ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളെല്ലാം ഉള്‍കൊണ്ടുകൊണ്ടാണ് ഗൂഗിള്‍ തങ്ങളുടെ ഭാവി പരിപാടികളെല്ലാം ആസൂത്രണം ചെയ്യുന്നത്. ഗൂഗിള്‍ I/O 2018 കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട പുതിയ പദ്ധതികളെല്ലാം തന്നെ അത് വ്യക്തമാക്കുന്നതായിരുന്നു. ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈയും അത് വ്യക്തമാക്കുകയുണ്ടായി. വേദിയില്‍ ഏറെ ശ്രദ്ധേയമായത് ഗൂഗിള്‍ അസിസ്റ്റന്റില്‍ അവതരിപ്പിക്കപ്പെട്ട പുതിയ ഫീച്ചറുകളാണ്. യന്ത്രബുദ്ധിയ മനുഷ്യനോളമെത്തിക്കാന്‍ കഴിവുള്ള ഒപ്പം ഗൂഗിള്‍ ഡ്യൂപ്ലെക്‌സ് സാങ്കേതിക വിദ്യയും. ഗൂഗിള്‍ അസിസ്റ്റന്റില്‍ അവതരിപ്പിക്കപ്പെട്ട പുതിയ ഫീച്ചറുകളാണ് താഴെ. 

മനുഷ്യരെ പോലെ ഫോണ്‍ സംഭാഷണങ്ങള്‍ നടത്താന്‍ കഴിവുള്ള ഗൂഗിള്‍ ഡ്യൂപ്ലെക്‌സ്

നിത്യജീവിതത്തിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി സ്വാഭാവികമായ ആശയവിനിമയം സാധ്യമാക്കുന്ന പുതിയ സാങ്കേതിക വിദ്യയാണ് ഡ്യൂപ്ലെക്‌സ്. ഹോട്ടലില്‍ ഇരിപ്പിടം ബുക്ക് ചെയ്യാനും സലോണില്‍ മുടിവെട്ടല്‍ സമയം ബുക്ക് ചെയ്യാനുമെല്ലാം ഡ്യൂപ്ലെക്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഗൂഗിള്‍ അസിസ്റ്റന്റ് എങ്ങനെ ഉപയോഗിക്കാമെന്ന് ഗൂഗിള്‍ I/O 2018 കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ കാണിച്ചു തന്നതാണ്. ഒരു മനുഷ്യനോട് സംസാരിക്കുന്നത് പോലെ ഗൂഗിള്‍ അസിസ്റ്റന്റിനോട് ഫോണ്‍ മുഖേന സംസാരിക്കാന്‍ കഴിയും. സന്ദര്‍ഭത്തിനനുസരിച്ച് മൂളാനും മറുപടി പറയാനും ചിന്തിച്ച് തീരുമാനമെടുക്കാനുമെല്ലാം ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കും.

സന്ദര്‍ഭം മനസിലാക്കാന്‍ സാധിക്കും എന്നുള്ളതാണ് ഗൂഗിള്‍ ഡ്യൂപ്ലെക്‌സിന്റെ പ്രധാന സവിശേഷത. മനുഷ്യരില്‍ നിന്നുള്ള സങ്കീര്‍ണമായ സ്വാഭാവിക പദപ്രയോഗങ്ങള്‍ മനസിലാക്കാനും അതിന് സാധിക്കും. വോയ്‌സ് കമാന്റുകള്‍ക്ക് മറുപടി നല്‍കുന്ന നിലവിലുള്ള സംവിധാനങ്ങളുടെയെല്ലാം പരിമിതികളിലൊന്ന് സംസാര ഭാഷയിലെ സങ്കീര്‍ണമായ പ്രയോഗങ്ങള്‍ മനസിലാക്കാന്‍ കഴിയില്ലെന്നതാണ്. 

'റിക്കറന്റ് ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍' ആണ് ഭാഷാ വെല്ലുവിളികള്‍ മറികടക്കാന്‍ ഡ്യൂപ്ലെക്‌സിനെ സഹായിക്കുന്നത്. മെഷീന്‍ ലേണിങ് ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നതിനായുള്ള ഗൂഗിളിന്റെ ഓപ്പണ്‍സോഴ്‌സ് ലൈബ്രറിയായ ടെന്‍സര്‍ഫ്‌ലോ എക്സ്റ്റന്റഡ് ഉപയോഗിച്ചാണ് കമ്പനി ഇത് നിര്‍മ്മിച്ചെടുത്തത്.

ഡ്യൂപ്ലെക്‌സിനെ കൃത്യതയുള്ളതാക്കിമാറ്റാന്‍ ഫോണ്‍ സംഭാഷണ വിവരങ്ങളെയാണ് ഗൂഗിള്‍ ഉപയോഗിക്കുന്നത്. ഇതിനായി വിദഗ്ദരായ രണ്ട് പരിശീലകരെയും ഗൂഗിള്‍ ഉപയോഗിക്കുന്നു. പരിശീലനം പൂര്‍ത്തിയാവുന്നതോടെ ഈ സംവിധാനത്തിന് സ്വയം ഫോണ്‍കോളുകള്‍ ചെയ്യാന്‍ സാധിക്കുന്നു. ഫോണ്‍ സംഭാഷണത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാലോ, എല്‍പ്പിച്ച പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരുമ്പോഴോ അത് തിരിച്ചറിയാന്‍ ഈ സംവിധാനത്തിന് സാധിക്കുമെന്നും ആവശ്യമെങ്കില്‍ മനുഷ്യ ഓപ്പറേറ്റര്‍മാരെ അക്കാര്യം അറിയിക്കുമെന്നും ഗൂഗിള്‍ പറയുന്നു.

എന്തായാലും ഡ്യൂപ്ലെക്‌സ് പ്രാബല്യത്തില്‍ വരണമെങ്കില്‍ ഏറെ സമയമെടുക്കും. ഡ്യൂപ്ലെക്‌സ് മികച്ച ഒന്നായി മാറിയതിന് ശേഷമേ അത് പുറത്തിറക്കുകയുള്ളൂ എന്ന് സുന്ദര്‍ പിച്ചൈ ഗൂഗിള്‍ വാര്‍ഷിക കോണ്‍ഫറന്‍സില്‍ വ്യക്തമാക്കിയിരുന്നു. ഡ്യൂപ്ലെക്‌സ് സംവിധാനം കൂടിയെത്തുന്നതോടെ ഗൂഗിള്‍ അസിസ്റ്റന്റ് ബഹുദൂരം മുന്നിലെത്തും.

പുതിയ ഭാഷകള്‍, പുതിയ ശബ്ദങ്ങള്‍

ഈ വര്‍ഷം അവസാനത്തോടെ 80 രാജ്യങ്ങളിലായി 30 ല്‍ അധികം ഭാഷകള്‍ ഗൂഗിള്‍ അസിസ്റ്റന്റില്‍ ലഭ്യമാവും. ആറ് പുതിയ ശബ്ദങ്ങളും ഗൂഗിള്‍ അസിസ്റ്റന്റില്‍ ലഭ്യമാവും. ഈ സൗകര്യം അമേരിക്കന്‍ വിപണിയിലാണ് ആദ്യം എത്തുക. ഇതില്‍ ജനപ്രിയ താരങ്ങളുടെ ശബ്ദങ്ങളും ഉണ്ടാവും.

ഗൂഗിള്‍ അസിസ്റ്റന്‍ര് പ്രെറ്റി പ്ലീസ് മോഡ് 

ഗൂഗിള്‍ അസിസ്റ്റന്റുമായി സംസാരിക്കുമ്പോള്‍ ഉണ്ടായിരിക്കേണ്ട സൗമ്യതയും മാന്യതയും ഉറപ്പുവരുത്തുന്നതിനാണ് ഗൂഗിള്‍ അസിസ്റ്റന്റില്‍ പ്രെറ്റി പ്ലീസ് (Pretty Please) മോഡ് അവതരിപ്പിക്കുന്നത്. ഗൂഗിള്‍ അസിസ്റ്റന്റ് പോലുള്ള ഉപകരണങ്ങളോട് സംസാരിക്കുമ്പോള്‍ കുട്ടികള്‍ മാന്യത പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന മാതാപിതാക്കളില്‍ നിന്നും അപേക്ഷയും ഇങ്ങനെയൊരു ശ്രമത്തിന് പിന്നിലുണ്ട്. നിലവില്‍ ഈ ഫീച്ചര്‍ ഗൂഗിള്‍ അസിസ്റ്റന്റില്‍ ലഭ്യമാണ്. 

ദൃശ്യപരവും , സ്വയം പ്രവര്‍ത്തിക്കാനുള്ള കഴിവും

കൂടുതല്‍ മെച്ചപ്പെട്ട കഴിവുകളാണ് ഗൂഗിള്‍ അസിസ്റ്റിന് കൈവരിക. ഗൂഗിള്‍ അസിസ്റ്റന്റില്‍ ശബ്ദവും ദൃശ്യവും സമന്വയിപ്പിക്കാനുള്ള ശ്രമമാണ് ഗൂഗിള്‍ നടത്തി വരുന്നത്. നമ്മളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് ദൃശ്യങ്ങളുടെ പിന്തുണയോടെ മറുപടി തരാനുള്ള കഴിവ് ഗൂഗിള്‍ അസിസ്റ്റന്റിനുണ്ടാവും. ഒരു സ്മാര്‍ട് ഹോം ഉപകരണം നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ കുറിച്ചുള്ള ദൃശ്യങ്ങളും സ്‌കീനില്‍ തെളിയും. ഇതൊടൊപ്പം ഒന്നും ചോദിക്കാതെ ഫോണ്‍ മുകളിലേക്ക് സൈ്വപ്പ് ചെയ്താല്‍. നിങ്ങളുടെ വരും ദിവസങ്ങളിലെ പരിപാടികളും, ജോലികളും, യോഗങ്ങളും ഉള്‍പ്പടെ എല്ലാ വിവരങ്ങളും  കാണിക്കുന്ന പേജ് ദൃശ്യമാവും. ഇതുവഴി ആവശ്യമായ വിവരങ്ങള്‍ പെട്ടെന്ന് അറിയാനും സാധിക്കുന്നു.

ഭക്ഷണം വാങ്ങാം

ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെ ഭക്ഷണം വാങ്ങാനും സാധിക്കും. അമേരിക്കയില്‍ മാത്രമാണ് നിലവില്‍ ഈ സൗകര്യമുള്ളത്. വിവിധ ഭക്ഷണ വിതരണസ്ഥാപനങ്ങളുമായാണ് ഈ സേവനം  നല്‍കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഈ ജോലി കൂടുതല്‍ എളുപ്പമാക്കിത്തരുന്നു ഗൂഗിള്‍. ഒരു ആഹാരം നമ്മള്‍ സ്ഥിരമായി വാങ്ങുന്നുവെങ്കില്‍ ' നിങ്ങള്‍ സാധാരണ വാങ്ങുന്ന ആഹാരം തന്നെ മതിയോ?' എന്ന് അസിസ്റ്റന്റ് ചോദിക്കും അതുപോലെ സ്ഥിരം വിലാസത്തില്‍ തന്നെയാണോ ഭക്ഷണം എത്തിക്കേണ്ടത് എന്നും അസിസ്റ്റന്റ് ചോദിക്കും. നമ്മള്‍ അതെ എന്നോ അല്ല എന്നോ  പറയുക മാത്രം ചെയ്താല്‍ മതി. ബില്‍ പേമെന്റ് അടക്കം ഗൂഗിള്‍ അസിസ്റ്റന്റ് ചെയ്തുകൊള്ളും. നിര്‍ദ്ദേശങ്ങള്‍ക്ക് മറുപടി പറയുന്നതിനൊപ്പം തന്നെ സ്‌ക്രീനില്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

ഗൂഗിള്‍ അസിസ്റ്റന്റും മാപ്പും ബന്ധിപ്പിക്കുന്നു

വാഹനമോടിക്കുന്ന സമയത്ത് ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇടയ്ക്ക് ഒന്ന് പാട്ട് മാറ്റണമെങ്കിലോ ഒരു സന്ദേശം അയക്കണമെങ്കിലോ വാഹനം നിര്‍ത്തി ഗൂഗിള്‍ മാപ്പില്‍ നിന്നും പുറത്ത് പോയി അത് ചെയ്യേണ്ടി വരും. എന്നാല്‍ ഗൂഗിള്‍ അസിസ്റ്റന്റും ഗൂഗിള്‍ മാപ്പും തമ്മില്‍ ബന്ധിപ്പിക്കുന്നതിലൂടെ. ഗൂഗിള്‍ മാപ്പ് നാവിഗേഷന്‍ നിയന്ത്രിക്കാനും, ഒപ്പം പശ്ചാത്തലത്തിലുള്ള പാട്ട് മാറ്റാനും, നമ്മള്‍ യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്തെത്താനുള്ള സമയം എത്രയാവുമെന്ന് മറ്റൊരാള്‍ക്ക് സന്ദേശം അയക്കാനുമെല്ലാം ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെ സാധിക്കും. ഗൂഗിള്‍ മാപ്പ് നാവിഗേഷന്‍ സ്‌ക്രീന്‍ മായാതെ തന്നെ നില്‍ക്കുകയും ചെയ്യും.