ഗോള തലത്തില്‍ വലിയ ജനപ്രീതി നേടിയ ഗെയിമുകളിലൊന്നാണ് പബ്ജി. ദക്ഷിണ കൊറിയന്‍ ഗെയിമിങ് കമ്പനിയായ ക്രാഫ്റ്റണ്‍ പുറത്തിക്കിയ ഗെയിമിന് സ്മാര്‍ട്‌ഫോണ്‍, പിസി, കണ്‍സോള്‍ പതിപ്പുകളുണ്ട്. ഇപ്പോഴിതാ പഴയ പബ്ജി ഗെയിമിന്റെ രണ്ടാം പതിപ്പ് വരുന്നു എന്നാണ് കേള്‍ക്കുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ പബ്ജി 2 അവതരിപ്പിക്കുമെന്നാണ് പ്ലെയര്‍ഐജിഎന്‍ എന്നയാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. പബ്ജിയുടെ പിസി, കണ്‍സോള്‍ പതിപ്പുകളാണ് പുറത്തിറങ്ങുക. 

2017-ലാണ് പബ്ജി ആദ്യം പുറത്തിറക്കിയത്. ബാറ്റില്‍ റോയേല്‍ ഗെയിമിങ് വിഭാഗത്തിന് വലിയ സ്വീകാര്യത നേടിക്കൊടുത്ത ഗെയിമാണിത്. ഗെിയിമില്‍ നിരവധി അപ്‌ഡേറ്റുകളും മാറ്റങ്ങളും ഉണ്ടായിരുന്നുവെങ്കിലും അടിസ്ഥാന ഘടനയില്‍ മാറ്റമൊന്നുമുണ്ടായിരുന്നില്ല. 

പ്ലെയര്‍ ഐജിഎന്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് എപിക് ഗെയിംസിന്റെ അണ്‍റിയല്‍ എഞ്ചിന്‍ 2 അടിസ്ഥാനമാക്കിയുള്ള ഒരു അപ്രഖ്യാപിത പദ്ധതിയ്ക്ക് വേണ്ടി ടെക്‌നിക്കല്‍ ആര്‍ട്ട് ഡയറക്ടറേയും ടെക്‌നിക്കല്‍ അനിമേറ്ററേയും നിയമിക്കാനുള്ള ശ്രമത്തിലാണ് ക്രാഫ്റ്റണ്‍ ആംസ്റ്റര്‍ഡാം.

എപ്പിക് ഗെയിം വികസിപ്പിച്ച അഡ്വാന്‍സ്ഡ് ത്രീഡി ക്രിയേഷന്‍ ടൂള്‍ ആണ് അണ്‍ റിയല്‍ എഞ്ചിന്‍. ഗെയിമുകള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയാണിത് ഉപയോഗിക്കുന്നത്. അണ്‍റിയല്‍ എഞ്ചിന്റെ അതിനൂതനമായ അഞ്ചാം പതിപ്പിലേക്ക് പബ്ജിയെ അപ്‌ഗ്രേഡ് ചെയ്യാന്‍ ക്രാഫ്റ്റണ്‍ തീരുമാനിച്ചിട്ടുണ്ട്. 

പുതിയതായി നിയമിക്കുന്നവര്‍ ക്രാഫ്റ്റണ്‍ ഗെയിം ഡയറക്ടറുമായും പ്രൊഡ്യൂസറുമായും ഭാവി ഗെയിമിന് വേണ്ടി കരിച്ച് പ്രവര്‍ത്തിക്കും. എന്തായാലും ഗെയിമിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മറ്റൊരു കാര്യം, പബ്ജി 2 ഗെയിമിനെ കുറിച്ച് ക്രാഫ്റ്റണ്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല. 

പബ്ജിയുടെ മൊബൈല്‍ പതിപ്പിന് ഇന്ത്യയില്‍ ഏറെ ജനപ്രീതിയുണ്ട്. പബ്ജി മൊബൈല്‍ എന്ന പേരില്‍ ആദ്യം പ്രചാരത്തിലുണ്ടായിരുന്ന ഗെയിം പിന്നീട് ഇന്ത്യയില്‍ നിരോധിക്കപ്പെട്ടുവെങ്കിലും 'ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ', പബ്ജി: ന്യൂ സ്റ്റേറ്റ് എന്നീ പതിപ്പുകള്‍ ഇന്ത്യയില്‍ ഇന്ന് പ്രചാരത്തിലുണ്ട്. 

ചൈനീസ് സര്‍ക്കാരുമായുള്ള നയതന്ത്ര തര്‍ക്കങ്ങള്‍ക്കിടെയാണ് ചൈനീസ് ഗെയിമിങ് കമ്പനിയായ ടെന്‍സെന്റ് ഇന്ത്യയില്‍ എത്തിച്ച പബ്ജി മൊബൈലിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ക്രാഫ്റ്റണിന്റെ വ്യണിജ്യ പങ്കാളിയായിരുന്നു ടെന്‍സെന്റ്. നിരോധനത്തിന് പിന്നാലെ പബ്ജിയുടെ ഇന്ത്യയിലെ ചുമതല ടെന്‍സെന്റില്‍നിന്നു ക്രാഫ്റ്റണ്‍ ഏറ്റെടുക്കുകയും ടെന്‍സെന്റുമായുള്ള പങ്കാളിത്തം ഒഴിവാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ ലഭിക്കുന്ന 'ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ', 'പബ്ജി: ന്യൂ സ്റ്റേറ്റ്' എന്നീ ഗെയിമുകള്‍ ക്രാഫ്റ്റണ്‍ നേരിട്ടാണ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. 

Content Highlights: PUBG, PUBG2, Player Unknown Battle Grounds, Pubg Mobile, Pubg: New State, BGMI