ചെന്നൈ: പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ മുന്നറിയിപ്പ്. പബ്ലിക് വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ വഴിയുള്ള സൈബര്‍ ആക്രമണ സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ഏജന്‍സി പറയുന്നു. 

ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, പാസ്​വേഡ്, ചാറ്റ് സന്ദേശങ്ങള്‍, ഇമെയില്‍ തുടങ്ങിയവ നിങ്ങളുടെ ഉപകരണങ്ങളില്‍ നിന്നും ചോര്‍ത്തിയെടുക്കാന്‍ പബ്ലിക് വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ വഴി ഹാക്കര്‍മാര്‍ക്ക് എളുപ്പമാണ്. 

അതിനാല്‍ എന്ത് വിലകൊടുത്തും പബ്ലിക് വൈഫൈ സൗകര്യം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്നും പകരം വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്​വര്‍ക്കുകളോ (വിപിഎന്‍), കേബിള്‍ വഴിയുള്ള ഇന്റര്‍നെറ്റോ ഉപയോഗിക്കണമെന്നും ഏജന്‍സി നിര്‍ദ്ദേശിക്കുന്നുമുണ്ട്.

ആന്‍ഡ്രോയിഡ്, ഐഓഎസ്, ലിനക്‌സ്, മാക് ഓഎസ് തുടങ്ങിയ ഓപറ്റേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലാണ് സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള സാധ്യതയേറെയുള്ളത്.  

വയര്‍ലെസ് നെറ്റ്​വര്‍ക്കുകളിലേക്ക് കണക്റ്റ് ചെയ്യുന്നതിനുള്ള ഡബ്ല്യുപിഎ (WPA) അല്ലെങ്കില്‍ ഡബ്ല്യുപിഎ2 (WPA 2)  എന്‍ക്രിപ്ഷന്‍ സംവിധാനത്തിലാണ് സുരക്ഷ പ്രശ്‌നമുള്ളത്. ഈ സാധ്യത ഉപയോഗിച്ച് ഒരു ഹാക്കറിന് വൈഫൈ നെറ്റ്​വര്‍ക്കില്‍ അനധികൃതമായി കടന്നുകയറാന്‍ സാധിക്കും. തുടര്‍ന്ന് ആ നെറ്റ്​വര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഉപകരണങ്ങളെ നിരീക്ഷിക്കാനും വിവരങ്ങള്‍ ചോര്‍ത്താനും ഇയാള്‍ക്ക് സാധിക്കും. റീ ഇന്‍സ്റ്റലേഷൻ അറ്റാക്ക് അഥവാ ക്രാക്ക് എന്നാണ് ഇത്തരം ആക്രമണങ്ങളെ വിളിക്കുന്നത്. 

എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍, ഹോട്ടലുകള്‍, തുടങ്ങിയ സ്ഥലങ്ങളിലും ചില നഗരങ്ങളിലും പൊതു വൈഫൈ സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്. സൗജന്യമാണെന്ന് കരുതി ഈ നെറ്റ്​വര്‍ക്കുമായി ബന്ധിപ്പിക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് വ്യക്തമാക്കുകയാണ്  ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം.