വില കുറഞ്ഞ പേഴ്‌സണല്‍ കംപ്യൂട്ടറുകളിലെല്ലാം ഉപയോഗിക്കുന്നതിനായി പബ്ജി ലൈറ്റ് പതിപ്പ് പുറത്തിറക്കിയതിന് പിന്നാലെ റാം സ്റ്റോറേജ് ഗ്രാഫിക്‌സ് സംവിധാനങ്ങള്‍ കുറവുള്ള കൃത്യമായി പറഞ്ഞാല്‍ രണ്ട് ജിബി റാമില്‍ താഴെയുള്ള ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കളിക്കാനാവുന്ന പബ്ജി മൊബൈല്‍ ലൈറ്റ് പതിപ്പ് പുറത്തിറക്കി. 

മൊബൈല്‍ പതിപ്പ് പുറത്തിറക്കിയതോടെയാണ് പബ്ജി ഗെയിമിന്റെ ജനപ്രീതി വര്‍ധിച്ചത്. മൊബൈല്‍ ഫോണുകളിലേക്ക് ലൈറ്റ് പതിപ്പ് കൂടി അവതിപ്പിക്കുന്നതോടെ കൂടുതല്‍ സാധാരണക്കാരായ സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളിലേക്ക് പബ്ജി ഗെയിം എത്തും. 

400 എംബി മാത്രമാണ് പബ്ജി മൊബൈല്‍ ലൈറ്റിന്റെ ഡൗണ്‍ലോഡ് സൈസ്. പ്രതിദിനം പരിമിതമായ മൊബൈല്‍ ഡേറ്റ ഉപയോഗിക്കുന്നവരാണ് ഇന്ത്യയിലെ വലിയൊരു വിഭാഗം സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പബ്ജി ലൈറ്റ് ഡൗണ്‍ലോഡ് ചെയ്യാനാവും. 

60 കളിക്കാര്‍ക്ക് വേണ്ടിയുള്ള ചെറിയ മാപ്പ് ആണ് പബ്ജി ലൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 10 മിനിറ്റ് മാത്രമേ ഒരു കളി നീണ്ടു നില്ക്കുകയുള്ളൂ. ഇതുവഴി ഡേറ്റ ലാഭിക്കാനാവും. പബ്ജി മൊബൈല്‍ ലൈറ്റില്‍ പുതിയതായി അംഗമാവുന്നവര്‍ക്ക് വിവിധ പാരിതോഷികങ്ങളും നല്‍കുന്നുണ്ട്. 

Content Highlights: pubg mobile lite launched for smartphones below 2GB ram