ടുത്തിടെ പുറത്തിറങ്ങിയ പബ്ജി മൊബൈല്‍ ലൈറ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഉയര്‍ന്ന സാങ്കേതിക സംവിധാനങ്ങളുള്ള ഫോണുകളില്‍ മാത്രമാണ് പബ്ജി മൊബൈല്‍ നേരത്തെ കളിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ചെറിയ സ്മാര്‍ട്‌ഫോണുകളിലും കളിക്കാമെന്നതാണ്  പബ്ജി മൊബൈല്‍ ലൈറ്റിന്റെ സവിശേഷത. ഒരു കോടിയിലധികം പേരാണ് ഇത് ഡൗണ്‍ലോഡ് ചെയ്തത്. 

രണ്ട് ജിബി റാമില്‍ താഴെയുള്ള ഫോണുകളില്‍ പബ്ജി മൊബൈല്‍ ലൈറ്റ് കളിക്കാമെന്നതാണ് കൂടുതല്‍ ഇന്ത്യയ്ക്കാരെ പബ്ജിയിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ പബ്ജി മൊബൈല്‍ ലൈറ്റിന് ആവശ്യമായ ഏറ്റവും കുറഞ്ഞ റാം ശേഷി എത്രയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടെന്‍സെന്റ്. പബ്ജി മൊബൈല്‍ ലൈറ്റ് കളിക്കണമെങ്കില്‍ നിങ്ങളുടെ ഫോണില്‍ കുറഞ്ഞത് 786 എംബി റാം വേണം. അതായത് ഒരു ജിബിയില്‍ താഴെ റാം ശേഷിയുള്ള ഫോണുകളില്‍ പോലും പബ്ജി ഇന്‍സ്റ്റാള്‍ ചെയ്യാം. പക്ഷെ ഗെയിം പ്രവര്‍ത്തിപ്പിക്കാന്‍ ഏറ്റവും കുറഞ്ഞ പ്രൊസസര്‍ സംവിധാനം എന്താണെന്ന് കമ്പനി വ്യക്തമാക്കിയില്ല. 

പബ്ജി മൊബൈല്‍ ഗെയിമില്‍ നിന്നും ചില മാറ്റങ്ങളോടെയാണ് അതിന്റെ കുഞ്ഞന്‍ പതിപ്പായ പബ്ജി മൊബൈല്‍ ലൈറ്റ് അവതരിപ്പിച്ചത്. ഇറംഗല്‍ മാപ്പ് മാത്രമാണ് ഗെയിമിലുള്ളത്. 60 പേര്‍ക്കാണ് ഒന്നിച്ച് കളിക്കാന്‍ സാധിക്കുക. തടസങ്ങളില്ലാത്ത ഗെയിമിങ് സാധ്യമാക്കുന്നതിനാണ് ഒരു മാപ്പ് മാത്രം നല്‍കിയിരിക്കുന്നത്. ഇത് കൂടാതെ പുതിയ പ്രദേശങ്ങളും കെട്ടിടങ്ങളും മാപ്പില്‍ ചേര്‍ത്തിട്ടുണ്ട്. 

ഉപയോക്താക്കളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും അതിനനുസരിച്ച് പബ്ജി മൊബൈല്‍ ലൈറ്റില്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും പബ്ജിയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. 

Content Highlights: pubg mobile lite need 786MB minimum ram size