ന്യൂഡല്‍ഹി  ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ സംവിധാനമായ ആധാറിനെ പരിഹസിച്ച് ഓണ്‍ലൈന്‍ സ്ട്രീമിങ് സര്‍വീസ് ആയ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ. ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ആധാര്‍ ബന്ധിപ്പിക്കല്‍ പരിപാടിയെ നെറ്റ്ഫ്‌ലിക്‌സ് കളിയാക്കുന്നത്.

നെറ്റ് ഫ്‌ലിക്‌സിലെ ബ്ലാക്ക് മിറര്‍ എന്ന പരിപാടിയുടെ നാലാമത് സീസണിന്റെ 'ഹാങ് ദി ഡിജെ' എപ്പിസോഡിലെ ഒരു രംഗമാണ് നെറ്റ് ഫ്‌ലിക്‌സ് പോസ്റ്റ് ചെയ്തത്. ഇതില്‍ പ്രണയ പങ്കാളിയെ കണ്ടെത്തുന്നതിനുള്ള ഒരു ഉപകരണമുണ്ട്. ഈ ഉപകരണം ഉപയോഗിക്കുന്നതിനിടെ ' മുന്നോട്ട് പോവാന്‍ ആധാറുമായി ബന്ധിപ്പിക്കുക' എന്ന നിര്‍ദ്ദേശം കാണിക്കുന്നതാണ് രംഗം.

ഇതിലെ കഥാപാത്രം ആമിയുമായുള്ള( ഇയാള്‍ ഡേറ്റ് ചെയ്യുന്ന പെണ്‍കുട്ടി) തന്റെ ബന്ധത്തിന്റെ ദൈര്‍ഘ്യം എത്രയെന്ന് ഉപകരണത്തോട് ചോദിക്കുന്നു. അപ്പോഴാണ് കൂടുതല്‍ അറിയണമെങ്കില്‍ ആധാര്‍ ലിങ്ക് ചെയ്യുക എന്ന നിര്‍ദ്ദേശം കാണിക്കുന്നത്. വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ട്വിറ്റര്‍കാരന്മാര്‍ ഏറ്റെടുക്കുകയും ചെയ്തു. 

ഭാവിയില്‍ വരാനിരിക്കുന്ന സാങ്കേതിക വിദ്യകള്‍ എങ്ങിനെ ആയിരിക്കും ജനജീവിതത്തിന്റെ ഭാഗമാവുക എന്നത് ആക്ഷേപ ഹാസ്യ രീതിയില്‍ അവതരിപ്പിക്കുന്ന പരമ്പരയാണ് ബ്ലാക്ക് മിറര്‍. നാലാമത്തെ സീസണാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. ബ്ലാക്ക് മിററിന്റെ ആധാര്‍ പതിപ്പ് വേണമെന്ന് ആവശ്യവും ബ്ലാക്ക് മിറര്‍ ആരാധകരില്‍ നിന്നും ഉയര്‍ന്നിരുന്നു.