കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നൂതനമായ അള്‍ട്രാ വയലറ്റ് അണുനശീകരണ സംവിധാനമൊരുക്കി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐബിസ് മെഡിക്കല്‍ എക്യുപ്‌മെന്റ് ആന്റ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്. 

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റേസ്‌കോവ് യുവിസി അണുനാശിനി സംവിധാനം (RazeCoV UVC Disinfection System) അള്‍ട്രാവയലറ്റ് ജെര്‍മിസിഡല്‍ റേഡിയേഷന്‍ (യുവിജിഐ) (Ultraviolet Germicidal Irradiation -UVGI) ലൈറ്റ് ഉപയോഗിച്ച് ഹോട്ടലുകള്‍, ആശുപത്രികള്‍, എയര്‍പോര്‍ട്ട് ലോഞ്ചുകള്‍, ഓഫീസുകള്‍, വാണിജ്യ ഇടങ്ങള്‍ തുടങ്ങിയ നിയന്ത്രിത മേഖലകളില്‍ വൈറസുകളുടെയും ബാക്ടീരിയകളുടെയും ഡിഎന്‍എയും ആര്‍എന്‍എയും നിര്‍ജ്ജീവമാക്കുന്നു.

കോവിഡ്-19 ഉള്‍പ്പടെയുള്ള കഠിനമായ രോഗകാരികളായ സൂക്ഷ്മാണുക്കളെ നശിപ്പിക്കാന്‍ ഈ ഉപകരണങ്ങള്‍ക്ക് സാധിക്കും. രാസവസ്തുക്കളുപയോഗിച്ച് അണുനശീകരണം സാധ്യമാക്കാത്ത ലബോറട്ടിറകള്‍, ഓഫീസുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, കംപ്യൂട്ടറുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുള്ള മുറികള്‍ അണുവിമുക്തമാക്കാന്‍ ഈ സംവിധാനം ഉപയോഗിച്ച് സാധിക്കുമെന്ന് ഐബിസ് മെഡിക്കല്‍ എക്യുപ്മെന്റ് ആന്‍ഡ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുജിത്ത് എസ് പറഞ്ഞു.

അണുവിമുക്തമാക്കല്‍ നടത്തേണ്ട ഇടവേളകള്‍, ആവശ്യമായ സമയം, അലാറം ഡാറ്റ എന്നിവ പോലുള്ള വിവരങ്ങള്‍ സംഭരിക്കാന്‍ കഴിയുന്നതരത്തില്‍ സ്വന്തമായി  വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഈ സംവിധാനം നിയന്ത്രിക്കുന്നത്.  പരമാവധി മികച്ച ക്ഷമത ഉറപ്പാക്കാന്‍ ഉപകരണത്തിന്റെ ഉയരം 8 അടി വരെ ക്രമീകരിക്കാം. പ്രവര്‍ത്തന സമയത്ത് ആകസ്മികമായി ആരെങ്കിലും അണുനശീകരണ മേഖലയിലേക്ക് പ്രവേശിച്ചാല്‍ ഉപകരണം യാന്ത്രികമായി ഷട്ട് ഡൗണ്‍ ചെയ്യുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. ഇതിനായി 360 ഡിഗ്രി മോഷന്‍ സെന്‍സറും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

200 ചതുരശ്ര അടി ശരാശരി വലുപ്പമുള്ള ഒരു മുറിയില്‍ അണുനശീകരനത്തിന് വേണ്ടിവരുന്ന  സമയം അഞ്ച് മുതല്‍ 15 മിനിറ്റ് വരെയാണ്.  ഉപകരണത്തിനൊപ്പം നല്‍കിയിരിക്കുന്ന യുവി-സി ഡോസ് ഇന്‍ഡിക്കേറ്റര്‍ കാര്‍ഡ് ഉപയോഗിച്ച് റേസ്‌കോവിന്റെ ഫലപ്രാപ്തി പരിശോധിക്കാന്‍ കഴിയും. രാജീവ് ഗാന്ധി സെന്റര്‍ ഓഫ് ബയോടെക്‌നോളജിയുടെ ഒരു യൂണിറ്റായ ക്രിബ്‌സ് ബയോനെസ്റ്റ് (KRIBS-BIONEST) ല്‍ നടത്തിയ ഒരു പരിശോധനയില്‍, അള്‍ട്രാവയലറ്റ് ലൈറ്റ് അണുനാശിനി ഉപകരണങ്ങള്‍ 99.9 ശതമാനം വരെ വൈറസിനേയും ബാക്ടീരിയയും നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് എന്ന് ഐബിസ് അധികൃതര്‍ പറഞ്ഞു. 

രാസ ഉള്ളടക്കമൊന്നും ഉള്‍പ്പെടാത്തതിനാല്‍ വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍ അല്ലെങ്കില്‍ മറ്റ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിക്കില്ല.  അള്‍ട്രാവയലറ്റ് വിളക്ക് ഒഴികെയുള്ള എല്ലാ ഘടകങ്ങളും അന്തര്‍ദ്ദേശീയ നിലവാരങ്ങളുമായി പൊരുത്തപ്പെടും വിധം തദ്ദേശീയമായി നിര്‍മ്മിച്ചവയാണെന്നും സുജിത്ത് പറഞ്ഞു.

Content Highlight: RazeCoV UVC Disinfection System