രാജ്യത്തെ അന്താരാഷ്ട്ര പണമിടപാട് സേവനങ്ങള്‍ മാത്രം നല്‍കി വന്നിരുന്ന മുന്‍നിര ആഗോള ഡിജിറ്റല്‍ പേമന്റെ് സ്ഥാപനമായ പേ പാല്‍ ഇന്ത്യയ്ക്കത്ത് പുതിയ സേവനങ്ങള്‍ അവതരിപ്പിക്കുന്നു. ഇന്ത്യയിലെ  ചില പ്രമുഖ വ്യവസായ സ്ഥാപനങ്ങളിലേക്ക് ഇനിമുതല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പേ പാല്‍ ഉപയോഗിച്ച് പണമിടപാട് സാധ്യമാവും.

പേ പാല്‍ സംവിധാനം ഉപയോഗിക്കുന്ന വ്യാപാരികള്‍ക്ക് ഇനിമുതല്‍ അന്താരാഷ്ട്ര പണമിടപാടുകളും പേ പാല്‍ സേവനം വഴി സാധിക്കും. ഇതുവഴി ആഗോള തലത്തില്‍ പേ പാലിനുള്ള 2.18 കോടി ഉപയോക്താക്കളിലേക്ക് സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ രാജ്യത്തെ കച്ചവടസ്ഥാപനങ്ങള്‍ക്കാവും.

ഡിജിറ്റല്‍ പണമിടപാടുകളോടുള്ള സര്‍ക്കാരിന്റെ അനുകൂല നിലപാട് തങ്ങളുടെ സ്വാധീനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാന്‍ പേപാലിന് സഹായകമായിട്ടുണ്ട്. നിലവില്‍ രാജ്യത്തെ സര്‍ക്കാര്‍/ സ്വകാര്യ ബാങ്കുകളുമായും ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരതാ പദ്ധതി, ഇ ടൂറിസ്റ്റ് വിസ പദ്ധതികളുമായും പേ പാല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

നോട്ട് നിരോധനത്തിന് പിന്നാലെയുണ്ടായ കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ പണമിടപാട് അനുകൂല നിലപാട് നിരവധി വിദേശ കമ്പനികളെയാണ് രാജ്യത്തേക്ക് ആകര്‍ഷിച്ചത്. ഗൂഗിള്‍, വാടസ്ആപ്പ്, ഫെയ്‌സ്ബുക്ക് പോലുള്ള കമ്പനികള്‍ പോലും ഡിജിറ്റല്‍ പേമെന്റ് സേവനങ്ങളുമായി രാജ്യത്തേക്കം രംഗപ്രവേശം ചെയ്തിട്ടുണ്ട്.

Content Highlights: pay pal digital payment services in india