്‍ വാങ്ങുന്നത്. കഴിഞ്ഞ 60 വര്‍ഷത്തിനിടെ മുന്നൂറോളം മിഗ് - 21 വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. 170-ലധികം പൈലറ്റുമാര്‍ കൊല്ലപ്പെട്ടു.
രാജസ്ഥാനില്‍ മിഗ് -21 യുദ്ധവിമാനം തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുംവരെ ഇവയുടെ സേവനം നിര്‍ത്തിവെയ്ക്കാന്‍ വ്യോമസേന തീരുമാനിച്ചിരുന്നു. മിഗ്-21 വിമാനങ്ങള്‍ തുടര്‍ച്ചയായി തകര്‍ന്നുവീഴുന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയതിന് പിന്നാലെയായിരുന്നു തീരുമാനം. 'വിമാനം തകര്‍ന്നു വീഴാന്‍ കാരണം എന്തെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നത് വരെ മിഗ് -21 വിമാനങ്ങളുടെ സേവനം നിര്‍ത്തിവെക്കുന്നു' എന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. 1963 മുതല്‍ മിഗ്-21 ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാണ്. മറ്റേതൊരു വിമാനത്തേക്കാളും ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ചും ഈ വിമാനങ്ങള്‍ തന്നെയാണ്. ഒരു കാലത്ത് വ്യോമസേനയുടെ നട്ടെല്ലായിരുന്ന മിഗ്-21 സോവിയറ്റ് കാലഘട്ടത്തിലെ സിംഗിള്‍ എഞ്ചിന്‍ മള്‍ട്ടിറോള്‍ ഫൈറ്റര്‍/ഗ്രൗണ്ട് അറ്റാക്ക് യുദ്ധവിമാനമാണ്. ഈ വിമാനങ്ങള്‍ ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത പതിറ്റാണ്ടുകളായി പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. കാലപ്പഴക്കം ചെന്ന ഇവ പല രാജ്യങ്ങളും ഉപേക്ഷിച്ചപ്പോഴും ഇപ്പോഴും ഇന്ത്യന്‍ വ്യോമസേന ഉപയോഗിക്കുകയായിരുന്നു. ഒടുവില്‍ രാജസ്ഥാനിലെ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മിഗ്-21 സേവനം പൂര്‍ണമായി നിര്‍ത്തിവെയ്ക്കാന്‍ ഇന്ത്യന്‍ വ്യോമസേന തീരുമാനിച്ചത്.
ആകാശത്തെ റഷ്യന്‍ പടയാളി
ഒരു കാലത്ത് ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായിരുന്ന മിഖായോന്‍ ഗുരേവിച്ച് മിഗ്-21 (Mikoyan-Gurevich MiG-21) യുദ്ധവിമാനശ്രേണി. വ്യോമയാനചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നിര്‍മിച്ച യുദ്ധവിമാനമാണ് മിഗ് -21. ആദ്യത്തെ സൂപ്പര്‍സോണിക് ജെറ്റ് വിമാനവും ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട യുദ്ധവിമാനവുമാണ് ഇത്. മിഗ് -21ന്റെ രൂപകല്പനയും ആദ്യഘട്ട നിര്‍മാണവും പഴയ സോവിയറ്റ് യൂണിയനിലെ മിഖായോന്‍ ഗുരേവിച്ച് ഡിസൈന്‍ ബ്യൂറോയായിരുന്നു. ഒറ്റ എന്‍ജിന്‍ യുദ്ധവിമാനമാണ് ഇത്. ഒറ്റ സീറ്റുള്ള ഇതിനെ വിവിധ ആക്രമണ രീതിക്ക് ഉപയോഗിക്കാം. മിഗ്-21 ന്റെ പരമാവധി വേഗം മണിക്കൂറില്‍ 2,230 കിലോ മീറ്ററാണ്. നാല് ആര്‍-60 ക്ലോസ് കോംബാറ്റ് മിസൈലുകളുള്ള ഒരു 23 മില്ലീമീറ്റര്‍ ഇരട്ട ബാരല്‍ പീരങ്കി വഹിക്കാനാകും.
.jpg?$p=4a70f0a&&q=0.8)
1959 മുതല്‍ സേവനത്തിന്റെ ആകാശത്തില്‍ വട്ടമിട്ട് പറക്കുന്ന ഇവ 11,496 എണ്ണമാണ് പുറത്തിറങ്ങിയത്. ഇതില്‍ 10,645 എണ്ണം സോവിയറ്റ് യൂണിയനിലും 657 എണ്ണം ഇന്ത്യയിലും 194 എണ്ണം പഴയ ചെക്കോസ്‌ളോവാക്യയിലുമാണ് നിര്‍മിച്ചത്. 60 രാജ്യങ്ങളാണ് പല കാലഘട്ടങ്ങളിലായി മിഗ്- 21നെ തങ്ങളുടെ സേനകളുടെ ഭാഗമാക്കിയത്. റഷ്യ ഈ പോര്‍വിമാനത്തിന്റെ നിര്‍മാണം 1985-ല്‍ നിര്‍ത്തിയിരുന്നു. ആറു ദശകത്തിനു ശേഷവും ഇന്ത്യ ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങള്‍ ഇപ്പോഴും ഉപയോഗിക്കുന്നു. ക്രൊയേഷ്യ, ക്യൂബ, ലിബിയ, സിറിയ, യുഗാണ്ട, യെമന്‍ എന്നിവയാണ് പ്രധാന രാജ്യങ്ങള്‍. മിഗ്-21 വിമാനങ്ങളുടെ ഏറ്റവും വലിയ ഓപ്പറേറ്ററില്‍മാരില്‍ ഒരാളാണ് ഇന്ത്യ.
1961-ലാണ് ഇന്ത്യന്‍ വ്യോമസേന മറ്റ് പാശ്ചാത്യ നിര്‍മിത വിമാനങ്ങളെ പിന്തള്ളി മിഗ്-21 വാങ്ങാന്‍ തീരുമാനിക്കുന്നത്. കരാറിന്റെ ഭാഗമായി, സോവിയറ്റ് യൂണിയന്‍ ഇന്ത്യയ്ക്ക് സാങ്കേതിക വിദ്യയുടെ പൂര്‍ണ കൈമാറ്റവും രാജ്യത്ത് തന്നെ അറ്റകുറ്റപ്പണിക്കും അസംബ്ലിങ്ങും വാഗ്ദാനം ചെയ്തിരുന്നു. 1962-ലെ ചൈന-ഇന്ത്യ യുദ്ധത്തില്‍ ചൈനയോട് തിരിച്ചടിയേല്‍ക്കുകയും പാകിസ്താനില്‍ നിന്നുള്ള വെല്ലുവിളികള്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യ സൈനിക ശേഷി വര്‍ധപ്പിക്കാന്‍ തയ്യാറെടുത്തത്. ആദ്യത്തെ മിഗ്-21 വിമാനങ്ങള്‍ 1963 ഒക്ടോബറിലാണ് രാജ്യത്ത് എത്തുന്നത്. പിന്നാലെ 1965-ല്‍ ആറ് മിഗ്-21 ഇന്ത്യയിലെത്തി. 1963-ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത് മുതല്‍ 900-ലധികം മിഗ്-21 വിമാനങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ 657 എണ്ണം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് (എച്ച്എഎല്‍) നിര്‍മിച്ചത്. 1980 മുതല്‍ ഏകദേശം 300 മിഗ്-21 ബിസ് (ടൈപ്പ് 75) വേരിയന്റുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടു. 1971-ലെ ഇന്ത്യ-പാക്ക് യുദ്ധത്തിലും 1999 കാര്‍ഗില്‍ യുദ്ധത്തിലും ഈ വിമാനങ്ങള്‍ വലിയ പങ്ക് വഹിക്കുകയും ചെയ്തു.
.jpg?$p=422c415&&q=0.8)
'പറക്കും ശവപ്പെട്ടി'
വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് മിഗ്-21 പോര്‍വിമാനങ്ങള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ മിഗ് ശ്രേണിയിലുള്ള വിമാനങ്ങള്‍ അരങ്ങൊഴിയേണ്ടതായിരുന്നു. ഇവ ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്നതിനെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ പല കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, എല്‍.സി.എ. തേജസ് വിമാനങ്ങള്‍ ലഭിക്കുന്നത് വൈകിയ സാഹചര്യത്തില്‍ വ്യോമസേനയ്ക്ക് മിഗ് ശ്രേണിയെ തുടര്‍ന്നും ആശ്രയിക്കേണ്ടിവന്നു. 1963 ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായതു മുതല്‍ നിരവധി അപകടങ്ങളാണ് മിഗ്-21ന് സംഭവിച്ചത്. ആ വര്‍ഷം തന്നെ രണ്ട് അപകടങ്ങള്‍ സംഭവിച്ചു. 1965-ല്‍ നാല് അപകടങ്ങളാണ് സംഭവിച്ചത്. കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ മുന്നൂറോളം മിഗ്-21 വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് കണക്കുകള്‍. സാങ്കേതിക തകരാറുകള്‍, പൈലറ്റിന്റെ പിഴവുകള്‍, കാലാവസ്ഥാ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം അപകടങ്ങള്‍ക്കു കാരണമായിട്ടുണ്ട്. ഈ അപകടങ്ങളില്‍ 170-ലധികം പൈലറ്റുമാരും 60 സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. തുടര്‍ച്ചയായി അപകടങ്ങള്‍ അവര്‍ത്തിച്ചതോടെ വിമര്‍ശകര്‍ 'പറക്കും ശവപ്പെട്ടി' എന്ന പരിഹാസപ്പേരുമിട്ടു. വിധവാ നിര്‍മാതാവ് എന്നതായിരുന്നു മറ്റൊരു പേര്.
2010 മുതല്‍ ഇതുവരെ മുപ്പതിലധികം വിമാനങ്ങള്‍ തകര്‍ന്നുവീണു. കഴിഞ്ഞ 20 മാസത്തിനിടയില്‍ മാത്രം ഏഴ് അപകടങ്ങളാണ് മിഗ് വിമാനങ്ങള്‍ക്ക് സംഭവിച്ചത്. അഞ്ച് വൈമാനികര്‍ക്കാണ് ഈ അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത്. 2022 ജൂലൈ 28-ന് മിഗ്-21 തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചിരുന്നു. പരിശീലന പറക്കലിനിടെ ഉതര്‍ലായ് എയര്‍ ബേസില്‍നിന്ന് പറന്നുയര്‍ന്ന് വിമാനം രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ഭീംദ ഗ്രാമത്തിലാണ് തകര്‍ന്നുവീണത്. 2021-ല്‍ മാത്രം അഞ്ച് തവണയാണ് മിഗ്-21 വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടത്. 2021 ജനുവരി അഞ്ചിനായിരുന്നു അദ്യത്തെ അപകടം. 2021 മേയ് 17-ന് ഗ്വാളിയര്‍ എയര്‍ബേസില്‍നിന്നു പറന്നുയര്‍ന്ന മിഗ്-21 തകര്‍ന്ന് ഗ്രൂപ്പ് ക്യാപ്റ്റന്‍ ആശിഷ് ഗുപ്ത കൊല്ലപ്പെട്ടു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമുണ്ടായ അടുത്ത അപകടത്തില്‍ രാജസ്ഥാനിലെ സൂറത്ത്ഗഡ് എയര്‍ ബേസില്‍നിന്ന് പറന്നുയര്‍ന്ന മിഗ് -21 ബൈസണ്‍ തകര്‍ന്ന് സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിഷേക് ചൗധരി മരിച്ചു. ഓഗസ്റ്റില്‍ രാജസ്ഥാനിലെ ബാര്‍മറിലും മിഗ്-21 ബൈസണ്‍ വിമാനം തകര്‍ന്നുവീണെങ്കിലും പൈലറ്റ് സുരക്ഷിതമായി താഴെ ഇറങ്ങി. ആ വര്‍ഷം ഡിസംബര്‍ 24-ന് വിങ് കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹ മരിച്ചതും മിഗ്-21 പരിശീലന പറക്കലിനിടെയായിരുന്നു.
.jpg?$p=c145bdc&&q=0.8)
എന്തുകൊണ്ട് ഇത്രയധികം അപകടങ്ങള്‍?
ഇന്ത്യന്‍ വ്യോമസേനയുടെ അപകടത്തില്‍പ്പെടുന്ന ഒരേയൊരു വിമാനം മിഗ്- 21 അല്ലെങ്കിലും ഏറ്റവും അപകടസാധ്യതയുള്ള വിമാനമാണിത്. 2021-ല്‍ 11 ഇന്ത്യന്‍ സൈനിക വിമാനങ്ങള്‍ തകര്‍ന്നുവീണപ്പോള്‍ അതില്‍ അഞ്ചെണ്ണം മിഗ് -21 ആയിരുന്നു. ഓരോ വിമാനാപകടവും വ്യോമസേന വെവ്വേറെ അന്വേഷിക്കുകയും അവയില്‍ പലതിനും വ്യത്യസ്ത കാരണങ്ങളാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. സാങ്കേതിക തകരാറുകള്‍, പൈലറ്റ് വരുത്തുന്ന പിഴവുകള്‍, പക്ഷിയിടികള്‍ എന്നിങ്ങനെ അപകടങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ അപകടങ്ങളാണ് ചൂണ്ടിക്കാണിച്ചിരുന്നത്. സൈനിക വ്യോമയാന മേഖലയില്‍ അപകടങ്ങള്‍ പതിവാണെങ്കിലും ഇന്ത്യയുടെ ക്രാഷ് നിരക്ക് വളരെ ഉയര്‍ന്നതാണെന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. കാലഹരണപ്പെട്ട യുദ്ധവിമാനങ്ങള്‍, മോശം അറ്റകുറ്റപ്പണികള്‍, അപര്യാപ്തമായ പരിശീലനം എന്നിവയെല്ലാം കാരണങ്ങളായി നിരത്താനാകും.
മിഗ് -21ന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ വിദഗ്ധര്‍ ഉയര്‍ത്തിക്കാട്ടുന്നത് അവയുടെ പഴക്കം തന്നെയാണ്. നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന എല്ലാ മിഗ്- 21 വിമാനങ്ങള്‍ക്കും 35 വര്‍ഷമെങ്കിലും പഴക്കമുണ്ട്. പഴക്കം ചെന്ന സാങ്കേതിക വിദ്യയാണ് ഈ വിമാനങ്ങളില്‍ ഉപയോഗിക്കുന്നത്. മിഗ്-21 ഒരു ഒറ്റ എന്‍ജിന്‍ വിമാനമാണ്. അതിനാല്‍ തന്നെ ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാര്‍ ഉണ്ടായാല്‍ സുരക്ഷിതമായ ലാന്‍ഡിങ് പലപ്പോഴും നടക്കാതെ പോകുന്നു.
1960-കളില്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയ മിഗ്-21 വിമാനങ്ങള്‍ തൊണ്ണൂറുകളുടെ മധ്യത്തോടെ പൂര്‍ണമായും ഉപേക്ഷിക്കാനുമായിരുന്നു പദ്ധതി. എന്നാല്‍, മറ്റ് വിമാനങ്ങള്‍ സേനയില്‍ എത്തിക്കുന്നതില്‍ കാലതാമസം വന്നതോടെ മിഗ് 21 തന്നെ ഉപയോഗിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാകുകയായിരുന്നു. റഷ്യ ഇവയുടെ നിര്‍മാണം അവസാനിപ്പിച്ചിട്ടും ഇന്ത്യ സാങ്കേതികവിദ്യ നവീകരിച്ച് ഉപയോഗിക്കുകയായിരുന്നു. ഒപ്പം മൂന്നാം തലമുറ പോര്‍ വിമാനങ്ങളുമായി പൊരുത്തപ്പെടുന്നതിന് സാങ്കേതികവിദ്യ പുതുക്കുകയും ചെയ്തിരുന്നു. ചെറിയ ദൗത്യങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും മാത്രമാണ് മിഗ് -21 ഉപയോഗിച്ചിരുന്നത്. എന്നാല്‍, പരിശീലന പറക്കലിനിടെ അപകടം സംഭവിക്കുകയായിരുന്നു. മൂന്ന് സജീവ സ്‌ക്വാഡ്രണുകളുള്ള മിഗ് -21 ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിരുന്നുവെങ്കിലും മേയ് എട്ടിലെ രാജസ്ഥാന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ മിഗ്- 21 വിമാനങ്ങളുടെ സേവനവും വ്യോമസേന താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. രാജസ്ഥാനിലെ ഉത്തര്‌ലായ്, സൂറത്ത്ഗഡ്, നല്‍ എയര്‍ ബേസുകളില്‍ വിന്യസിച്ചിരിക്കുന്ന മൂന്ന് മിഗ് 21 സ്‌ക്വാഡ്രണുകള്‍ ഐഎഎഫിന്റെയും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിന്റെയും (എച്ച്എഎല്‍) സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കും വരെയാണ് നിര്‍ത്തിവെച്ചത്.
.jpg?$p=81e8d24&&q=0.8)
എന്തുകൊണ്ട് ഇന്ത്യ ഇത്രകാലം ഉപയോഗിച്ചു?
സോവിയറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മിഗ് 21 വിമാനങ്ങള്‍ എച്ച്.എ.എല്ലാണ് ഇന്ത്യയ്ക്കു വേണ്ടി നിര്‍മിച്ചത്. ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണെങ്കിലും ഈ പോര്‍വിമാനങ്ങള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 1963 മുതല്‍ 900-ല്‍ അധികം മിഗ് -21 യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിട്ടുണ്ട്. മിഗ് 21 എഫ്എല്‍, മിഗ് 21 എം, മിഗ് 21 ബിസ് എന്നിവയുള്‍പ്പെടെ വിമാനത്തിന്റെ നിരവധി വകഭേദങ്ങള്‍ എച്ച്.എ.എല്‍. നിര്‍മിച്ചു. 2019-ലെ കണക്കനുസരിച്ച്, 113 മിഗ് -21 വിമാനങ്ങള്‍ വ്യോമസേനയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, തുടര്‍ച്ചയായ അപകടങ്ങളും സുരക്ഷാപ്രശ്‌നങ്ങളും ആശങ്കയുയര്‍ത്തുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ പിന്മാറ്റത്തിന് രാജ്യം തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി 2022 സെപ്റ്റംബര്‍ 30-ന് മിഗ്-21 ബൈസണ്‍ വിമാനങ്ങളുടെ ഒരു സ്‌ക്വാഡ്രന്‍ സേവനം അവസാനിപ്പിച്ചിരുന്നു. ശ്രീനഗര്‍ വ്യോമത്താവളത്തിലെ '51 സ്‌ക്വാഡ്രനാ'ണ് പ്രവര്‍ത്തനം നിര്‍ത്തിയത്. അഭിമാനകരമായ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് ശ്രീനഗറിലെ 51 സ്‌ക്വാഡ്രന്‍ വിടവാങ്ങിയത്. 2019 ഫെബ്രുവരി 27-ന് പാകിസ്താന്റെ വ്യോമാക്രമണത്തെ ചെറുത്തതുതന്നെ അതില്‍ പ്രധാനം. വിങ് കമാന്‍ഡര്‍ (ഇപ്പോള്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍) അഭിനന്ദന്‍ വര്‍ധമാന്‍ മിഗ്-21ല്‍ കുതിച്ചാണ് ഇന്ത്യന്‍ വ്യോമപരിധി ലംഘിച്ച പാകിസ്താന്റെ എഫ്-16 യുദ്ധവിമാനത്തെ വീഴ്ത്തിയത്.
മൂന്ന് സ്‌ക്വാഡ്രണുകളുള്ള മിഗ് -21 വിമാനങ്ങള്‍ 2025-ഓടെ പിന്‍വലിക്കാനാണ് വ്യോമസേന ലക്ഷ്യമിടുന്നത്. ഇതില്‍ ഓരോ സ്‌ക്വാഡ്രണിലും 16 മുതല്‍ 18 പോര്‍വിമാനങ്ങളാണുള്ളത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി വേണ്ടത്ര പുതിയ വിമാനങ്ങള്‍ സേനയിലെത്തിക്കാന്‍ സാധിക്കാതിരുന്നതോടെ പഴക്കം ചെന്ന മിഗ് -21, മിഗ് -29, മിറാഷ്, ജാഗ്വാര്‍സ് എന്നിവയുള്‍പ്പെടെയുള്ള വിമാനങ്ങള്‍ ഐഎഎഫ് ഉപയോഗിച്ച് വരികയായിരുന്നു. പുതിയ യുദ്ധവിമാനങ്ങള്‍ സേനയുടെ ഭാഗമാക്കുന്നതില്‍ വന്ന കാലതാമസംമൂലം മിഗ് വിമാനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കേണ്ടി വന്നു. മൂന്ന് സ്‌ക്വാഡ്രണ്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട പുതിയ പോര്‍വിമാനങ്ങള്‍ എത്തിയാല്‍ മാത്രമാണ് മിഗ് 21 പൂര്‍ണമായും പിന്‍വലിക്കാന്‍ സാധിക്കുക. തദ്ദേശീയ വിമാനമായ തേജസിന്റെ നിര്‍മാണത്തിലുണ്ടായ കാലതാമസവും റഫാല്‍ വിവാദങ്ങളും തിരിച്ചടിയായതോടെയാണ് മിഗിന്റെ പിന്മാറ്റം നീണ്ടുപോയത്. കൂടുതല്‍ കാര്യക്ഷമതയുള്ള റഫാല്‍, സു-30, തദ്ദേശീയനിര്‍മ്മിതിയായ തേജസ് എല്‍.സി.എ (ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ്) എന്നിവ മിഗ് വിമാനങ്ങള്‍ക്കു പകരം വിന്യസിക്കാനാണ് പദ്ധതി. 48,000 കോടി രൂപയ്ക്ക് 83 തേജസ് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 2021-ല്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി പ്രതിരോധ മന്ത്രാലയം കരാറൊപ്പിട്ടിരുന്നു. 2024-ല്‍ ഇവ സേനയ്ക്ക് കൈമാറിത്തുടങ്ങുമെന്നാണ് വിവരം.
ഇന്ത്യന്‍ വ്യോമസേന ഇപ്പോഴും മിഗ്-21 ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം മറ്റ് വിമാനങ്ങളുടെ കുറവ് തന്നെയാണ്. റഫാൽ, തേജസ് വിമാനങ്ങള്‍ മാത്രമാണ് പുതിയതായി സമീപകാലത്ത് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. ഇവയാകട്ടെ എണ്ണത്തിൽ വളരെ കുറവുമായിരുന്നു. തദ്ദേശീയമായ വിമാന നിര്‍മാണത്തിലെ കുറവും വിദേശത്തുനിന്നുള്ള വിമാനങ്ങള്‍ വാങ്ങുന്ന പ്രക്രിയയിലെ കാലതാമസവുമാണ് ഇന്ത്യന്‍ വ്യോമസേനയിലേക്ക് പുതിയ വിമാനങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ വലിയ തടസം സൃഷ്ടിച്ചത്.

പകരക്കാര്‍ റഫാലും തേജസും
വ്യോമസേനയുടെ യുദ്ധവിമാനങ്ങളില്‍ ഏറ്റവും കരുത്തനാണ് റഫാല്‍. ബഹുമുഖ യുദ്ധവിമാനമായ റഫാല്‍ കരയുദ്ധത്തിനു സഹായിക്കും. കപ്പലുകളെയും ആക്രമിക്കാം. ചെറിയ ആണവായുധങ്ങള്‍ വഹിക്കും. ഇരട്ട എഞ്ചിനാണ്. ശത്രുവിമാനങ്ങളെ ആക്രമിക്കാനുള്ള മിസൈലുകള്‍, വ്യോമ-ഭൂതല മിസൈലുക എന്നിവ സജ്ജീകരിക്കാനാകും. റഡാര്‍ മുന്നറിയിപ്പ് റിസീവറുകള്‍, ലോ ബാന്‍ഡ് ജാമറുകള്‍, ഇന്‍ഫ്രാറെഡ് തിരച്ചില്‍ സൗകര്യം, ട്രാക്കിങ് സംവിധാനം എന്നിവ ഇന്ത്യയ്ക്ക് പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. 10 ടണ്‍ ഭാരമാണുള്ളത്. 24,500 കിലോ ഗ്രാം ഭാരം വരെ വഹിക്കാന്‍ ശേഷിയുണ്ട്. മണിക്കൂറില്‍ 2223 കിലോ മീറ്ററാണ് പരമാവധി വേഗം. ഫ്രാന്‍സിലെ ദസൊ ഏവിയേഷനാണ് ഇതിന്റെ നിര്‍മാതാക്കള്‍. 2016 സെപ്റ്റംബറിലാണ് ഇന്ത്യ കരാറൊപ്പിട്ടത്. 36 റഫാല്‍ വിമാനങ്ങളാണ് ഇന്ത്യ വാങ്ങിയത്. ഇതില്‍ 28 എണ്ണം സിംഗിള്‍ സീറ്റും എട്ടെണ്ണം ഡബിള്‍ സീറ്റുമാണ്.
വ്യോമസേനയുടെ പക്കലുള്ള ഏക ഇന്ത്യന്‍ നിര്‍മിത യുദ്ധവിമാനമാണ് തേജസ്. എച്ച്.എ.എല്‍ മാരുതിന് ശേഷം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനമാണ് തേജസ്. ഭാരം കുറഞ്ഞ സൂപ്പര്‍സോണിക് യുദ്ധവിമാനമാണിത്. മണിക്കൂറില്‍ 2205 കിലോ മീറ്റര്‍ വരെ പരമാധി താണ്ടും. ആകാശമധ്യേ ഇന്ധനം നിറയ്ക്കാന്‍ കഴിയും. മിറാഷ്-2000 സ്വീഡന്റെ ഗ്രിപ്പന്‍ തുടങ്ങിയവയോട് കിടപ്പിടിക്കുന്നു ഇവ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയുടെ സഹകരണത്തോടെ ബെംഗളൂരുവിലെ എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സിയാണ് രൂപകല്പന ചെയ്തത്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിന്റെ ഡിസൈന്‍ സെന്ററിലായിരുന്നു നിര്‍മാണം.
.jpg?$p=a67e27c&&q=0.8)
2002-ലാണ് സുഖോയ്-30 ഇന്ത്യയിലെത്തുന്നത്. റഷ്യന്‍ നൂതന യുദ്ധവിമാനമായ സുഖോയ്-30 ന് ഏറെ ദൂരം സഞ്ചിരിക്കാനും എവിടേയും ബോംബിടാനും സാധിക്കും. ആകാശത്തുവെച്ച് ഏറ്റുമുട്ടാനും ആകാശത്തുനിന്ന് കരയുദ്ധത്തിന് സഹായിക്കുകയും ചെയ്യും. ഇരട്ട എഞ്ചിനും ഡബിള്‍ സീറ്റുമുണ്ട് ഇതിന്. ഒരു എക്സ് 30 എംഎം ജിഎസ്എച്ച് തോക്കും 8000 കിലോ ആയുധങ്ങളും വഹിക്കാന്‍ ശേഷി. മണിക്കൂറില്‍ 2500 കിലോ മീറ്റര്‍ വരെ വേഗം ലഭിക്കും.
മിഗ് 21 വിമാനങ്ങൾ പൂർണമായും പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ ഇന്ത്യൻ വ്യോമചരിത്രത്തിലെ നീണ്ടുനിന്ന വലിയൊരു കാലഘട്ടത്തിനാണു തിരശീല വീഴുക. ഒരു തലമുറയിലെ മുഴുവൻ യുദ്ധവൈമാനികർക്കും മിഗ് 21 യുദ്ധവിമാനത്തോടുണ്ടായിരുന്ന അഭിനിവേശം കൂടിയാണ് ഓർമ്മകളിലേക്കു മറയുക. പുതിയ കാലത്തിന് അനുയോജ്യമായ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വൈമാനികരുടെ കൈകളിലെത്തുന്നതോടെ ശേഷിക്കുന്ന മിഗ് 21 എന്ന ഇതിഹാസം മിക്കവാറും മ്യൂസിയങ്ങളിലേക്കു പിൻവാങ്ങും.
Content Highlights: Reasons why the Indian Air Force is still flying MiG-21 despite multiple crashes?
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..