ധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ആക്രമണം നടത്തുന്ന പുതിയ മാല്‍വെയറിനെ കണ്ടെത്തി. 'സ്ലിങ് ഷോട്ട് ' എന്ന ഈ മാല്‍വെയര്‍ വൈഫൈ റൂട്ടറുകള്‍ വഴിയാണ് ഉപകരണങ്ങളില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് ഉപകരണത്തിന്റെ പൂര്‍ണ നിയന്ത്രണം മാല്‍വെയര്‍ കയ്യടക്കുന്നു. സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പര്‍സ്‌കൈ ലാബിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2012 ഫെബ്രുവരി മുതല്‍ 2018 ഫെബ്രുവരി വരെയെങ്കിലും ഈ മാല്‍വെയര്‍ ഉപയോഗിച്ചിരുന്നു. 

പ്രത്യേക രീതികളാണ് മാല്‍വെയര്‍ ആക്രമണത്തിനായി ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഉപയോഗിച്ചിരുന്നതെന്ന് ഗവേഷകര്‍ പറയുന്നു. വിവരങ്ങള്‍ മോഷ്ടിക്കുന്നതിനും ഇതിന്റെ ട്രാഫിക്ക് തിരിച്ചറിയാന്‍ പറ്റാത്തവിധം മറച്ചുവെക്കാനും ഇതിന് ഫലപ്രദമായി സാധിച്ചിരുന്നു. 

കമ്പ്യൂട്ടറിലേക്ക് പ്രവേശിക്കുന്ന മാല്‍വെയര്‍ നിരവധി മോഡ്യൂളുകളെ കമ്പ്യൂട്ടറില്‍ നിക്ഷേപിക്കുന്നു. ഇക്കൂട്ടത്തില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കുന്ന Cahnadr, GollumApp മോഡ്യൂളുകളും ഉള്‍പ്പെടുന്നു.

സൈബര്‍ നിരീക്ഷണത്തിനും ചാരവൃത്തിക്കുമാണ് ഈ മാല്‍വെയര്‍ പ്രയോജനപ്പെടുത്തിയിരുന്നതെന്നാണ് കരുതുന്നത്. സ്‌ക്രീന്‍ ഷോട്ടുകള്‍, കീബോഡ് ഡാറ്റ, നെറ്റ് വര്‍ക്ക് ഡാറ്റ, പാസ് വേഡുകള്‍, യുഎസ്ബി കണക്ഷനുകള്‍ തുടങ്ങിയ വിവരങ്ങളായിരിക്കണം മാല്‍വെയര്‍ ലക്ഷ്യമിട്ടിരുന്നതെന്നും കെര്‍ണല്‍ സോഫ്റ്റ്വെയറുകളെ പോലും ആക്രമിക്കാന്‍ ശേഷിയുള്ള ഈ മാല്‍വെയറിന് ആഗ്രഹിക്കുന്ന എന്ത് വിവരങ്ങളും കമ്പ്യൂട്ടറില്‍ നിന്നും മോഷ്ടിക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

കെനിയ, യെമെന്‍, അഫ്ഗാനിസ്ഥാന്‍, ലിബിയ, കോംഗോ, ജോര്‍ദാന്‍, തുര്‍ക്കി, ഇറാഖ്, സുഡാന്‍, സൊമാലിയ, താന്‍സാനിയ എന്നീ രാജ്യങ്ങളിലുള്ള കംപ്യൂട്ടറുകളില്‍ മാല്‍വെയറിന്റെ ഇടപെടല്‍ ഗവേഷകര്‍ കണ്ടെത്തി. എന്തായാലും മാല്‍വെയറിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഗവേഷകര്‍.