Creative image | Illustration: Shinoy | MBI
അന്യഗ്രഹജീവികളെ കുറിച്ചുള്ള കഥകള്‍ നിരവധിയുണ്ട്. അന്യഗ്രഹ ജീവികളുണ്ടെന്നുള്ളതിന് ഇതുവരെയും തെളിവുകളൊന്നുമില്ല. അന്യഗ്രഹ ജീവികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞില്ലെങ്കിലും പ്രപഞ്ചത്തിൽ എവിടെയെങ്കിലും ബുദ്ധിസാമര്‍ത്ഥ്യമുള്ള, ശാസ്ത്രപുരോഗതി നേടിയ മറ്റൊരു ജീവസമൂഹമുണ്ടായിരിക്കാം എന്ന പ്രതീക്ഷ ശാസ്ത്രലോകത്തിന് ഉണ്ട്.
ഈ പ്രതീക്ഷ കൊണ്ടുതന്നെ, അന്യഗ്രഹ ജീവികള്‍ക്ക് പിടിച്ചെടുക്കാനാവുംവിധം ചില സന്ദേശങ്ങള്‍ റേഡിയോ തരംഗങ്ങളായി ഗാലക്സിയ്ക്ക് പുറത്തേക്ക് അയക്കുന്നുണ്ട്. ശൂന്യാകാശത്ത് എവിടെയെങ്കിലും ഉണ്ടാവാനിടയുള്ള അന്യഗ്രഹ ജീവികള്‍ക്ക് അത് പിടിച്ചെടുത്ത് ഭൂമിയെ കണ്ടെത്താന്‍ സഹായിക്കുകയാണ് ലക്ഷ്യം.
ഇപ്പോഴിതാ നാസയുടെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ സൗരയൂഥത്തിന് പുറത്തേക്ക് അയക്കാനുള്ള പുതിയ സന്ദേശം തയ്യാറാക്കിയിരിക്കുകയാണ്. ബീക്കണ്‍ ഇന്‍ ദി ഗാലക്സി എന്നറിയപ്പെടുന്ന ഈ സന്ദേശം റേഡിയോ തരംഗങ്ങളായാണ് ബഹിരാകാശത്തേക്ക് അയക്കുന്നത്.
ആശയവിനിമയത്തിനുള്ള ലളിതമായ മാര്‍ഗങ്ങള്‍, ഗണിതത്തിലേയും ഊര്ജതന്ത്രത്തിലേയും ചില അടിസ്ഥാന ആശയങ്ങള്‍, ഡി.എന്‍.എയിലെ ഘടകങ്ങള്‍, മനുഷ്യനെ കുറിച്ചും ഭൂമിയെ കുറിച്ചുമുള്ള വിവരങ്ങള്‍ ഒപ്പം ഈ സന്ദേശം ലഭിച്ചാല്‍ മറുപടി അയക്കാനുള്ള വിലാസവും പുതിയതായി തയ്യാറാക്കിയ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
എന്നാല്‍, ഈ നീക്കം അപകടകരമാണെന്നാണ് ഓക്സ്ഫഡ് സര്‍വകലാശാലയിലെ ഉന്നത ഗവേഷകനായ ഡോ. ആന്‍ഡേഴ്സ് സാന്‍ഡ്ബെര്‍ഗ് പറയുന്നത്. സാമര്‍ത്ഥ്യമുള്ള അന്യഗ്രഹജീവികളിലേക്ക് ഇത്തരം വിവരങ്ങള്‍ പങ്കുവെക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന ഭീഷണികളെ നിര്‍ബന്ധമായും പരിഗണിക്കണമെന്ന് അദ്ദേഹം പറയുന്നു.
എങ്കിലും, ഈ സന്ദേശങ്ങള്‍ അത്തരം ഒരു അന്യഗ്രഹ ജീവസമൂഹത്തിലേക്ക് എത്താനുള്ള സാധ്യത വിരളമാണെങ്കിലും അതിന് വലിയ ആഘാതമുണ്ടാക്കാനുള്ള ശേഷിയുണ്ട്. അത് ഗുരുതരമായെടുക്കേണ്ടത് അനിവാര്യമാണ്. സാന്‍ഡ്ബെര്‍ഗ് ദി ടെലഗ്രാഫിനോട് പറഞ്ഞു. ഗൗരവമായെടുക്കാതെ, അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളെ ചിരിച്ചു തള്ളുകയാണെന്നും അദ്ദേഹം പറയുന്നു. അത് നാണക്കേടാണ്. കാരണം അതും പ്രധാനപ്പെട്ട കാര്യമാണ്.
എങ്കിലും, ഇതുവഴി എന്തെങ്കിലും നേട്ടത്തിനുമുള്ള സാധ്യത വളരെ ചെറുതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാന്‍ഡ്ബെര്‍ഗിന്റെ സഹപ്രവര്‍ത്തകനായ ടോബി ഓര്ഡും ഇതേ അഭിപ്രായക്കാരനാണ്. ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നത് നമ്മളെ തന്നെ കെണിയിലാക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം 'ദി പ്രെസ്പൈസ്' എന്ന തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. അപകടങ്ങള്‍ കുറവാണെങ്കിലും, അതാരും മനസിലാക്കുകയോ നല്ലരീതിയില്‍ കൈകാര്യം ചെയ്യുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറയുന്നു.
യു.എസ്. നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ അരെസിബോ ഒബ്സര്വേറ്ററിയാണ് ഇത്തരത്തില്‍ ബഹിരാകാശത്തേക്ക് സന്ദേശങ്ങള്‍ അയക്കുന്നയിടങ്ങളിലൊന്ന്. 1974-ലാണ് അരെസിബോ ദൂരദര്‍ശിനി ഉപയോഗിച്ച് മനുഷ്യര്‍ ശൂന്യാകാശത്തേക്ക് സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങിയത്. ജീവന് സാധ്യത കല്പിക്കപ്പെടുന്ന ക്ഷീരപഥത്തിലെ ചില പ്രത്യേക മേഖലകളെ ലക്ഷ്യമിട്ടാണ് ഈ സന്ദേശ തരംഗങ്ങള്‍ അയക്കുന്നത്.
Content Highlights: aliens, ufo, Beacon in the galaxy, 1974 broadcast
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..