കംപ്യൂട്ടറുകളെ വൈറസ് ആക്രമണത്തില്‍ നിന്നും സംരക്ഷിക്കാനുള്ള പ്രധാന ഉപദേശങ്ങളില്‍ ഒന്നാണ് പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാതിരിക്കുക എന്നത്.  പോണ്‍സൈറ്റുകളിലൂടെ മാല്‍വെയറുകളും വൈറസുകളുമെല്ലാം നിങ്ങളുടെ കംപ്യൂട്ടറിലും ഫോണുകളിലും കടന്നുകൂടുമെന്ന ഉപദേശം നിങ്ങളും കേട്ടിട്ടുണ്ടാവും. 

യഥാര്‍ത്ഥത്തില്‍ മാല്‍വെയറുകളും വൈറസുകളും പ്രചരിപ്പിച്ച് പോണ്‍ സൈറ്റുകള്‍ ഉപയോക്താക്കളെ ദ്രോഹിക്കുന്നുണ്ടോ? ഇല്ലെന്നാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പര്‍സ്‌കീയുടെ ഒരു ബ്ലോഗില്‍ പറയുന്നത്. 

പോണ്‍ വെബ്‌സൈറ്റുകളുടെ ഉടമകള്‍ വീഡിയോകള്‍ക്ക് ലഭിക്കുന്ന കാഴ്ചക്കാരിലൂടെയും സൈറ്റിലെ പരസ്യങ്ങളിലൂടേയും  പണം സമ്പാദിക്കുന്നവരാണ്.  വൈറസുകള്‍, ട്രോജനുകള്‍, മാല്‍വെയറുകള്‍ തുടങ്ങിയവ ഉപയോഗിച്ചാല്‍ അത് പണം നല്‍കുന്ന ഉപയോക്താക്കളെ ഉപദ്രവിക്കുന്നതിന് തുല്യമാവും. 

എങ്കിലും പോണ്‍വെബ്‌സൈറ്റുകളുടെ ജനപ്രീതി ചിലര്‍ മുതലെടുക്കുന്നുണ്ട്. വെബ്‌സൈറ്റ് റിസോഴ്‌സുകളോ പരസ്യ പ്ലാറ്റ്‌ഫോമുകളോ ഹാക്ക് ചെയത് ഇത്തരക്കാര്‍ പരസ്യ ബാനറുകള്‍ സന്ദര്‍ശകരെ കാണിക്കുകയും. അതുവഴി പോണ്‍ ആരാധകരെ ഡേറ്റിങ് വെബ്‌സൈറ്റുകലിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു. അത് ചിലപ്പോള്‍ അവരുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നതിന് ഇടയാക്കിയേക്കാം. വിവരങ്ങള്‍ മോഷ്ടിക്കുന്ന വ്യാജ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇത്തരം പരസ്യങ്ങള്‍ പ്രോത്സാഹിപ്പിക്കും. 

അപകടകാരികളായ പോണ്‍ സൈറ്റുകള്‍ ഇല്ല എന്നല്ല

അപകടകാരികളായ പോണ്‍സൈറ്റുകള്‍ ഉണ്ട്. അവ അത്ര പ്രചാരം ഉള്ളവയല്ല. നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്ന 
വീഡിയോ പ്ലെയറുകളും ആപ്ലിക്കേഷനുകളുമുണ്ട്. എന്നാല്‍ അവയൊന്നും ഗൂഗിള്‍ പ്ലേ പോലുള്ള ഔദ്യോഗികമായ ആപ്പ് സ്റ്റോറുകളില്‍ ലഭിക്കില്ല. 

അപകടം പോണ്‍ സൈറ്റുകളില്‍ മാത്രം  കേന്ദ്രീകരിക്കുന്നതല്ല

സൈബര്‍ കുറ്റവാളികള്‍ ഏതൊരു വെബ്‌സൈറ്റിനേയും ഓണ്‍ലൈന്‍ സേവനത്തേയും ഉപയോഗപ്പെടുത്തുന്ന പോലെയാണ് പോണ്‍ വെബ്‌സൈറ്റുകളും ഉപയോഗിക്കുന്നത്. അതായത് പോണ്‍ വെബ്‌സൈറ്റുകള്‍ മാത്രം അപകടകരം എന്ന് പറയാന്‍ കഴിയില്ല.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ പോണ്‍ സൈറ്റുകളില്‍ നിന്നുള്ള ഭീഷണി 25 ശതമാനം മാത്രമാണ്. ബാക്കിയുള്ള 75 ശതമാനം ഭീഷണിയും പോണ്‍ ഉള്ളടക്കങ്ങളുമായി ബന്ധമില്ലാത്ത ഉറവിടങ്ങളിൽ നിന്നുമാണ്. അങ്ങനെ വരുമ്പോള്‍ പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാത്തത് കൊണ്ട് മാത്രം നിങ്ങള്‍ 100 ശതമാനം സുരക്ഷിതരാണ് എന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല.

പോണ്‍ വെബ്‌സൈറ്റുകളില്‍ നിന്നാണ് മാല്‍വെയര്‍ വരുന്നതെന്ന് പറയുന്നത് കെട്ടുകഥയാണ്. എന്നാല്‍ മറ്റേത് വെബ്‌സൈറ്റുകളേയും പോലെ പോണ്‍സൈറ്റുകളിലും വൈറസ് ബാധയുണ്ടായേക്കാം.  സാമാന്യ ബുദ്ധി ഉപയോഗിച്ച് ആ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാവുന്നതാണ്.

ചില സുരക്ഷാ നിര്‍ദേശങ്ങള്‍

  • ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം ഓപ്പറേറ്റിങ് സിസ്റ്റവും ബ്രൗസര്‍ ആപ്പ് അപ്‌ഡേറ്റുകളും ഇന്‍സ്റ്റാള്‍ ചെയ്യുക.
  • സംശയാസ്പദമായ ലിങ്കുകളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യാതിരിക്കുക.
  • ആന്റി വൈറസ് ആപ്പുകള്‍ ഉപയോഗിക്കുക. 

Content Highlights: Malicious websites, Malware, Virus on Porno webites