പാഡുകളുടെ നിര്‍മാണത്തിന് കൂടുതല്‍ പ്രാധാന്യവും പ്രാമുഖ്യവും നല്‍കുന്നതിന്റെ ഭാഗമായി ഐപാഡുകള്‍ക്ക് വേണ്ടി പ്രത്യേകം ഐപാഡ് ഓഎസ് ആപ്പിള്‍ അവതരിപ്പിച്ചു. ഇതുവരെ ഐഓഎസ് തന്നെ ആയിരുന്നു ഐപാഡുകളില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഐഓഎസില്‍ അധിഷ്ഠിതമായാണ് ഐപാഡ് ഓഎസ് തയ്യാറാക്കിയിരിക്കുന്നത്. 

മാക് ഓഎസിന്റേയും ഐഓഎസിന്റേയും മധ്യത്തില്‍ നില്‍ക്കുന്ന ഒന്നാണ് ഐപാഡ് ഓഎസ് എന്ന് പറയാം. ഐപാഡില്‍ പ്രത്യേകം ശ്രദ്ധകൊടുത്ത് മുന്നോട്ട് പോവാനാണ് കമ്പനിയുടെ ശ്രമം. ആന്‍ഡ്രോയിഡ് കമ്പനികള്‍ ടാബ് ലെറ്റ് നിര്‍മാണത്തോട് വിമുഖത കാണിക്കുന്ന സമയത്താണ് ആ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ആപ്പിളിന്റെ നീക്കം എന്നതും ശ്രദ്ധേയമാണ്. 

പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ആയി വേര്‍പെടുത്തിയെങ്കിലും നേരത്തെ ഉണ്ടായിരുന്നതില്‍ നിന്നും കാര്യമായ മാറ്റമൊന്നും ഐപാഡ് ഓഎസിലില്ല. എന്നാല്‍ ആപ്പുകളുടെ ഉപയോഗവും, സ്‌ക്രീനിന്റെ പ്രവര്‍ത്തനവുമെല്ലാം ടാബ്‌ലെറ്റുകള്‍ക്ക് വേണ്ടിയുള്ളതാണ്. 

മാക് ഓഎസ് കംപ്യൂട്ടര്‍ ഡെസ്‌ക് ടോപ്പിന് സമാനമാണ് പുതിയ ഐപാഡ് ഓഎസിന്റെ ഹോംസ്‌ക്രീന്‍. സ്ഥിരമായി ഉപയോഗിക്കുന്ന ആപ്പുകള്‍ ഡെസ്‌ക് ടോപ്പില്‍ പിന്‍ ചെയ്തുവെക്കാം. മാക്കിലേത് പോലെ കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകളും എളുപ്പം ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ഫ്‌ളോട്ടിങ് കീബോര്‍ഡും ഇതില്‍ ലഭ്യമാണ്. സ്‌ക്രീന്‍ ടൈം സംവിധാനവും ഐപാഡില്‍ ലഭ്യമാണ്. 

Content Highlights: new operating system for ipad known as ipadOS