പ്ലെയര്‍ അണ്‍നൗണ്‍ ബാറ്റില്‍ഗ്രൗണ്ട്‌സ് അഥവാ പബ്ജിയുടെ പബ്ജി ലൈറ്റ് ബീറ്റാ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സാധാരണ ലാപ്‌ടോപ്പുകളിലും ഇന്‍സ്റ്റാള്‍ ചെയ്ത് കളിക്കാവുന്ന പബ്ജി പിസി പതിപ്പാണ് പബ്ജി ലൈറ്റ്. പിസി ഗെയിമര്‍മാര്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ടെന്‍സെന്റ് ഗെയിംസിന്റെ ഈ നീക്കം.

പബ്ജി ലൈറ്റ് ബീറ്റാ ടെസ്റ്റിങിന് വേണ്ടിയുള്ള മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞ മാസമാണ് ഇന്ത്യയില്‍ ആരംഭിച്ചത്. ഫ്‌ലെയര്‍ ഗണിന്റെ പ്രവര്‍ത്തനത്തിലുള്ള മാറ്റം, പുതിയ വാഹനങ്ങള്‍ ഉള്‍പ്പടെ നിരവധി മാറ്റങ്ങളുമായാണ് പബ്ജി ലൈറ്റ് എത്തുന്നത്. 

പബ്ജി ലൈറ്റ് ബീറ്റ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ താത്പര്യ പ്പെടുന്നവര്‍ അറിയാനുള്ള വിവരങ്ങളാണ് താഴെ പങ്കുവെക്കുന്നത്. 

പബ്ജി ലൈറ്റ് ബീറ്റ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം? 

പബ്ജി ലൈറ്റിന്റെ വെബ്‌സൈറ്റില്‍ നിന്നും പബ്ജി ലൈറ്റ് ബീറ്റാ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.  വെബ്‌സൈറ്റിലെ ഡൗണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു .exe  ഫയല്‍ ഡൗണ്‍ലോഡ് ആവും. 64.1 എംബിയാണ് ഈ ഫയലിന്റെ വലിപ്പം. പബ്ജി ലോഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനാണ് ഇത്. 

ഇത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഒരു ഗെയിം ഫയല്‍ കൂടി ഡൗണ്‍ലോഡ് ചെയ്യാനുള്ള നിര്‍ദേശം ലഭിക്കും. ഈ ഫയലിന് രണ്ട് ജിബിയില്‍ അധികം വലിപ്പമുണ്ടാവും. ഇതോടൊപ്പം മൈക്രോസോഫ്റ്റ് വിഷ്വല്‍ സി++, ഡോട്ട് നെറ്റ് ഫ്രെയിംസ് വര്‍ക്കിന്റെ അപ്‌ഡേറ്റഡ് പതിപ്പ്, ഡയറക്ട് എക്‌സ് 11 എന്നിവയും ഉണ്ടാവും. 

ഇത് കൂടാതെ, എന്‍വിഡിയ, ഇന്റെല്‍, എഎംഡി ഡ്രൈവറുകളും ഈ പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കളിക്കാര്‍ ഒരു പബ്ജി അക്കൗണ്ട് ഉണ്ടാക്കണം. എന്നാല്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അതേ അക്കൗണ്ട് തന്നെ ഉപയോഗിക്കാം. 

ഗെയിമും അനുബന്ധ ഫയലുകളും ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാം. 

ഇന്ത്യന്‍ കളിക്കാര്‍ക്ക് വേണ്ടി പബ്ജി ലൈറ്റില്‍ ഹിന്ദി ഭാഷകൂടി ചേര്‍ത്തിട്ടുണ്ട്.

ഗെയിം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ബ്ലാക്ക് സ്‌കാര്‍ഫ്, പങ്ക് ഗ്ലാസ്, ബ്ലഡി കോംബാറ്റ് പാന്റ്‌സ് എന്നിവ ബോണസ് ആയി ലഭിക്കും. ഒപ്പം ടൈഗര്‍ എം416 ഗണ്‍, ചീറ്റാ പാരച്യൂട്ട് സ്‌കിന്‍ എന്നിവയും റിവാര്‍ഡ് ആയി ലഭിക്കും. 

പബ്ജി ലൈറ്റിന് കംപ്യൂട്ടര്‍ എങ്ങനെയുള്ളതായിരിക്കണം?

മൊബൈല്‍ പതിപ്പിനെ പോലെ സൗജന്യമായി കളിക്കാനാവുന്ന പബ്ജി പതിപ്പാണ് പബ്ജി ലൈറ്റ്. ആപ്ലിക്കേഷനുള്ളില്‍ മറ്റ് വില്‍പനകള്‍ ഉണ്ടായിരിക്കും. സാങ്കേതിക സംവിധാനങ്ങള്‍ താരതമ്യേന കുറഞ്ഞ സാധാരണ കംപ്യൂട്ടറുകള്‍ക്ക് വേണ്ടിയാണ് പബ്ജി ലൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.

പബ്ജി ലൈറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഏറ്റവും കുറഞ്ഞത് -വിന്‍ഡോസ് 7,8,10 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന 64 ബിറ്റ് കംപ്യൂട്ടറുകള്‍, ഇന്റല്‍ കോര്‍ ഐ3 2.4GHz , 4 ജിബി റാം, ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ് 4000, 4 ജിബി ഡിസ്‌ക് സ്‌പേസ് എന്നിവ വേണം

സുഗമമായി പബ്ജി ലൈറ്റ് കളി ആസ്വദിക്കുന്നതിന് പബ്ജി നിര്‍ദേശിക്കുന്നത് - വിന്‍ഡോസ് 7,8,10 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന 64 ബിറ്റ് കംപ്യൂട്ടറുകള്‍, ഇന്റല്‍ കോര്‍ ഐ3 2.8GHz, 8 ജിബി റാം, എഎംഡി റാഡിയോണ്‍ എച്ച്ഡി 7870 അല്ലെങ്കില്‍ എന്‍വിഡിയ ജിഫോഴ്‌സ് ജിടിഎക്‌സ് 660, 4ജിബി ഡിസ്‌ക് സ്‌പേസ് എന്നിവയാണ്

Content Highlights: pubg lite beta launched in india now everybody can play the game on pc