ലോകമെമ്പാടും ഏറെ ആരാധകരുള്ള സ്മാർട്ഫോൺ വീഡിയോ ഗെയിം ആണ് പബ്ജി മൊബൈൽ. പ്രത്യേകിച്ച് ഇന്ത്യയിൽ വലിയ രീതിയിൽ ആരാധകരെ സൃഷ്ടിക്കാൻ പബ്ജി മൊബൈലിന് സാധിച്ചിരുന്നു. എന്നാൽ ഉപഭോക്തൃ വിവരങ്ങളുടെ കൈകാര്യവുമായി ബന്ധപ്പെട്ടുയർന്ന് ആശങ്കയുടെ പശ്ചാത്തലത്തിൽ പബ്ജി മൊബൈൽ ഗെയിമുകൾക്ക് ഇന്ത്യ നിരോധനമേർപ്പെടുത്തി. അന്ന് മുതൽ നിരോധനം നീക്കണമെന്ന് ആവശ്യം പബ്ജി ആരാധകരിൽ നിന്ന് ഉയരുന്നുണ്ട്. എന്നാൽ സർക്കാർ അതിന് വഴങ്ങിയിട്ടില്ല.

ഇപ്പോഴിതാ പ്രത്യേക ഇന്ത്യൻ പതിപ്പുമായി പബ്ജി മൊബൈൽ ഇന്ത്യയിലേക്ക് ഉടൻ തിരികെ വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പബ്ജി കോർപ്പറേഷൻ. ഭാരത സർക്കാരിന്റെ അനുമതിയോടെയായിരിക്കും ഈ ഇത്.

ഐടി ആക്റ്റ് 69എ യിക്ക് കീഴിൽ സെപ്റ്റംബർ രണ്ടിനാണ് പബ്ജി മൊബൈൽ ഗെയിമിന്റെ രണ്ട് ആപ്ലിക്കേഷനുകൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തിയത്. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ ന്നിവയ്ക്ക് വിഘാതമായി പ്രവർത്തിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.

ഇതോടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും രാജ്യത്ത് ലഭ്യമായ മറ്റ് ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്നും പബ്ജി ഗെയിമുകൾ ലഭ്യമാക്കി.

നിരോധനം വന്നതോടെ, പബ്ജി മൊബൈലിനെ ഇന്ത്യയിലേക്ക് എത്തിച്ച ചൈനീസ് കമ്പനി ടെൻസെന്റുമായുള്ള ബന്ധം ഒളിവാക്കുകയാണെന്ന് ഗെയിമിന്റെ നിർമാതാക്കളും യഥാർഥ ഉടമകളുമായ ദക്ഷിണ കൊറിയൻ കമ്പനി പബ്ജി കോർപറേഷൻ പ്രഖ്യാപിച്ചിരുന്നു. ടെൻസെന്റിനെ ഒഴിവാക്കി, ഗെയിം തങ്ങൾ തന്നെ നേരിട്ടെത്തിക്കാനാണ് പബ്ജി കോർപറേഷന്റെ പദ്ധതി. കൂടാതെ റിലയൻസ് ജിയോ, എയർടെൽ പോലുള്ള കമ്പനികളുടെ സഹായത്തോടെ ഗെയിം തിരികെ കൊണ്ടുവരാനും പബ്ജി കോർപറേഷൻ ശ്രമിച്ചുവരികയാണ്.

ഈ സാഹചര്യത്തിലാണ് 'പബ്ജി മൊബൈൽ ഇന്ത്യ' എന്ന പേരിൽ ഇന്ത്യയ്ക്ക് വേണ്ടി മാത്രമായി പബ്ജി കോർപറേഷന്റെ പ്രത്യേക പ്രാദേശിക പതിപ്പ് അവതരിപ്പിക്കാനുള്ള നീക്കം കമ്പനി നടത്തുന്നത്. നേരത്തെ ഇന്ത്യയിൽ ലഭ്യമായിരുന്ന ആഗോള പതിപ്പിൽ നിന്ന് വേർപെടുത്തി ദക്ഷിണ കൊറിയയിലും, ചൈനയിലും നിലവിൽ ലഭ്യമാക്കിയിട്ടുള്ള പ്രാദേശിക പതിപ്പുകളെ പോലെ ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേക പബ്ജി മൊബൈൽ അവതരിപ്പിക്കുകയാണ് ചെയ്യുക.

ഇതിൽ ഒരു വിർച്വൽ സിമുലേഷൻ ട്രെയിനിങ് ഗ്രൗണ്ട് സെറ്റിങ്, കളിയുടെ തുടക്കം തൊട്ടുതന്നെ വസ്ത്രം ധരിച്ചുള്ള കഥാപാത്രങ്ങൾ, ചുവന്ന നിറത്തിന് പകരം രക്ത ചൊരിച്ചിലിന് പച്ച നിറം പോലുള്ള മാറ്റങ്ങൾ ഇതിലുണ്ടാവും. യുവാക്കൾക്കിടയിൽ ആരോഗ്യപരമായ ഗെയിമിങ് അനുഭവം സൃഷ്ടിക്കുന്നതിനുള്ള നിയന്ത്രണങ്ങളും അവതരിപ്പിക്കും.

പ്രാദേശിക താൽപര്യങ്ങൾക്കനുസരിച്ച് ഗെയിമിനെ അവതരിപ്പിക്കുന്നതിനും സേവനങ്ങൾ നൽകുന്നതിനുമായി ഇന്ത്യയിൽ പ്രത്യേക ഓഫീസ് കമ്പനി ആരംഭിക്കും. ഇതിൽ നൂറിലധികം പേർക്ക് തൊഴിൽ നൽകും. ഇതിനായി രാജ്യത്ത് പത്ത് കോടി ഡോളർ നിക്ഷേപിക്കുമെന്ന് ക്രാഫ്റ്റൻ ഐഎൻസി പ്രഖ്യാപിച്ചിട്ടുണ്ട്.

ഉപയോക്താക്കളുടെ സുരക്ഷ, സ്വകാര്യത ഉൾപ്പടെയുള്ളവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പരിശോധനകളും സൗകര്യങ്ങളും പബ്ജി ഒരുക്കും.

പബ്ജി മൊബൈൽ ഇന്ത്യയ്ക്ക് വേണ്ടി ഗെയിം ഇൻഫ്ളുവൻസർമാരെ ഉൾപ്പെടുത്തിയുള്ള ടീസർ വീഡിയോകൾ പബ്ജി കോർപറേഷൻ പങ്കുവെച്ചിട്ടുണ്ട്. പബ്ജി മൊബൈൽ ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം വെബ്സൈറ്റും കമ്പനി തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ഇതിൽ കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. പബ്ജി മൊബൈൽ ഇന്ത്യ ഉടൻ വരുന്നു എന്ന ബാനർ മാത്രമേ അതിലുള്ളൂ.

പബ്ജി മൊബൈൽ ഇന്ത്യ എന്ന് അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. താമസിയാതെ ഇത് പുറത്തിറക്കുമെന്നാണ് പറയുന്നത്. ഇത് സംബന്ധിച്ച് സർക്കാർ തലത്തിൽ അനുമതി നൽകിയതായുള്ള ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Content Highlights: Pubg Corporation, Pubg Mobile India Coming soon