കാശത്ത് കണ്ട അജ്ഞാത വസ്തുക്കളുടെ വീഡിയോ ദൃശ്യങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് അമേരിക്ക. നേരത്തെ ഒരു സ്വകാര്യ സ്ഥാപനം പുറത്തുവിട്ട ഈ വീഡിയോ ദൃശ്യങ്ങൾ യഥാർഥമാണെന്ന് അമേരിക്കൻ നാവികസേന സ്ഥിരീകരിച്ചിരുന്നു. മൂന്ന് വീഡിയോകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ഇൻഫ്രാറെഡ് ക്യാമറകളിൽ പകർത്തിയ ദൃശ്യങ്ങളിൽ ഈ അജ്ഞാത വസ്തുക്കൾ അതിവേഗം പറന്നു നീങ്ങുന്നതായാണ് കണ്ടെത്തിയത്. വസ്തുക്കൾ കണ്ട് അമ്പരന്ന് ജീവനക്കാർ അത്ഭുതപ്പെടുന്നതിന്റെ ശബ്ദവും പശ്ചാത്തലത്തിൽ കേൾക്കാം. അതിൽ ഇതൊരു ഡ്രോൺ ആയിരിക്കാമെന്ന സൂചനയുമുണ്ട്.

2017 ഡിസംബറിനും 2018 മാർച്ചിനും ഇടയ്ക്കാണ് റ്റു ദി സ്റ്റാർസ് അക്കാദമി ഓഫ് ആർട്സ് ആന്റ് സയൻസസ് എന്ന സ്ഥാപനം ഈ വീഡിയോകൾ ആദ്യമായി പുറത്തുവിട്ടത്. തിരിച്ചറിയപ്പെടാത്ത ആകാശ പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കുന്ന സ്ഥാപനമാണിത്.

ആ അജ്ഞാത വസ്തു തങ്ങൾക്ക് വിവരിക്കാൻ കഴിയാത്തവിധമാണ് സഞ്ചരിച്ചിരുന്നത് എന്നാണ് 2004ൽ ഈ വീഡിയോകളിലൊന്നിൽ പതിഞ്ഞ വസ്തു നേരിട്ട് കണ്ട പൈലറ്റുമാരിൽ ഒരാൾ വർഷങ്ങൾക്ക് ശേഷം 2017 ൽ സിഎൻഎൻ ചാനലിനോട് പ്രതികരിച്ചത്.

'ഞാൻ അത് അടുത്ത് കണ്ടു. അത് അതിവേഗം തെക്കോട്ട് കുതിച്ചു. രണ്ട് സെക്കൻഡിനുള്ളിൽ അത് അപ്രത്യക്ഷമായി.' അമേരിക്കൻ നാവികസേനയിൽ നിന്നും വിരമിച്ച പൈലറ്റ് ഡേവിഡ് ഫ്രേവർ പറയുന്നു.

നേവാഡയിൽ നിന്നുള്ള മുൻ സെനറ്റർ ഹാരി റീഡിന്റെ നിർദേശപ്രകാരം ആകാശത്ത് കണ്ട അജ്ഞാതവസ്തുക്കളുടെ വീഡിയോ ദൃശ്യങ്ങളെക്കുറിച്ച് പെന്റഗൺ അതീവ രഹസ്യമായി പഠനം നടത്തിയിരുന്നു. പിന്നീട് പണം ചെലവാക്കാൻ പ്രാധാന്യമേറിയ മറ്റ് കാര്യങ്ങളുണ്ടായിരുന്നതിനാൽ 2007 ൽ ആരംഭിച്ച ഈ പഠനം 2012 ൽ അവസാനിപ്പിക്കുകയായിരുന്നുവെന്ന് പെന്റഗൺ പറയുന്നു.

എന്നാലും, ഈ രഹസ്യ പഠനപദ്ധതിയുടെ മുൻ മേധാവി ലൂയിസ് എലിസോണ്ടോ 2017 ൽ സിഎൻഎന്നിനോട് പറഞ്ഞത് ''നമ്മൾ തനിച്ചല്ല എന്നതിന് വളരെ ശക്തമായ തെളിവുകൾ ഉണ്ട്'' എന്ന് വ്യക്തിപരമായി വിശ്വസിക്കുന്നു എന്നാണ്.

ഈ അജ്ഞാത വസ്തു ഞങ്ങൾ അതിനെ വിമാനം (Aircraft) എന്ന് തന്നെയാണ് വിളിക്കുന്നത്. അമേരിക്കൻ നിർമിതമായതോ ഇതുവരെ അറിയപ്പെടുന്ന വിദേശ നിർമിതമായതോ ആയ വിമാനങ്ങളുടെ സവിശേഷതകളോട് ഇണങ്ങുന്നതല്ല ഈ വസ്തുക്കളുടെ രൂപം എന്ന് എലിസോണ്ടോ പറഞ്ഞു. ഈ പദ്ധതിയ്ക്ക് പിറകിലെ രഹസ്യാത്മകതയ്ക്കെതിരെയും അതിന് പണമിറക്കുന്നതിലുള്ള ആഭ്യന്തര എതിർപ്പുകൾക്കെതിരെയും പ്രതിഷേധിച്ച് എലിസോണ്ടോ പ്രതിരോധ വകുപ്പിൽ നിന്നും 2017 ൽ രാജിവെക്കുകയായിരുന്നു.

എന്തായാലും ഈ അജ്ഞാത വസ്തുക്കളുടെ രഹസ്യമന്വേഷിക്കാൻ അമേരിക്കയ്ക്ക് താൽപര്യമുണ്ട്. ഈ വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഭാവിയിൽ വന്നേക്കാം.

Content Highlights: Pentagon released UFO videos officially